ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തിനെതിരെ അണിനിരന്നത് 300 മുസ്‌ലിം കുടുംബങ്ങള്‍: വിവാഹവേളയില്‍ വാങ്ങിയ സ്ത്രീധനങ്ങള്‍ തിരിച്ചുനല്‍കി
India
ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തിനെതിരെ അണിനിരന്നത് 300 മുസ്‌ലിം കുടുംബങ്ങള്‍: വിവാഹവേളയില്‍ വാങ്ങിയ സ്ത്രീധനങ്ങള്‍ തിരിച്ചുനല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd March 2017, 9:59 am

പലമു: സ്ത്രീധനത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി വിവാഹവേളയില്‍ വാങ്ങിയ സ്ത്രീധനം തിരിച്ചുനല്‍കി ജാര്‍ഖതണ്ഡിലെ ഒരു ഗ്രാമത്തില്‍ ഒത്തുചേര്‍ന്നത് നൂറിലേറെ മുസ്‌ലിം യുവാക്കള്‍. വിവാഹവേളയില്‍ യുവാക്കള്‍ വാങ്ങിയ തുക ഭാര്യാ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കിയായിരുന്നു ഇവര്‍ സ്ത്രീധനത്തിനെതിരായ പ്രചാരണത്തില്‍ പങ്കുചേര്‍ന്നത്.

തങ്ങളുടെ ആണ്‍മക്കള്‍ വാങ്ങിയ സ്ത്രീധനം തിരികെ നല്‍കാന്‍ സമ്മതിച്ച് മാതാപിതാക്കളും ഐകൃദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ജാര്‍ഖണ്ഡിലെ പലമു മേഖല.

കഴിഞ്ഞ ഏപ്രിലില്‍ ഹാജി മുംതാസ് അലി എന്ന വ്യക്തിയാണ് സ്ത്രീധന നിരോധന പ്രചരണം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഏതാണ്ട് 800ഓളം കുടുംബങ്ങളാണ് സ്ത്രീധനം മടക്കിനല്‍കി ഹാജി അലിയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.

ഇതുവരെ ആറു കോടിയിലധികം രൂപയാണ് ഗ്രാമത്തിലെ വീടുകളിലേയ്ക്ക് മടങ്ങിയെത്തിയത്.

ഹാജി അലിയുടെ പാത പിന്തുടര്‍ന്ന് സമുദായത്തിലെ മുതിര്‍ന്നവര്‍ സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്തുവരികയായിരുന്നു. സ്ത്രീധനം നല്‍കുകയാണെങ്കില്‍ നിക്കാഹില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയുമായി മൗലവിമാരും ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു.