| Monday, 20th September 2021, 11:29 am

2020ല്‍ ഇന്ത്യയില്‍ 1.20 ലക്ഷം പേര്‍ റോഡ് അപകടത്തില്‍ മരണപ്പെട്ടു; കണക്കുകള്‍ പുറത്ത് വിട്ട് എന്‍.സി.ആര്‍.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റോഡ് അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളുടെയും പരിക്കിന്റെയും കണക്കുകള്‍ പുറത്തുവിട്ട്  ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി).

2020ല്‍ ഇന്ത്യയില്‍ നടന്ന റോഡ് അപകടത്തില്‍ 1.20 ലക്ഷം പേരാണ് മരണപ്പെട്ടത്. ദിവസവും ശരാശരി 327 പേരാണ് അപകടങ്ങള്‍ കാരണം മരണപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡിലെ ശ്രദ്ധക്കുറവ് മൂലം 3.92 ലക്ഷം പേരാണ് മരണപ്പെട്ടത്. 2019ല്‍ 1.36 ലക്ഷം പേരും 2018ല്‍ 1.35 ലക്ഷം പേരുമാണ് മരണപ്പെട്ടത്.

വാഹനം ഇടിച്ചു കടന്ന് കളഞ്ഞതിനെ തുടര്‍ന്ന് 2018 മുതല്‍ 1.35 ലക്ഷം കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. 2019ല്‍ 47,504 കേസുകളും 2018ല്‍ 47,028 കേസുകളുമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശരാശരി ഒരോ ദിവസവും 112 കേസുകളാണ് വാഹനം ഇടിച്ചു കടന്ന് കളഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2020ല്‍ അലക്ഷ്യമായ ഡ്രൈവിങ്ങിനെ തുടര്‍ന്നും ശ്രദ്ധക്കുറവ് കാരണവും 1.30 ലക്ഷം പേര്‍ക്കാണ് പരിക്ക് പറ്റിയത്. 2019ല്‍ 1.60 ലക്ഷം പേര്‍ക്കും 2018ല്‍ 1.66 ലക്ഷം പേര്‍ക്കുമാണ് പരുക്ക് പറ്റിയത്.

2020ല്‍ ഗുരുതരമായ പരിക്ക് പറ്റിയത് 85,920 പേര്‍ക്കാണ്. 2019ല്‍ 1.12 ലക്ഷം പേര്‍ക്കും 2018ല്‍ 1.08 ലക്ഷവും പേര്‍ക്കുമായിരുന്നു റോഡപകടങ്ങളില്‍ ഗുരുതര പരിക്ക് പറ്റിയത്.

ഇന്ത്യയിലെ റെയില്‍ അപകടങ്ങളുടെ കണക്കുകളും എന്‍.സി.ആര്‍.ബി പുറത്തുവിട്ടു. 2020ല്‍ റെയില്‍ അപകടങ്ങള്‍ കാരണം 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2019ല്‍ 55ും 2018ല്‍ 35 പേരുമായിരുന്നു റെയില്‍ അപകടത്തില്‍ മരണപ്പെട്ടത്.

അതേസമയം 2020ല്‍ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 133 പേരാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. 2019ല്‍ 201 പേരും 2018ല്‍ 218 പേരുമാണ് മരണപ്പെട്ടതെന്ന് എന്‍.സി.ആര്‍.ബിയുടെ കണക്കുകളില്‍ പറയുന്നു.

2020 മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊതു ഇടങ്ങളില്‍ ജനങ്ങളുടെ ഇടപെടലുകള്‍ കുറവായിരുവെന്നും എന്‍.സി.ആര്‍.ബി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 1.20 Lakhs people died due to road accidents in India last year

We use cookies to give you the best possible experience. Learn more