| Friday, 27th November 2015, 12:49 am

സിറിയയില്‍ ഇടപെടണമെന്ന് കാമറൂണ്‍, തിരിച്ചടികള്‍ ക്ഷണിച്ചുവരുത്തലാകുമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സിറിയയിലെ ഇസിസ് തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന യുദ്ധത്തില്‍ ബ്രിട്ടനും പങ്കാളിയാവണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇസിസിനെതിരെ പൊരുതാന്‍ പാരീസ് ആക്രമണം ബ്രിട്ടനെ നിര്‍ബന്ധിക്കുകയാണ്. ഇസിസിനെതിരെയുള്ള മുഖ്യ സഖ്യകക്ഷിയായി ബ്രിട്ടന്‍ മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടം പ്രഞ്ച് പ്രസിഡനന്റ് ഫ്രാങ്കോയിസ് ഹോളണ്ടിയും സിറിയയ്‌ക്കെതിരായ ആക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇവര്‍ നമ്മുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളാണ്. അവര്‍ നമ്മുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു. 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ആക്രമണത്തിനെതിരെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ “ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍? എന്ന് സുഹൃദ് രാജ്യങ്ങള്‍ ചോദിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വയം പ്രതിരോധത്തിനുള്ള അവകാശം എന്ന യു.എന്‍ ചട്ടപ്രകാരം സൈനിക നടപടി നീതിയുക്തമാണെന്ന് അദ്ദേഹം വാദിച്ചു. ഇസിസിനെതിരെയുദ്ധത്തില്‍ ബ്രിട്ടന്‍ പങ്കാളിയാവുന്നതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താനും കാമറൂണിന് താല്‍പര്യമുണ്ട്. വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ മേല്‍പ്പറഞ്ഞ നിലപാട് സ്വീകരിക്കൂവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പ്രതികരണം

പ്രതിപക്ഷ നേതാക്കളില്‍ നിന്നും ആദ്യ പ്രതികരണമെന്നോണം ഉയര്‍ന്നുവന്നത് ഒരു മുന്നറിയിപ്പായിരുന്നു. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ഇടതുപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞത് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടത്തിയ അധിനിവേശങ്ങളുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ സൈനിക നടപടി  “അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍” ക്ഷണിച്ചുവരുത്തുമെന്നാണ്.

വിയോജിപ്പുമായി സ്‌കോട്ടിഷ് ദേശീയ പാര്‍ട്ടിയുടെ നേതാവായ ആന്‍ഗസ് റോബേര്‍ട്ട്‌സണും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രതിനിധികളാരും തന്നെ ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം നിലപാടറിയിച്ചു.

We use cookies to give you the best possible experience. Learn more