ചണ്ഡിഗഢ്: സ്‌ട്രോംഗ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റുന്ന ഓഫീസര്‍മാരുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ട്വിറ്ററിലൂടെയാണ് കെജരിവാള്‍ വീഡിയോ പുറത്ത് വിട്ടത്.
കെജരിവാളിന്റെ സഹപ്രവര്‍ത്തകനും എ.എ.പിയുടെ പഞ്ചാബിലെ നേതാവുമായ ദുര്‍ഖേഷ് പാഥകും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ഫയലുകളെടുക്കാനായി സ്‌ട്രോംഗ് റൂമിലേക്ക് പ്രവേശിപ്പിച്ച നാല് ഓഫീസര്‍മാര്‍ ഇ.വി.എമ്മുള്ള നാല് ബോക്‌സുകള്‍ എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഫെബ്രുവരി നാലിനായിരുന്നു പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പിന് ശേഷം മാര്‍ച്ച് 11 നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.
സ്‌ട്രോംഗ് റൂമില്‍ നിന്നും മെഷിന്‍ ഉള്ള ബോക്‌സ് എടുത്ത ഓഫീസര്‍ അതുമായി തൊട്ടടുത്തുള്ള ഇരുട്ട് മുറിയിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും തമ്മില്‍ ഒരുമാസത്തോളം നീണ്ട ഇടവേള വരുന്ന സാഹചര്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയണമെന്ന് എ.എ.പി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
This is absolutely shocking. Punjab officials trying to remove EVM machines https://t.co/7qggvhTDd2
— Arvind Kejriwal (@ArvindKejriwal) February 13, 2017