ഇന്ത്യക്കെതിരെയുള്ളതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്. 76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താകാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാലിപ്പോൾ മോശം ഫോമിനെത്തുടർന്ന് ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട കെ.എൽ.രാഹുലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
ലഖ്നൗ സൂപ്പർ ജയന്റ്സിനായി ഐ.പി. എല്ലിൽ കെ.എൽ.രാഹുൽ കാഴ്ചവെച്ച നേതൃ പാടവത്തെയാണ് ഗംഭീർ പ്രശംസിച്ചത്.
രാഹുലിനെപ്പോലൊരു ക്യാപ്റ്റനെ കിട്ടിയത് സൂപ്പർ ജയന്റ്സിന്റെ ഭാഗ്യമാണെന്നും, രാഹുലിനെപ്പോലെ സ്ഥിരതയുള്ള ഒരു ക്യാപ്റ്റനെ വേണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് ഗൗതം ഗംഭീർ പറഞ്ഞത്.
“കെ.എൽ.രാഹുലിനെപ്പോലൊരു ക്യാപ്റ്റനെ ലഭിച്ചത് ലഖ്നൗവിന്റെ ഭാഗ്യമാണ്. അദ്ദേഹം സ്ഥിരതയുള്ളതും മികവോടെ തീരുമാനമെടുക്കുന്നതുമായ ക്യാപ്റ്റനാണ്. രാഹുലിനെപ്പോലൊരു ഒരു ക്യാപ്റ്റനെ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ലഖ്നൗവിനെപ്പോലൊരു ടീമിന്റെ മുന്നോട്ടു പോക്കിന് രാഹുലിന്റെ സാന്നിധ്യം ടീമിൽ അത്യാവശ്യമാണ്,’ ഗംഭീർ പറഞ്ഞു.
“ക്യാപ്റ്റനാണ് ഒരു ടീമിനെ സുഗമമായി മുന്നോട്ട് നയിക്കുന്ന ചാലകശക്തി. അതിനാൽ തന്നെ ഏത് സമ്മർദ്ദ ഘട്ടത്തിലും ടീമിനെ മികവോടെ നയിക്കുന്ന രാഹുൽ ലഖ്നൗവിനൊരു മുതൽകൂട്ടാണ്,’ ഗംഭീർ കൂട്ടിച്ചേർത്തു.
അതേസമയം നിലവിൽ പുരോഗമിക്കുന്ന ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ നിർണായകമായ നാലാം മത്സരം മാർച്ച് ഒമ്പതിന് ആരംഭിക്കും. മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.
Conent Highlights:I wish I had a captain like k.l rahul; Gautam Gambhir