ടെല്‍അവീവ്: വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനം ആകാതായതോടെ ഗസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രഈല്‍. ഒന്നര ലക്ഷം ആളുകള്‍ റഫ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം ഭയന്ന് പലായനം ചെയ്തതായി യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലൂ.എ പറഞ്ഞു.
യു.എന്‍.ആര്‍.ഡബ്ലൂ.എ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഒന്നരലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തതായി പറയുന്നത്. ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്രഈല്‍ സേന കരയാക്രമണം തുടങ്ങിയതോടെയാണ് സുരക്ഷിത സ്ഥലം തേടി ഇവര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.
ഭക്ഷണവും വെള്ളവും ലഭിക്കുന്നത് കുറഞ്ഞതോടെയാണ് പലായനത്തിന് ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ മുനമ്പില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കുക മാത്രമാണ് ഏക പരിഹാരമെന്നും യു.എന്‍.ആര്‍.ഡബ്ലൂ കൂട്ടിച്ചേര്‍ത്തു.
റഫ അതിര്‍ത്തി ഇസ്രഈല്‍ സൈന്യം പിടിച്ചെടുത്തതോടെ ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇസ്രഈല്‍ റഫയിലെ വവിധ മേഖലകളില്‍ വ്യോമാക്രമണം നടത്തി.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഫ വിട്ട് പോകണമെന്ന് കാട്ടി ഇസ്രഈല്‍ സൈന്യം തിങ്കളാഴ്ചയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഗസയിലെ വിവിധ പ്രദേശങ്ങളിലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ റഫയിലാണ് അഭയം പ്രാപിച്ചിരുന്നത്.
ഒടുവില്‍ റഫയിലേക്ക് കൂടെ ആക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രഈലിന്റെ തീരുമാനത്തിന് അമേരിക്ക ഉൾപ്പടെ മുന്നറിയിപ്പ് നല്‍കി. റഫയെ ആക്രമിച്ചാല്‍ ഇസ്രഈലിന് ആയുധം നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ഒരാഴ്ചയിലധികമായി ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി അമേരിക്ക നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രതികരണവുമായി നെതന്യാഹുവും രംഗത്തെത്തിയിരുന്നു. ഒറ്റക്ക് നില്‍ക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നാണ് അമേരിക്കയുടെ നടപടിയില്‍ നെതന്യാഹു പ്രതികരിച്ചത്.
Content Highlight: 1,10,000 people have fled Rafah since Israel’s war on Gaza