രസകരമായ കാര്യം മേഖലയില്‍ തീവ്രവാദ / ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഏറെക്കുറെ എല്ലാം തന്നെ സൗദി ഇന്‍കുബേറ്ററില്‍ വിരിയിച്ചെടുത്ത തീവ്ര വഹാബിസ്റ്റ്/സലഫിസ്റ്റ് ആശയക്കാരായിരുന്നുവെന്നതാണ്. അല്‍-ഖായിദ, അല്‍ നുസ്‌റ, ഐസിസ് പിന്നെ നൂറായിരം ചെറു സംഘങ്ങള്‍. ഏറെക്കുറെ എല്ലാം ഇറാന്‍ / ശിയാ ഭീതി വിതച്ച് സൗദി ബീജം നല്‍കിയതോ പ്രോത്സാഹിപ്പിച്ചതോ ആയ തീവ്ര വഹാബിസ്റ്റ് സുന്നി സംഘങ്ങളായിരുന്നു.
മുഴുഭ്രാന്തന്‍ ലോക പൊലീസായാല്‍ ലോക്കല്‍ ഭ്രാന്തന്‍മാര്‍ കുട്ടി പൊലീസാവുന്നത് സ്വാഭാവികം. ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളുടെ ചുവട് പിടിച്ച് ഇരുപത്തേഴാം വയസ്സിന്റെ എല്ലാ അപക്വതയും പേറുന്ന ഡെപ്യൂട്ടി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ശിങ്കിടികളും ചേര്‍ന്ന് നടത്തുന്ന പേക്കൂത്തുകളാണ് ഏതാനും മാസങ്ങളായി പശ്ചിമേഷ്യയില്‍ കാണുന്നത്.
ഫെരാറി കാറെന്നപോലെ കയ്യില്‍ കിട്ടിയ രാജ്യമെടുത്ത് അമ്മാനമാടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലെ ഡെപ്യൂട്ടിയും ക്രൗണ്‍പ്രിന്‍സ് പദവിയുമൊക്കെയുള്ളൂ, യഥാര്‍ത്ഥത്തില്‍ ഭരണാധികാരി തന്നെയാണ്. അല്‍ സഊദ് രാജ കുടുംബത്തിലെ ഏറ്റവും പ്രബല ചേരിയായ സുദൈരിയിലെ പ്രമുഖനാണ്, പോരെങ്കില്‍ സല്‍മാന്‍ രാജാവിന്റെ പുന്നാര മോനും.
ക്രൗണ്‍പ്രിന്‍സും സുദൈരിയിലെ മറ്റൊരു താപ്പാനയായിരുന്ന നായിഫിന്റെ മകനുമായ മുഹമ്മദ് ബിനു നായിഫ് ആദ്യമൊക്കെ രാജാവിന് പിന്നില്‍ “ഒന്നാം രണ്ടാമന്‍” ആവാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ് ബിന്‍ സല്‍മാന് മുന്നില്‍ കീഴടങ്ങിയ മട്ടാണ്. പഴയ അബ്ദുള്ള രാജാവിന്റെ ഇഷ്ടന്‍മാരെയും സ്വന്തക്കാരേയുമൊക്കെ പൂര്‍ണമായും ആട്ടിയോടിക്കുക കൂടി ചെയ്തപ്പോള്‍ അധികാരം പൂര്‍ണമായും കയ്യിലായിട്ടുണ്ട്.
മറ്റുരാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനിച്ച രാജാക്കന്‍മാര്‍ക്ക് മാത്രം സ്വപ്നം കാണാന്‍ കഴിഞ്ഞിരുന്ന ഈ സമഗ്രാധികാരത്തിന്റെ ദുരന്ത ഫലമാണ് സൗദിക്കകത്തും പുറത്തുമുള്ള അറബികളും അല്ലാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നനുഭവിക്കുന്നത്.
“ഇപ്പം ശരിയാക്കി തരാം” എന്ന മട്ടില്‍ ഇറങ്ങിയ യമനില്‍ നിന്ന് സമീപ ഭാവിയിലൊന്നും തിരിച്ചു കയറുന്ന ലക്ഷണമേയില്ല. സിറിയയില്‍ എന്താണ് ചെയ്യേണ്ടതെന്നോ ആര്‍ക്കെല്ലാം ആയുധവും കാശും നല്‍കണമെന്നോ ഒരു രൂപവുമില്ലാത്തത് കൊണ്ട് കണ്ണില്‍ കണ്ട എല്ലാവര്‍ക്കും നല്‍കുന്നുണ്ട്.
എണ്ണ സമ്പന്നമായ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ശിയാക്കളെ എത്രയും പെട്ടെന്ന് ഒരു തുറന്ന കലാപത്തിന് തെരുവിലേക്കിറക്കാന്‍ പോന്നതാണ് അവരോടുള്ള സമീപനം. നിംറ് അല്‍ നിംറിനെ പോലുള്ള പണ്ഡിതന്റെ വധം സഊദ് നിലാ വാരത്തില്‍ നിന്നു പോലും പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു.
ബഹ്റൈനിലെ ശിങ്കിടികളുടെ ഭരണം സംരക്ഷിക്കാനും ശിയാക്കളേയും ജനാധിപത്യത്തേയും പടിക്ക് പുറത്ത് നിര്‍ത്താനുമുള്ള ചിലവ് വേറെ. ഈജിപ്ത് ഭരണാധികാരി സിസിയെപ്പോലെ തീറ്റിപ്പോറ്റേണ്ട ഏകാധിപധികളും കാട്ടു കള്ളന്‍മാരുമായ വലിയൊരു പട പിന്നെയുമുണ്ട്.
എണ്ണ വിലയാണെങ്കില്‍ പഴയ പ്രതാപത്തിന്റെ നാലയലത്തൊന്നും എത്താനും പോവുന്നില്ല. കാര്യമായെന്തെങ്കിലും ചെയ്തില്ലെങ്കില്‍ പൂര്‍ണമായും പിടിവിട്ട് പോവുമെന്ന് പലരും ഉപദേശിച്ചെങ്കിലും പണ്ടേ മറ്റാരും പറയുന്നത് കേട്ട് ശീലമില്ലാത്തതുകൊണ്ട് അതൊന്നും ശ്രദ്ധിച്ചിട്ടില്ല. സമ്പദ് വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്നത് തടയാനായി പ്രവാസികളെ കൊള്ളയടിക്കുന്ന പതിവ് പരിപാടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചെയ്ത തോന്ന്യാസങ്ങളുടെ ദുരന്ത ഫലങ്ങള്‍ രാജ്യത്തിന്റെ മാത്രമല്ല മേഖലയുടെ തന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ എല്ലാം ഇറാനെന്ന പ്രഖ്യാപിത ശത്രുവിന്റെ തലയില്‍ കെട്ടി വെക്കാനാണ് ശ്രമം.
തീവ്ര സുന്നി വഹാബിസ്റ്റ് ആശയധാരയെ അടിസ്ഥാനപ്പെടുത്തിയ മത-വംശീയ താല്‍പര്യങ്ങള്‍ സൗദിയും അമേരിക്കയും മാത്രമല്ല ഇസ്രായേലും പങ്കുവെക്കുന്ന ജിയോ പൊളിറ്റിക്കല്‍ താല്‍പര്യങ്ങളുമായി ഒരേപോലെ യോജിച്ചു പോവുന്നതാണ് ബോധപൂര്‍വം പടച്ചുവിടുന്ന ഈ ഇറാന്‍ ഭീതി. ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍, കിഴക്കന്‍ സൗദി, സിറിയ, ലബനാന്‍ വരെ നീണ്ടു നില്‍ക്കുന്ന ശിയാ ബെല്‍റ്റാണ് സൗദിയുടെ പേടി സ്വപ്നം.
എല്ലാവരും ഒരേ പോലെ ഭയക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ പുറത്ത് നിര്‍ത്താനും അധികാരം ജനങ്ങളിലേക്കെത്തുന്നത് തടയാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളുടെ ആധാരശിലയാണ് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഈ ശിയാ- സുന്നി വിഭജനം. സുന്നി ഭൂരിപക്ഷമായ ഈജിപ്തിലും ടുണീഷ്യയിലും മാത്രമല്ല, ശിയാ ഭൂരിപക്ഷമായ ബഹ്‌റൈനിലോ, എന്തിന് സിറിയയില്‍ പോലും തെരുവിലിറങ്ങിയ യുവജനത ഏറ്റുപിടിച്ചത് ശിയാ/സുന്നി മുദ്രാവാക്യങ്ങളായിരുന്നില്ല. സ്വാതന്ത്ര്യവും അന്തസുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
Don”t Miss: സൗദി അറബ് ലോകത്തെ ജനാധിപത്യ ധാരകളെ അപ്രത്യക്ഷമാക്കുന്നതെങ്ങനെ ?
ഈ ജനാധിപത്യ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനുള്ള ഒറ്റമൂലി എന്ന നിലക്ക് ഇറാന്‍ എന്ന “ഭീകര സ്വത്വം” അടിസ്ഥാനപ്പെടുത്തിയുള്ള വമ്പിച്ച പ്രചാരണങ്ങള്‍ക്ക് പശ്ചിമേഷ്യന്‍ ജിയോ പൊളിറ്റിക്സില്‍ വലിയ പ്രാധാന്യമുണ്ട്. അമേരിക്കക്കും ഇസ്രഈലിനും സൗദി ശിങ്കിടികള്‍ക്കും മാത്രമല്ല, ഒരു കാലത്ത് ഇറാനകത്തും പുറത്തുമുള്ള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഇറാനിലെ പൗരോഹിത്യ വര്‍ഗത്തിനും അതേ വര്‍ഗത്തിന്റെ സഹായത്തോടെ അതി ഭീകരമായ ഒരു ഭരണ സംവിധാനം നിലനിര്‍ത്താന്‍ പാടുപെടുന്ന അസദിനുമെല്ലാം സൗകര്യം ഈ ശിയാ-സുന്നി ദ്വന്ദ്വത്തെ അടിസ്ഥാനപ്പെടുത്തിയ പശ്ചിമേഷ്യന്‍ രാഷ്ട്രീയവും നിരന്തര യുദ്ധങ്ങളുമാണ്.
മാറിയ ആഗോള സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ ഉപരോധങ്ങളേയും വംശീയ ദ്വന്ദ്വത്തേയും അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയത്തിന് ഭാവിയില്ലെന്ന തിരിച്ചറിവായിരുന്നു പ്രായോഗികതയുടെ ആശാന്‍മാരായ അമേരിക്കയേയും പാശ്ചാത്യ നാടുകളേയും ഇറാനുമായി സഹകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇതായിരുന്നു ഒബാമ ഭരണകൂടത്തെ ഇറാനുമായി അനുരഞ്ജനത്തിന്റെ പാതയില്‍ എത്തിച്ചത്.
ഈ സഹകരണത്തില്‍ ഇസ്രഈലും സൗദിയുമെല്ലാം ഏറെ അസ്വസ്ഥരായതും കണ്ടതാണ്. ഇന്ന് പക്ഷേ അമേരിക്കയില്‍ സ്ഥിതി മറിച്ചാണ്. പ്രായോഗികതയെക്കാളുപരിയായി ഭ്രാന്തന്‍ ആശയങ്ങളും നയനിലപാടുകളുമായി മുന്നോട്ട് പോവുന്ന ട്രംപും കുറേ “തിന്നുന്ന മന്ത്രിമാരുമാണ്” കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ഇതിനനുസൃതമായുള്ള “ഇറാന്‍ നയം” അണിയറയില്‍ രൂപപ്പെട്ടു വരുന്നുണ്ട്. അമേരിക്കന്‍ /സി.ഐ.എ നിലവാരമനുസരിച്ചുള്ള മനുഷ്യാവകാശ സങ്കല്‍പങ്ങളോടും (?) നടപ്പ് രീതികളോടും പോലും പുറം തിരിഞ്ഞ് നില്‍ക്കുന്ന കുപ്രസിദ്ധ “ഭീകര വിരുദ്ധ സ്പെഷ്യലിസ്റ്റ്” മൈക്കേല്‍ ദാന്ദ്രിയേക്കാണ് പുതിയ ക്വട്ടേഷന്‍. ദാന്ദ്രിയേ ട്രംപിന് പറ്റിയ ആളാണെന്ന് അദ്ദേഹത്തിന്റെ കരിക്കുലംവിറ്റ സാക്ഷ്യപ്പെടുത്തും.
കരിയറിലുടനീളം മോശം പ്രകടനങ്ങളും വിമര്‍ശനങ്ങളുമായിരുന്നു കൂടുതലെങ്കിലും ക്രൂരതയിലും ലക്ഷ്യത്തോടു മാത്രമായുള്ള പ്രതിബദ്ധതയിലും ആരെയും വെല്ലും. ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വിട്ട് ജനങ്ങളെ മുഴുവന്‍ കൊന്നൊടുക്കുമ്പോള്‍ കൂട്ടത്തില്‍ എപ്പോഴെങ്കിലും ഒന്നോ രണ്ടോ തീവ്രവാദികളേയും കിട്ടിയേക്കുമെന്ന ദാന്‍ന്ദ്രേയുടെ ആശയം പാക്-അഫ്ഗാന്‍ മേഖലയെ നരക തുല്യമാക്കി.
കുറഞ്ഞ എണ്ണം തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ദാന്‍ന്ദ്രേയുടെ ഭീകരമായ ഭീകരവിരുദ്ധ നയങ്ങള്‍ക്കായി. അല്‍-ഖായിദ ഇല്ലാതാവുന്ന മുറക്ക് ഐസിസ് ശക്തിപ്പെടുകയും ചെയ്തു.
ദാന്‍ന്ദ്രേയുടെ നിയമനം മാത്രമല്ല, റിയാദ് ഉച്ചകോടിയും ട്രംപിന്റെ പശ്ചിമേഷ്യന്‍ നയത്തെപ്പറ്റി കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്. മേഖലയിലും പരിസരത്തുമുള്ള ഏകാധിപതികളേയും ഭീകര ഭരണകൂടങ്ങളുടെ പ്രതിനിധികളേയും സാക്ഷിയാക്കി ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടാണ് സകല ഭീകരതക്കും കാരണമെന്ന് കയ്യടിച്ച് പ്രഖ്യാപിച്ചപ്പോഴേ കാറ്റിന്റെ ദിശ വ്യക്തമായിരുന്നു.
രസകരമായ കാര്യം മേഖലയില്‍ തീവ്രവാദ / ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഏറെക്കുറെ എല്ലാം തന്നെ സൗദി ഇന്‍കുബേറ്ററില്‍ വിരിയിച്ചെടുത്ത തീവ്ര വഹാബിസ്റ്റ്/സലഫിസ്റ്റ് ആശയക്കാരായിരുന്നുവെന്നതാണ്. അല്‍-ഖായിദ, അല്‍ നുസ്‌റ, ഐസിസ് പിന്നെ നൂറായിരം ചെറു സംഘങ്ങള്‍. ഏറെക്കുറെ എല്ലാം ഇറാന്‍ / ശിയാ ഭീതി വിതച്ച് സൗദി ബീജം നല്‍കിയതോ പ്രോത്സാഹിപ്പിച്ചതോ ആയ തീവ്ര വഹാബിസ്റ്റ് സുന്നി സംഘങ്ങളായിരുന്നു.
അവരുപയോഗിക്കുന്ന ആയുധങ്ങള്‍ പോലും കൂടുതലും ഇതേ റിയാദ് ഉച്ചകോടിയില്‍ ഇരിക്കുന്നവര്‍ നല്‍കിയതായിരിക്കും. സാമ്രാജ്യത്വ- കൊളോണിയല്‍ ശക്തികള്‍ ഇസ്ലാമിക വഹാബി-സലഫിസ്്റ്റ് ആശയധാര പോലെയുള്ള തീവ്ര വലതുപക്ഷ മതവ്യാഖ്യാനങ്ങളെ ചെല്ലും ചെലവും കൊടുത്ത് പ്രോത്സാഹിപ്പിക്കാറുണ്ട്. അതുതന്നെയാണ് അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം. കൂടെ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളെ തുണ്ടം തുണ്ടമാക്കുക എന്ന ലക്ഷ്യവും.
അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കും പാശ്ചാത്യരുടെ ആയുധ വ്യാപാരത്തിനും അനുസൃതമായി രൂപപ്പെടുത്തിയെടുക്കുന്ന പശ്ചിമേഷ്യന്‍ നയങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ വേണ്ടി അല്‍ സഊദ് രാജകുടുംബം മൂശയില്‍ വാര്‍ത്തെടുത്ത തീവ്ര സുന്നീ സങ്കല്‍പങ്ങളുമായി ചേര്‍ന്നാണ് അല്‍-ഖായിദക്കും ഐസിസിനുമെല്ലാം ബീജം നല്‍കിയതെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
ഇതെല്ലാം മറച്ചുവെച്ചാണ് ഇറാനാണ് തീവ്രവാദത്തിന്റെ അച്ചുതണ്ടെന്ന വാദം തട്ടിവിടുന്നത്! തീര്‍ച്ചയായും ഇറാന്, പ്രത്യേകിച്ചും അവിടെയുള്ള പൗരോഹിത്യ നേതൃത്വത്തിന്, അവരുടേതായ വംശീയ താല്‍പര്യങ്ങളുണ്ട്. റൂഹാനിയെ പോലുള്ളവരുടെ പരിഷ്‌കരണ നീക്കങ്ങളെ ഭയപ്പാടോടെ നോക്കിക്കാണുന്ന വിഭാഗം ഇറാന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നുവെന്നതും സത്യം.
പക്ഷേ കുടുംബാധിപത്യത്തിന്റെ ഏറ്റവും അശ്ലീല രൂപമായ സൗദിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഒരു ജനാധിപത്യ സംവിധാനവും ഭേദപ്പെട്ട മാധ്യമ സാന്നിധ്യവും ഉണ്ട്. ജനങ്ങളാണ് ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നത്, ജാതി വാല്‍ പോലെ തൂങ്ങിക്കിടക്കുന്ന “അല്‍-സഊദ്” എന്ന സ്ഥാനപ്പേരല്ല യോഗ്യത. ഈ വ്യത്യാസം പരമപ്രധാനമാണ്.
ആ വ്യത്യാസം കൂടി ഇല്ലാതാക്കാനും സി.ഐ.എ കിതാബുകളില്‍ Regime change എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭരണ അട്ടിമറിക്ക് കളമൊരുക്കാനാണ് തീര്‍ത്തും യോഗ്യനായ ദാന്‍ന്ദ്രേയെ നിയോഗിച്ചത്. ഭരണ അട്ടിമറിയാണ് ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൃത്യമായ സൂചന നല്‍കിക്കഴിഞ്ഞു. ഇസ്രഈല്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.
ഇസ്രഈലുമായുള്ള സൗദി, യു.എ.ഇ ബന്ധങ്ങള്‍ വിക്കിലീക്സ് മുമ്പേ സൂചിപ്പിച്ചതും ഇപ്പോള്‍ പുറത്തായ ഇ മെയില്‍ ലീക്കില്‍ കൂടുതല്‍ വ്യക്തമായതുമാണ്. പുതിയ ശാക്തിക ചേരിക്കായി നിര്‍ണായക ഇടപെടല്‍ നടത്തിയ അമേരിക്കയിലെ യു.എ.ഇ സ്ഥാനപതി യൂസുഫ് അല്‍ ഒതൈബയും സയണിസ്റ്റ് ലോബി ഗ്രൂപ്പായ Foundation for Defense of Democracies (FDD)യും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ലീക്കുകളില്‍ നിന്ന് വ്യക്തമാണ്.
ഈ ശാക്തിക ചേരിയുമായി ഖത്തര്‍ സഹകരിക്കാത്തതാണ് ഇപ്പോള്‍ ഖത്തറിനെതിരെ തിരിയാനുള്ള അടിയന്തര പ്രകോപനമെങ്കിലും കുറേ കാലമായി ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധത്തില്‍ നിന്ന് ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന ഒന്നായിരുന്നു ഇതെന്നായിരിക്കും കൂടുതല്‍ ശരി. മുല്ലപ്പൂ വിപ്ലവമടക്കമുള്ള അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ അല്‍ജസീറ നടത്തിയ നിര്‍ണായകമായ ഇടപെടലുകളും തീര്‍ച്ചയായും സൗദിയെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
അതേസമയം സ്വതവേ സങ്കീര്‍ണമായ മേഖലയിലെ സ്ഥിതി വിശേഷം കൂടുതല്‍ വഷളാവാനും ഇത് വഴിവെച്ചേക്കും. യമനിലും സിറിയയിലും ഖത്തര്‍ സൗദിയോടൊപ്പം അസദ് വിരുദ്ധ റിബല്‍ ഗ്രൂപ്പുകളെ പിന്തുണച്ചിരുന്നു, എല്ലാ നിലക്കും. എന്നാല്‍ ഈയടുത്തായി ഖത്തര്‍ ഈ പിന്തുണയില്‍ കുറവ് വരുത്തിയോ എന്ന് സംശയിക്കാവുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രത്യേകിച്ചും ഖത്തറുമായി ഇക്കാര്യത്തില്‍ ഏറ്റവും അടുത്ത് ബന്ധപ്പെട്ടിരുന്ന തുര്‍ക്കിയുടെ നിലപാടുകളുമായി ചേര്‍ത്ത് വെക്കുമ്പോള്‍.
അലേപ്പോയില്‍ തുര്‍ക്കിയും ഖത്തറും റിബലുകള്‍ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെയാണ് അസദും സര്‍ക്കാര്‍ അനുകൂല സഖ്യങ്ങളും നിര്‍ണായക മുന്നേറ്റം തുടങ്ങിയത്. ഇത് ഫലത്തില്‍ സിറിയയിലെ ഇറാന്‍ ഇടപെടലിന്റെ വിജയമായാണ് മാറുന്നത് എന്നുകൂടി വിലയിരുത്തുമ്പോഴാണ് ഖത്തറിന്റേയും തുര്‍ക്കിയുടേയും നിലപാടിന്റെ പ്രസക്തി മനസ്സിലാക്കാന്‍ സാധിക്കുക.
തുര്‍ക്കിയാണെങ്കില്‍ സിറിയയുടെ വടക്കു ഭാഗത്ത് മാത്രമല്ല പടിഞ്ഞാറ് ഭാഗത്തേക്കുകൂടി വ്യാപിക്കുന്ന കുര്‍ദ് മുന്നേറ്റത്തെ ഏറെ ഭയത്തോടെയാണ് കാണുന്നത്. വരും നാളുകളില്‍ ഈ വിഷയങ്ങളില്‍ തുര്‍ക്കി സ്വീകരിക്കുന്ന നിലപാടുകള്‍ ആയിരിക്കും ഏറ്റവും നിര്‍ണായകം.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ആരെ എപ്പോള്‍ തട്ടണം, കൂടെ കൂട്ടണം എന്നതൊക്കെ തരാതരം പോലെ തീരുമാനിക്കാവുന്നതേയുള്ളൂ. ഏതാനും ബില്യണ്‍ ഡോളറിന്റെ ഖത്തറിന്റെ നിക്ഷേപത്തേക്കാളും ഒരു സൈനികത്താവളത്തേക്കാളും മുന്‍ഗണന എന്തുകൊണ്ടും 100 ബില്യണിലധികം വരുന്ന സൗദിയുമായുള്ള ആയുധ കച്ചവടം തന്നെയായിരിക്കും.
ഇപ്പോള്‍ പിന്തുണക്കുന്ന കുര്‍ദുകളേക്കാള്‍ താല്‍പര്യം ഏറെ തന്ത്രപ്രാധാന്യമുള്ള നാറ്റോ സഖ്യ കക്ഷിയായ തുര്‍ക്കിയോടുമായിരിക്കും. ദുര്‍ബലമാണെങ്കില്‍ക്കൂടി, ഖത്തര്‍ മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമായ വിദേശ നയമായിരുന്നു ഇതുവരെ പിന്തുടര്‍ന്നിരുന്നത്. ഒരേസമയം സൗദി, ഇറാന്‍, തുര്‍ക്കി, അമേരിക്ക, തുടങ്ങി ബ്രദര്‍ ഹുഡുമായി വരെ നല്ലബന്ധം പുലര്‍ത്തിയിരുന്നു. മുര്‍സിയും ബ്രദര്‍ ഹുഡുമായുള്ള അടുത്ത ബന്ധമാണ് സൗദിയെ പ്രകോപിപ്പിച്ച മറ്റൊരു ഘടകം.
സമ്പദ് വ്യവസ്ഥ ഏറെക്കുറെ മുഴുവനായും എണ്ണയെ ആശ്രയിച്ച് നില്‍ക്കുന്ന ഖത്തര്‍ പോലുള്ള ജി.സി.സി രാജ്യങ്ങളെ എണ്ണ കച്ചവടത്തെ ബാധിക്കാത്ത ഉപരോധങ്ങള്‍ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയില്ല, പ്രത്യേകിച്ചും വളരെ ചെറിയ ജനസംഖ്യയും അതിശക്തമായ സാമ്പത്തിക ശേഷിയുമുള്ള കാലത്തോളം.
പക്ഷേ, ഉപരോധവും തുടര്‍ രാഷ്ട്രീയ നടപടികളും വേറെ രൂപം പ്രാപിക്കുന്നുവെന്നതിനനുസരിച്ച് കാര്യങ്ങള്‍ മാറിമറിയാന്‍ സാധ്യതയുണ്ട്. അമേരിക്കയുടെ പിന്തുണയില്ലാതെ അതിനെ എത്രത്തോളം ഫലപ്രദമായി അതിജീവിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. സദ്ദാം ഹുസൈനെ പോലെ നിരവധി നേതാക്കളും രാജ്യങ്ങളും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിര്‍പക്ഷത്തായപ്പോള്‍ ഇല്ലാതായ കാഴ്ച നാം കണ്ടതാണ്.
മേഖലയില്‍ എല്ലാവരും തലങ്ങും വിലങ്ങും പോരടിക്കുമ്പോള്‍ വളരുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയും തകരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടേതുമായിരിക്കും, നഷ്ടപ്പെടുന്ന ജീവനും അവരുടേത് മാത്രമായിരിക്കും. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ശിയാ – സുന്നി ബൈനറിയിലൂടെ മറികടക്കാന്‍ നോക്കുന്നതും ഈ നഗ്ന യാഥാര്‍ത്ഥ്യത്തെയാണ്.
അറബ് വസന്തത്തിന്റെ തുടര്‍ച്ച മാത്രമാണ് ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിനുള്ള പരിഹാരം, അതെത്ര വിദൂരമാണെങ്കിലും.