അഹമ്മദാബാദ്: ഗുജറാത്തില്‍ “ഹനുമന്ത്” പുരസ്‌കാരം സ്വീകരിക്കാനെത്തിയ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്കെതിരെ പ്രതിഷേധിച്ച പത്തോളം ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംഗീത ലോകത്തിന് നല്‍കിയ സംഭാവനയ്ക്ക് ഗുജറാത്തിലെ ചിത്രകൂട് ധര്‍മ ട്രസ്റ്റായിരുന്നു പുരസ്‌കാരം നല്‍കാനായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. ശിവസേന ബഹളത്തിനിടയിലും അലി പുരസ്‌കാരം ഏറ്റുവാങ്ങി.
ഏപ്രില്‍ 19ന് ഗുലാം അലി ഗുജറാത്തില്‍ എത്തേണ്ടതായിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സന്ദര്‍ശനം നീട്ടിവെക്കുകയായിരുന്നു.
അതേ സമയം ഈ മാസം അവസാനം വാരണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ ഗുലം അലി സംഗീത പരിപാടി നടത്തുന്നുണ്ട്. പ്രധാനമന്ത്രി മോദി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് പുറമെ പാക് ഹൈകമ്മീഷണല്‍ അബ്ദുള്‍ ബാസിതിനേയും ക്ഷേത്ര ഭാരവാഹികള്‍ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ പരിപാടി കുളമാക്കുമെന്ന് ഭീഷണി മുഴക്കി ബി.ജെ.പിയുടെ ഗോരഖ്്പൂര്‍ എം.പി യോഗി ആദിത്യനാഥും ഹിന്ദു യുവ വാഹിനി സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ തകര്‍ക്കണമെന്ന ലക്ഷ്യവുമായി നടക്കുന്ന പാക്കിസ്ഥാനില്‍ നിന്നും ഒരു കലാകാരനെ ഇന്ത്യയില്‍ വിളിച്ചുവരുത്തി പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.