ലോറെൻസ് ബിഷ്‌ണോയിയെ കൊല്ലാൻ 1,11,11,111 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് കർണി സേന
national news
ലോറെൻസ് ബിഷ്‌ണോയിയെ കൊല്ലാൻ 1,11,11,111 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് കർണി സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 11:28 am

ന്യൂദൽഹി: ലോറൻസ് ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും ഒരു കോടിയിലധികം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ കർണി സേന. മുംബൈയിൽ എൻ.സി.പി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം അടുത്തിടെ ഏറ്റെടുത്ത് ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറെൻസ് ബിഷ്‌ണോയിയെ കൊലപ്പെടുത്തിയാൽ ഒരു കോടിയിലധികം രൂപ നൽകുമെന്നാണ് ക്ഷത്രിയ കർണി സേനയുടെ വാഗ്ദാനം.

ലോറെൻസ് ബിഷ്‌ണോയിയെ കൊല്ലുന്ന ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും 1,11,11,111 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ക്ഷത്രിയ കർണി സേനയുടെ ദേശീയ പ്രസിഡൻ്റ് രാജ് ശെഖാവത് വീഡിയോ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

2023 ഡിസംബർ അഞ്ചിന് ജയ്പൂരിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ച കർണി സേനയുടെ തലവൻ സുഖ്‌ദേവ് സിങ് ഗോഗമേദി കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ലോറെൻസ് ബിഷ്‌ണോയി സംഘം അദ്ദേഹത്തിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

തങ്ങളുടെ നേതാവിന്റെ കൊലയാളിയെ കൊല്ലണമെന്ന ആഹ്വാനവുമായാണ് ക്ഷത്രിയ കർണി സേനാ മേധാവി സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ലോറെൻസ് ബിഷ്‌ണോയി ഇപ്പോൾ തടവിൽ കഴിയുന്നത്. ഏപ്രിലിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്തിയ കേസിലും ഇയാൾ മുമ്പ് പ്രശസ്തിയാർജ്ജിച്ചിരുന്നെങ്കിലും മുംബൈ പൊലീസിന് ലോറെൻസിനെ കസ്റ്റഡിയിൽ എടുക്കാനായില്ല.

ബിഷ്‌ണോയിയുടെ ശക്തമായ ക്രിമിനൽ സംഘം രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം ആദ്യം ബാബാ സിദ്ദിഖിൻ്റെ കൊലപാതകത്തിൻ്റെയും സൽമാൻ ഖാൻ്റെ വീടിന് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെയും ഉത്തരവാദിത്തം ബിഷ്‌ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ലോറന്‍സ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓഫര്‍ ലഭിച്ചിരുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിഷ്ണോയിക്ക് വാഗ്ദാനം ലഭിച്ചത്.

ഉത്തര്‍ ഭാരതീയ വികാസ് സേന (യു.ബി.വി.എസ്) പാര്‍ട്ടിയാണ് ലോറന്‍സ് ബിഷ്ണോയിക്ക് സീറ്റ് വാഗ്ദാനം നല്‍കിയത്. അജിത് പവാര്‍ പക്ഷം എന്‍.സി.പി മുന്‍ എം.എല്‍.എ ബാല സിദ്ദിഖിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് ബിഷ്ണോയി സംഘം ഏറ്റെടുത്ത സാഹചര്യത്തില്‍ കൂടിയാണ് സീറ്റ് വാഗ്ദാനം.

Content Highlight: ‘ ₹1,11,11,111 to kill Lawrence Bishnoi’: Karni Sena announces reward for gangster’s encounter