നാഗ്പൂര്‍: ട്വന്റി-20 യില്‍ ഇന്ത്യേയോട് തോറ്റതിന് കാരണം മോശം അമ്പയറിംഗാണെന്ന ആരോപണവുമായി ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ രംഗത്ത്. ജോ റൂട്ടിനെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നു എന്നാണ് മോര്‍ഗന്‍ പറഞ്ഞത്.
ഇംഗ്ലണ്ട് വിജയം പ്രതീക്ഷിച്ച നിമിഷത്തിലാണ് അവസാന ഓവറില്‍ റൂട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമാകുന്നത്. വിജയത്തില്‍ നിന്നും വെറും എട്ട് റണ്‍സ് അകലെയായിരുന്നു ഇംഗ്ലണ്ടപ്പോള്‍. റൂട്ടിന്റെ പ്രകടനം ടീമിന് ഏറെ പ്രതീക്ഷയും നല്‍കിയിരുന്നു.
38 റണ്‍സുമായി ബാറ്റിംഗ് തുടരുകയായിരുന്ന റൂട്ടിനെ പുറത്താക്കിയത് ബുംറയായിരുന്നു. എല്‍.ബി.ഡബ്ല്യൂവിലൂടെയാണ് ബുംറ റൂട്ടിന്റെ വിക്കറ്റ് നേടിയത്. എന്നാല്‍ റൂട്ടിന്റെ വിക്കറ്റ് അംഗീകരിച്ച അമ്പയര്‍ ഷംസുദ്ദീന്റെ തീരുമാനം തെറ്റായിരുന്നു എന്നും പന്ത് ബാറ്റില്‍ കൊണ്ടിരുന്നു എന്നുമാണ് മോര്‍ഗന്‍ പറയുന്നത്.
റൂട്ടിന്റെ വിക്കറ്റെടുത്ത ബുംറ അവസാന പന്തിലാണ് ഇന്ത്യയ്ക്ക് വിജയം നേടി കൊടുത്തത്. 5 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റൂട്ടിന് തൊട്ട് പിന്നാലെ ജോസ് ബട്ട്‌ലറും പുറത്തായതാണ് കയ്യിലെത്തിയ വിജയം ഇംഗ്ലണ്ടിന് നഷ്ടമാക്കിയത്.
അടുത്ത മത്സരത്തിന് മുമ്പ് തന്നെ തങ്ങളുടെ പരാതി മാച്ച് റഫറിയെ അറിയിക്കുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. ഇത്തരം സംശയങ്ങള്‍ ഇല്ലാതാക്കാന്‍ ട്വന്റി-20 യിലും ഡി.ആര്‍.എസ് കൊണ്ടു വരണമെന്നും ഇംഗ്ലീഷ് നായകന്‍ അഭിപ്രായപ്പെട്ടു.