വിമോചന കാലത്തെ യുദ്ധക്കൊല: ബംഗ്ലാദേശില്‍ ജമാഅത്തെ നേതാവിന് വധശിക്ഷ
World
വിമോചന കാലത്തെ യുദ്ധക്കൊല: ബംഗ്ലാദേശില്‍ ജമാഅത്തെ നേതാവിന് വധശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2013, 12:45 am

[]ധാക്ക: 1971 ലെ വിമോചന യുദ്ധക്കാലത്തെ കൂട്ടക്കൊലയുടെ പേരില്‍ ബംഗ്ലാദേശിലെ ജമാഅത്തെ നേതാവിന് വധശിക്ഷ. ജമാഅത്തെ സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദീനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാനായി സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണലാണ് 65 കാരനായ അലി അഹ്‌സാനെ വധശിക്ഷയ്ക്ക വിധിച്ചത്. 2001 ലാണ് ട്രൈബ്യൂണല്‍ കോടതി സ്ഥാപിച്ചത്. കഴിഞ്ഞ ജനുവരി മുതലാണ് കോടതി വിവിധ കേസുകളില്‍ വിധി പറഞ്ഞിരുന്നത്.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങി അഞ്ച് കുറ്റങ്ങള്‍ അലി അഹ്‌സന്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. അഞ്ച് കുറ്റങ്ങളില്‍ മൂന്നെണ്ണം വധശിക്ഷ വിധിക്കാന്‍ തക്കതാണെന്ന് ബംഗ്ലാദേശ് ജൂനിയര്‍ അറ്റോര്‍ണി ജനറലും പ്രോസിക്യൂട്ടറുമായ എം.കെ റഹ്മാന്‍ പറഞ്ഞു.

യുദ്ധകാലത്ത് 23 കാരനയായിരുന്ന അലി മുജാഹിദ് ജമാഅത്തെ ഇസ്‌ലാമിയുടെ സായുധ വിഭാഗമായ അല്‍ബദറിന്റെ ഉപനേതാവായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ ഹുസൈന്‍, സംഗീതജ്ഞന്‍ അല്‍താഫ് മഹമൂദ്, വിമോചന സമര സേനാനി റൂമി എ്ന്നിവരെ മുജാഹിദിന്റെ നേതൃത്വത്തിലാണ് കൊ്‌ന്നൊടുക്കിയത്.

പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് 1971 ല്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ വിമോചന യുദ്ധത്തെത്തുടര്‍ന്നാണു പ്രത്യേക രാഷ്ട്രമായത്. അന്ന് പാക്കിസ്ഥാന്റെ പക്ഷത്തായിരുന്ന ജമാഅത്തെ ഇസ്‌ലാമി യുദ്ധത്തില്‍ പങ്കെടുത്തവരെയും യുദ്ധത്തെ അനുകൂലിച്ചവരേയും കൊന്നൊടുക്കിയെന്നാണ് ആരോപണം.

വിമോചന യുദ്ധകാലത്ത് 30 ലക്ഷം പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുകയും ചെയ്‌തെന്നാണ് കണക്കുകള്‍.  മുജാഹിദിനെ വധശിക്ഷയ്ക്ക് വിധിച്ചതില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് ബംഗ്ലാദേശില്‍ നടക്കുന്നത്.

നേരത്തേ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാവ് ഗുലാം അസാം കുറ്റക്കാരനാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. 90 വയസ്സായ ഗുലാമിനെ 90 വര്‍ഷം കഠിന തടവിനായിരുന്നു ശിക്ഷിച്ചത്.