കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കു നേരെ വരുന്ന ട്രോളുകള്‍ക്കെതിരെയും ട്രോളന്മാര്‍ക്കെതിരെയും വിമര്‍ശനവുമായി എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ ജനങ്ങളെ മണ്ടന്മാരാക്കാനായി ചില മന്ദബുദ്ധികളായ ആളുകളാണ് ട്രോളുകള്‍ പടച്ചുവിടുന്നതെന്ന് കണ്ണന്താനം പറഞ്ഞു.
‘കോടതിയില്‍ കയറി വോട്ട് ചോദിച്ച സംഭവം, മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവം, പ്രളയ ക്യാമ്പില്‍ കിടന്നുറങ്ങിയ സംഭവം, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫി എടുത്ത സംഭവം തുടങ്ങി അടുത്ത കാലത്തായി തനിക്കു നേരെ വന്ന ട്രോളുകളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കണ്ണാന്താനം ഇക്കാര്യം പറഞ്ഞത്. പ്രചരണത്തിനിടെ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
തന്നെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും മറ്റൊന്നും ചെയ്യാനില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും ആരോപിച്ചു.
‘കോടതി തുടങ്ങുന്നത് 11 മണിക്ക് ജഡ്ജി വരുമ്പോള്‍ മാത്രമാണ്. താന്‍ 10.50 ന് കോടതിയില്‍ കയറി 10.55 ന് പുറത്തിറങ്ങി’ ‘കോടതിയില്‍ കയറി വോട്ട് ചോദിച്ച സംഭവത്തെ കുറിച്ച് കണ്ണന്താനം പറഞ്ഞത്.
ദല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി ഇങ്ങേവശം ചാലക്കുടിയാണോ അങ്ങേവശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ചുകാണിക്കു എന്നൊക്കെ പറയുന്നത് എന്തൊരു മന്ദബുദ്ധികളുടെ ചിന്തയാണ് എന്നായിരുന്നു മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ കണ്ണന്താനത്തിന്റെ പ്രതികരണം.
പ്രളയ ക്യാമ്പില്‍ കയറി അവരുടെ കൂടെ ജീവിക്കാനും ഭക്ഷണം കഴിക്കാനും അവരുടെ കൂടെ കിടക്കാനും ധൈര്യമുള്ള ഏക മന്ത്രി താനായിരുന്നു.
‘പട്ടാളക്കാരന്‍ മരിച്ചിടത്ത് താന്‍ പത്ത് മണിക്കൂര്‍ ഉണ്ടായിരുന്നു. താനും കളക്ടറും എസ്.പിയുമെല്ലാമാണ് അവിടെ വന്ന ആയിരക്കണക്കിന് ആളുകളെ നിയന്ത്രിച്ചത്. ആരോ തന്റെ പടമെടുത്ത് കൈ മുറിച്ച് കളഞ്ഞ് സെല്‍ഫി എടുത്തെന്ന് പ്രചാരണം നടത്തി. ടൈം മാസികയുടെ കവറില്‍ വന്ന ലോകത്തിലെ നൂറ് നേതാക്കന്മാരുടെ പട്ടികയില്‍ ഉള്ളയാളാ ഞാന്‍. അപ്പോള്‍ എന്റെ പടം എടുത്തുവെച്ചു എന്നായി.കഠിനാധ്വാനം ചെയ്താണ് ഇവിടെ എത്തിയത്. അതുകൊണ്ട് ഇവര്‍ക്ക് പറ്റിയ ഏറ്റവും എളുപ്പമുള്ള പരിപാടി ഒരു തൂമ്പായും എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളമൊഴിക്കണം. രണ്ട് വാഴ നട്ടാല്‍ ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാം’ കണ്ണന്താനം പറഞ്ഞു.
‘ഈ നാട് ഇടതും വലതും ഭരിച്ച് കൊളമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ പുറത്തേക്ക് പോവുകയാണ്. രാവിലെ ഈ ചെറുപ്പക്കാര്‍ എഴുന്നേറ്റ് വരുന്നത് വലിയ അരിശത്തോട് കൂടിയാണ്. അപ്പോള്‍ ആരെയെങ്കിലും വധിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനാലാണ് ഫെയ്ബുക്കിലൊക്കെ ഈ നുണകളൊക്കെ പറഞ്ഞ് ഇതൊക്കെ ചെയ്യുന്നതെന്നും കണ്ണന്താനം പറഞ്ഞു.