| Wednesday, 22nd April 2015, 9:22 pm

ഡൂള്‍ ന്യൂസ് വാര്‍ത്തയ്ക്ക് കല്യാണിന്റെ മറുപടി; ഖേദം പ്രകടിപ്പിക്കുന്നു, വിവാദ പരസ്യം പിന്‍വലിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഡൂള്‍ ന്യൂസ് വാര്‍ത്തയ്ക്ക് കല്യാണ്‍ ജ്വല്ലേര്‍സിന്റെ മറുപടി. വിവാദ പരസ്യം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും പരസ്യം ആരുടെയെങ്കിലും വികാരത്തെ  വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കല്യാണ്‍ അറിയിച്ചു. ഷെയര്‍ ചെയ്യപ്പെട്ട ഡൂള്‍ ന്യൂസ് വാര്‍ത്തയ്ക്ക് താഴെയാണ് കല്യാണ്‍ പോസ്റ്റിട്ടിരിക്കുന്നത്.

“രാജപദവി, അതിരില്ലാത്ത സൗന്ദര്യം, ശോഭ എന്നിവ പ്രദര്‍ശിപ്പിക്കുക എന്നതാണ് ആ പരസ്യത്തിലൂടെ ഉദ്യേശിച്ചിരുന്നത്. മനപ്പൂര്‍വമല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെയോ സംഘടനയുടെയോ വികാരത്തെ പരസ്യം വ്രണപ്പെടുത്തിയെങ്കില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ക്യാമ്പയിനില്‍ നിന്ന് ആ പരസ്യം പിന്‍വലിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.” കല്യാണ്‍ പോസ്റ്റില്‍ പറയുന്നു.

കല്യാണ്‍ വംശീയ വിദ്വേഷം നിറഞ്ഞ പരസ്യം നല്‍കിയ വാര്‍ത്ത ഡൂള്‍ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഐശ്വര്യാറായി ബച്ചനെ മോഡലാക്കിയായിരുന്നു പരസ്യം  ചിത്രീകരിച്ചിരുന്നത്. രാജകൂമാരിയുടെ വേഷപ്പകര്‍ച്ചയിലിരിക്കുന്ന ഐശ്വര്യാ റായി ബച്ചന് കുടചൂടിക്കൊടുക്കുന്ന ദളിത് വംശജനായ കുട്ടിയായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്.  അടിമ സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ ചിത്രം വര്‍ണ്ണവിവേചനത്തെയും വെളുത്തവരുടെ ആധിപത്യത്തെ ഉയര്‍ത്തിക്കാണിക്കുന്നതുമാണ്. ചിത്രത്തില്‍ അഭിനയിച്ച ഐശ്വര്യാ റായിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉല്‍പന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ചതിനും. അതിനു വേണ്ടി ശരീരത്തിന്റെ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഇതിലൂടെ വംശീയത, സവര്‍ണ്ണ മേധാവിത്വം, ബാലവേല, അടിമത്വം എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കാന്‍ പരസ്യം ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഐശ്യര്യയ്ക്ക് തുറന്ന കത്ത് അയക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more