ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) എതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. നീറ്റിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്.
മുഖ്യമന്ത്രി എം. കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണ നേടി ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.
രാജ്യമൊന്നാകെ ഏകീകൃത പരീക്ഷ നടക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെട്ടുപോവുന്നു എന്ന് കാട്ടിയാണ് തമിഴ്‌നാട് നീറ്റിനെതിരെ പ്രമേയവുമായി രംഗത്തു വന്നിട്ടുള്ളത്. ഏകീകൃത പരീക്ഷകള്‍ക്ക് പകരം പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കണം മെഡിക്കല്‍ പ്രവേശനം നടത്തേണ്ടതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞദിവസം നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇക്കാരണത്താലാണ് ബില്‍ വേഗത്തിലാക്കാന്‍ തമിഴ്‌നാടിനെ പ്രേരിപ്പിച്ചത്.
അധികാരത്തിലേറിയാല്‍ നീറ്റ് പരീക്ഷ ഒഴിവാക്കുമെന്ന് ഡി.എം.കെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു.
രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
നേരത്തെ നീറ്റ് പരീക്ഷയുടെ അനന്തരഫലത്തെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത് സുപ്രീം കോടതി വിധിയ്‌ക്കെതിരാണെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ബി.ജെ.പി തമിഴ്‌നാട് ജനറല്‍ സെക്രട്ടറി നാഗരാജന്‍ പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍ കുമാര്‍ എന്നിവരുടെ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
ഒരു സംഭവത്തെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത് സുപ്രീം കോടതി വിധിയെ ധിക്കരിക്കുന്നില്ല എന്നുമാണ് കോടതി നിരീക്ഷിച്ചത്. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീറ്റിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Stalin introduces Bill in Tamil Nadu Assembly seeking permanent exemption from NEET