സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ആ നടന്‍ ചെയ്യേണ്ട വേഷം ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു:  ജയറാം
Entertainment
സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ആ നടന്‍ ചെയ്യേണ്ട വേഷം ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു:  ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2024, 11:10 am

കുടുംബ സിനിമകളിലൂടെയും കോമഡി സിനിമകളിലൂടെയും മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയറാം. പദ്മരാജന്റെ അപരനിലൂടെ സിനിമാലോകത്തേക്ക് വന്ന ജയറാം 34 വര്‍ഷത്തിനുള്ളില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു.


മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഒസ്ലറാണ് ജയറാമിന്റെ പുതിയ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പഴയ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. ‘സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമ ആദ്യം തമിഴില്‍ ചെയ്യാനായിരുന്നു പ്ലാന്‍. എന്റെ റോള്‍ ഞാന്‍ തന്നെയായിരുന്നു, സുരേഷ് ഗോപിയുടെ റോള്‍ പ്രഭുവായിരുന്നു. എന്നാല്‍ ഷൂട്ടിങ് ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയി. അപ്പോള്‍ സിബി മലയിലാണ് പറഞ്ഞത് നമുക്ക് ഇതേ സിനിമ മലയാളത്തില്‍ ചെയ്താലോ എന്ന്. അങ്ങനെ സിയാദ് കോക്കര്‍ പ്രൊഡ്യൂസറായി വന്നു, സുരേഷ് ഗോപിയുടെ വേഷം ഞാനും എന്റെ റോള്‍ ബിജു മേനോനും ചെയ്യട്ടെ എന്ന് സിബി പറഞ്ഞു.


ഞാന്‍ പറഞ്ഞു അത് പറ്റില്ല, രവിശങ്കറിന്റെ റോള്‍ എനിക്ക് തന്നെ വേണം. തട്ടിപ്പും പറ്റിക്കലുമൊക്കെയായി നടക്കുന്ന കഥാപാത്രമായത് കൊണ്ട് മാത്രമല്ല, അഞ്ച് പെണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് കളിക്കുന്ന ഒരു പാട്ടും സിനിമയില്‍ ഉണ്ട്. ആ കാരണം കൊണ്ട് കൂടെയാണ് എനിക്ക് ആ റോള്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചത്. പിന്നീട് ആ പാട്ട് റേഡിയോയില്‍ ആദ്യം വന്നപ്പോള്‍ സിബി എന്നെ അത് കേള്‍പ്പിച്ചു. അപ്പഴേ അറിയാമായിരുന്നു ആ പാട്ട് ഹിറ്റാവുമെന്ന്’  ജയറാം പറഞ്ഞു.


മകള്‍ എന്ന സിനിമക്ക് ശേഷം ജയറാം നായകനാകുന്ന ചിത്രമാണ് അബ്രഹാം ഒസ്ലര്‍. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍. ജനുവരി 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jayaram talks about Summer in Bethlehem movie