| Friday, 14th May 2021, 2:44 pm

71 ദിവസത്തിനിടെ ഗുജറാത്തില്‍ 4200 കൊവിഡ് മരണങ്ങളെ ഉണ്ടായിട്ടുള്ളുവെന്ന് സര്‍ക്കാര്‍; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍; കണക്കുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് മരണ നിരക്കില്‍ കൃത്രിമം നടക്കുന്നതായി ഗുജറാത്തിലെ പ്രാദേശിക പത്രമായ ദിവ്യാ ഭാസ്‌കര്‍. സര്‍ക്കാര്‍ മരണ കണക്കുകള്‍ കുറച്ച് കാണിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തില്‍ 2021 മാര്‍ച്ച് മുതല്‍ മെയ് 10 വരെയുള്ള കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്ക് 4218 ആണ്. എന്നാല്‍ 71 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണ്. ഔദ്യോഗിക കണക്കിനെക്കാള്‍ 65,085 എണ്ണത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം കൊവിഡ് മരണങ്ങള്‍ വരെ ഗുജറാത്തില്‍ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2020 മാര്‍ച്ച് ഒന്നുമുതല്‍ മെയ് പത്തുവരെയുള്ള കാലയളവില്‍ രാജ്‌കോട്ട് നഗരത്തില്‍ 2020 മരണസര്‍ട്ടിഫിക്കറ്റുകളാണ് വാങ്ങിയിരിക്കുന്നത്. 2021 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 10 വരെയുള്ള കാലത്ത് 10,878 സര്‍ട്ടിഫിക്കറ്റുകളാണ് പാസാക്കിയിരിക്കുന്നത്.

എന്നാല്‍ ഈ കാലയളവില്‍ 288 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.

അഹമ്മദാബാദ് നഗരത്തില്‍ 13,593 പേര്‍ക്കാണ് ഈ കാലയളവില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം ഈ കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 2126 പേര്‍ മാത്രമാണ്.

സൂറത്ത് നഗരത്തില്‍ 2,769 കൊവിഡ് സര്‍ട്ടിഫിക്കറ്റുകളാണ് 2020 മാര്‍ച്ച് 1- മെയ് 10വരെയുള്ള കാലത്ത് നല്‍കിയതെങ്കില്‍ 2021ല്‍ ഇതേ കാലത്ത് 8,851 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ കാലത്ത് സൂറത്തില്‍ 1074 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഗുജറാത്തിലെ ജാം നഗറിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 58 കൊവിഡ് മരണങ്ങളാണ് ഉണ്ടായതെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് ജാം നഗര്‍ നഗരത്തില്‍ 9 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

കൊവിഡ് കണക്കുകളിലെ ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കുകളിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ദിവ്യാ ഭാസ്‌കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 26ന് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് ഒരു പരമ്പര ആരംഭിച്ചിരുന്നു. ആ സമയത്ത് 5000ത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് ദിവ്യാ ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: 1.23 lakh death certificates issued in 71 days, Gujarat govt. hiding the originl numbers

We use cookies to give you the best possible experience. Learn more