ന്യൂയോര്‍ക്ക്: ഇസ്രഈലിനെ ബഹിഷ്‌കരിക്കുന്ന സ്ഥാപനങ്ങളുമായുള്ള ബിസിനസുകള്‍ വിലക്കുന്നതിനായി ബില്‍ അവതരിപ്പിച്ച് യു.എസ് സെനറ്റര്‍മാര്‍. 12 റിപ്പബ്ലിക്കന്‍ യു.എസ് സെനറ്റര്‍മാരാണ് ബില്‍ അവതരിപ്പിച്ചത്.
ന്യൂയോര്‍ക്ക്: ഇസ്രഈലിനെ ബഹിഷ്‌കരിക്കുന്ന സ്ഥാപനങ്ങളുമായുള്ള ബിസിനസുകള്‍ വിലക്കുന്നതിനായി ബില്‍ അവതരിപ്പിച്ച് യു.എസ് സെനറ്റര്‍മാര്‍. 12 റിപ്പബ്ലിക്കന്‍ യു.എസ് സെനറ്റര്‍മാരാണ് ബില്‍ അവതരിപ്പിച്ചത്.
ഇസ്രഈലിനെ ബഹിഷ്‌ക്കരിക്കുന്ന ബിസിനസുകാര്‍ യഹൂദവിരുദ്ധത സാധാരണമാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് ഇവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ബില്ലില്‍ ഇതുവരെ വോട്ടെടുപ്പ് നടന്നിട്ടില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സമാനമായ മറ്റൊരു ബില്‍ സഭ പാസാക്കിയിരുന്നു. യു.എസ് സഖ്യകക്ഷികള്‍ക്കെതിരെ ഏതെങ്കിലും അന്താരാഷ്ട്ര ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ബഹിഷ്‌കരണങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കുന്ന നിയമമാണ് സഭ പാസാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചനത്തിനെതിരായ ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ഫലസ്തീന്‍ നേതൃത്വത്തിലുള്ള ബഹിഷ്‌കരണവും ഉപരോധവും 15 വര്‍ഷമായി നിലവിലുണ്ട്.
ന്യൂസ് വീക്ക് റിപ്പോര്‍ട്ട് പ്രകാരം, ഇരുപത്തിയെട്ട് സംസ്ഥാനങ്ങള്‍ നിലവില്‍ ഇസ്രഈലിനെ ബഹിഷ്‌കരിക്കുന്ന കമ്പനികളുമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഏജന്‍സികളെ വിലക്കുന്നുണ്ട്. അതേസമയം മറ്റ് ആറ് സംസ്ഥാനങ്ങള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളുടെ രൂപത്തില്‍ സമാനമായ ബില്ലുകള്‍ പാസാക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ യു.എസ് കോണ്‍ഗ്രസില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ക്ഷണം ലഭിച്ചതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. നെതന്യാഹുവിന്റെ പ്രസംഗത്തെ അഭിനന്ദിച്ച യു.എസ് കോൺഗ്രസിനെ വിമർശിച്ച് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി രംഗത്തെത്തി.
ഫലസ്തീനികൾ ഇസ്രഈൽ സൈന്യത്താൽ ദിനംപ്രതി കൊല്ലപ്പെടുമ്പോൾ, യു.എസ് സർക്കാരും കോൺഗ്രസും ഇസ്രഈൽ പ്രധാനമന്ത്രിയെ ആഹ്ലാദത്തോടെയും കരഘോഷത്തോടെയും സ്വാഗതം ചെയ്യുകയാണെന്ന് കനാനി വിമർശിച്ചു.
നെതന്യാഹുവിനെ യു.എസ് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതിലൂടെ, സ്വയം നിരപരാധിയും മനുഷ്യസ്‌നേഹിയുമായി ചിത്രീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: US: Republican senators introduce bill banning boycotts of Israel