മലപ്പുറം: കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച വിശ്വസാഹിത്യകാരന് ഒ.വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍.
ഇന്ന് രാവിലെയാണ് പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രതിമ മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതരും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
പ്രതിമ പൊളിച്ചുമാറ്റണമെന്ന് മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള നഗരസഭ ആവശ്യപ്പെട്ടിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച സ്മൃതിവനം പാര്‍ക്കിലെ പ്രതിമക്കെതിരായിരുന്നു നഗരസഭ.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ വിജയന്റെ പ്രതിമ “ഖസാക്കിന്റെ ഇതിഹാസം” നോവലിലെ കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മിച്ചത്. ഇത് പൊളിച്ചുനീക്കണമെന്നാണ് ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് പ്രതിമ നീക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയായിരുന്നു. ആര്‍ട്ടിസ്റ്റ് ഇന്ത്യനൂര്‍ ബാലകൃഷ്ണനാണ് ഒ.വി വിജയനും പൂച്ചയും പുസ്തകവും ചേര്‍ത്തുള്ള പ്രതിമ കൊത്തിയത്.[]
ഖസാക്കിന്റെ ഇതിഹാസത്തില്‍ കഥാപാത്രങ്ങളായിവരുന്ന മൂങ്ങയും പാമ്പും പാര്‍ക്കില്‍ കൊത്തിവച്ചിട്ടുണ്ട്. 1.75ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. പാര്‍ക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ാം തിയ്യതി പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു നഗരസഭ എതിര്‍പ്പുമായി രംഗത്തെത്തിയത്.
പ്രതിമ നിര്‍മിക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. പ്രതിമ മാറ്റിയശേഷം പാര്‍ക്ക് ഉദ്ഘാടനം ചെയ്താല്‍ മതിയെന്നാണ് നഗരസഭയുടെ നിലപാട്.
പ്രതിമ മാറ്റിയില്ലെങ്കില്‍ ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നായിരുന്നു നഗരസഭ നിലപാട്.
അതേസമയം സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് പാര്ക്കിന് അനുമതി ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പില്‍ അപേക്ഷ നല്കാന് തീരുമാനിച്ചു.
അതേസമയം, നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ക്കിന്റെ ഉദ്ഘാടകനായ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ ചടങ്ങില്‍ നിന്ന് പിന്മാറിയിരുന്നു.
ഒ.വി. വിജയന്റെ പേരിലുള്ള സംരംഭമായതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റതെന്നും നഗരസഭയുടെ വഴക്കുകളിലേക്ക് വരാന്‍ ഇനി താത്പ്പര്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ പ്രതികരണം. എന്നാല്‍ സ്കൂള്‍വളപ്പില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തണമെങ്കില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിവേണമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിമക്ക് അനുമതി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു നഗരസഭാ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍. നഗരസഭാ പരിധിയില്‍ നടക്കുന്ന എല്ലാ നിര്‍മാണങ്ങള്‍ക്കും അനുമതി ആവശ്യമാണ്. നിലവില്‍ സ്കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ സമര്‍പ്പിച്ചാല്‍ കൗണ്‍സിലിന്റെ പരിഗണനക്ക് വിടുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞിരുന്നു.
സര്‍പ്പങ്ങളും കാവുകളും ആള്‍രൂപങ്ങളും വച്ച് അതിന് കൂമന്‍കാവ് എന്ന് പേരിട്ടാല്‍ അത് കാവായിമാറുമെന്ന തെറ്റിദ്ധാരണയാണ് ശില്പം പൊളിച്ചുനീക്കുന്നതിന് പിന്നിലെന്ന് സ്കൂളിലെ സ്മൃതിവനം രൂപകല്‍പ്പനചെയ്ത ഇന്ത്യനൂര്‍ ബാലകൃഷ്ണന് പറഞ്ഞു.
ഖസാക്ക് എന്താണെന്നും വിജയന് ആരാണെന്നും അറിയാത്ത പുസ്തകം വായിക്കാത്തവരാണ് ഇതിന് പിന്നിലെന്നും ഇത് വിവാദമായ സമയത്ത് ബാലകൃഷ്ണന് പറഞ്ഞിരുന്നു.
പ്രതിമ തകര്‍ത്തതാരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പി. ശ്രീരാമകൃഷ്ണന് എം.എല്‍.എ പറഞ്ഞു. എന്തിന്റെ പേരിലാണ് പ്രതിമയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രതിമ തകര്‍ത്തതിലൂടെ ഒ.വി വിജയന്റെ പാരമ്പര്യം ഇല്ലാതാക്കാന്‍ കഴിയില്ല. ആ പ്രതിമ സ്മൃതിവനത്തില്‍ വീണ്ടും ഉയരും. അതിന് തങ്ങളുടെ എല്ലാവരുടേയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.