| Friday, 1st January 2021, 7:00 pm

'വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസിലെത്താതെ സേവനം, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ്'; പുതുവര്‍ഷത്തില്‍ പത്തിന പരിപാടിയുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി പത്തിനു മുമ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. ആദ്യ ഘട്ടത്തില്‍ ഇതുസംബന്ധിച്ച അഞ്ച് സേവനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മസ്റ്ററിംഗ്, ജീവന്‍രക്ഷാമരുന്നുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സി.എം.ഡി.ആര്‍.എഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ ആനുകൂല്യങ്ങള്‍. പിന്നീട് എല്ലാ സേവനവും വീട്ടില്‍ത്തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്തവരുടെ വീട്ടിലെത്തി അപേക്ഷ വാങ്ങുമെന്നും തുടര്‍വിവരങ്ങള്‍ അവരെ കൃത്യമായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ വഴി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലമായി ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, കാഴ്ചാപരിമിതിയുള്ളവര്‍ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ സന്നദ്ധ സേവാംഗങ്ങളെ അറിയിക്കും. ഇവരിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ഈ വിവരമെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ജനുവരി 15 ഓടെ ഈ പദ്ധതി തുടങ്ങും. കളക്ടര്‍മാരും തദ്ദേശസ്ഥാപനങ്ങളും ഇത് ഏകോപിപ്പിക്കും. സാമ്പത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്കായി എമിനന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി തുടങ്ങും. സാമ്പത്തികശാസ്ത്രജ്ഞര്‍ അടക്കം ലോകത്തെ മികച്ച അക്കാദമിക് വിദഗ്ധര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ കോളേജുകളിലെ കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കും’, അദ്ദേഹം പറഞ്ഞു.

വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള, ബിരുദപഠനം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.1000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 10 New Year Projects Declaration By CM

We use cookies to give you the best possible experience. Learn more