| Saturday, 10th October 2020, 10:52 am

ബീഹാര്‍ തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ മാസ്‌ക് നിര്‍ബന്ധം, കെട്ടിപ്പിടിത്തവും ഹസ്തദാനവും പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറ്റ്‌ന: കൊവിഡ് വ്യാപനത്തിനിടെ ബീഹാറില്‍ ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ്.

പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നവരെല്ലാം മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

കൂടാതെ അടച്ചിട്ട ഹാളുകളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്നും ഇതോടൊപ്പം അണികള്‍ മാസ്‌ക് ധരിച്ച് മാത്രമേ ഹാളുകളില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്നും നിര്‍ദ്ദേശത്തിലുണ്ട്.

തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവരും ആറടി സാമൂഹിക അകലം പാലിക്കണം. വോട്ടര്‍മാരെ കെട്ടിപ്പിടിക്കാനോ, ഹസ്തദാനം നല്‍കാനോ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

തെരഞ്ഞടുപ്പ് പരിപാടികള്‍ നടത്തുന്ന വേദികളില്‍ നാപ്കിനുകള്‍ ലഭ്യമാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പരിപാടിയ്ക്ക് മുമ്പും ശേഷവും വേദിയും പരിസരവും അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാനായി ആകാശവാണി, ദൂരദര്‍ശന്‍ എന്നി സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി ആകാശവാണിയിലും ദൂരദര്‍ശനിലും സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

എല്ലാ പ്രാദേശിക, ദേശീയ പാര്‍ട്ടികള്‍ക്കും പ്രചരണത്തിനായി 90 മിനിറ്റ് സമയമാണ് ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പ്രാദേശിക കേന്ദ്രങ്ങളില്‍ അനുവദിക്കുക.

2015 ലെ തെരഞ്ഞെടുപ്പിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് അധിക സമയം നല്‍കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കുക. 30 മിനിറ്റ് സമയത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയ്ക്കും നല്‍കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mask, Social Distancing Must In Bihar Election

We use cookies to give you the best possible experience. Learn more