പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ സുമിത്തിനാണ് (17) മര്‍ദനമേറ്റത്. തുടര്‍ന്ന് സുമിത്തിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊടുങ്ങല്ലൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദി നടത്തിയ ശില്‍പ്പശാലയ്ക്കിടെയാണ് സംഭവമുണ്ടായത്. എടവിലങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ശില്‍പ്പശാലയില്‍ ആര്‍ട്ടിസ്റ്റ് വത്സന്‍ അക്കാദമിയിലെ 15 വിദ്യാര്‍ഥികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ കൊടുങ്ങല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ജിത വരച്ച ചെഗുവേരയുടെ ചിത്രവും ഉണ്ടായിരുന്നു.
പ്രദര്‍ശനത്തിനെത്തിയ ഒരുസംഘം ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെഗുവേരക്ക് പകരം മോഡിയോ, താമരയോ വരച്ചാല്‍ മതിയായിരുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്തു. സംഘത്തിലെ ചിലര്‍ ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പ്രദര്‍ശനത്തില്‍ നിന്നും സംഘാടകര്‍ ചെഗുവേരയുടെ ചിത്രം മാറ്റി.
പരിപാടിയുടെ രണ്ടാം ദിവസം അഞ്ജിതയും സുമിത്തും മറ്റൊരു വിദ്യാര്‍ഥിയും കൂടി പുറത്തേക്ക് പോകുമ്പോള്‍ തലേദിവസം ചെഗുവേരയുടെ ചിത്രത്തെച്ചൊല്ലി പ്രശ്‌നമുണ്ടാക്കിയ ചിലര്‍ ഗേറ്റിനു സമീപത്തുണ്ടായിരുന്നു. ഇവര്‍ അഞ്ജിതയെ ആക്ഷേപിച്ചു. കൂടെയുണ്ടായിരുന്ന സുമിത്ത് ഇത് വിലക്കി.
തുടര്‍ന്ന് ഇവര്‍ സുമിത്തിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ബഹളംകേട്ട് അധ്യാപകര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് സ്‌കൂള്‍ അധികൃതര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.