മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറത്തിലാകുമെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് യു.എ.ഇ റിപ്പോര്‍ട്ടര്‍
Daily News
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറത്തിലാകുമെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് യു.എ.ഇ റിപ്പോര്‍ട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th August 2015, 8:24 pm

modi-01ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറത്തിലാക്കുമെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് യു.എ.ഇയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ഇന്ത്യയുടെ 69 ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷമാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.

ഇതോടനുബന്ധിച്ച് ആഗസ്റ്റ് 16, 17 ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ പൂര്‍ണമായും ത്രിവര്‍ണ പതാകയുടെ നിറത്തിലാകുമെന്നായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് ഖലീജ് ടൈംസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത്.

“മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറത്തിലാകുമെന്നാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണമായും തെറ്റാണ്.” എന്നാണ് ബെര്‍ണി ദെബുസ്മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബുര്‍ജ് ഖലീഫ ത്രിവര്‍ണ നിറത്തിനാക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.