ന്യൂദല്‍ഹി: കണ്ണൂര്‍ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കില്ല. അപകടത്തെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ഐ.ഒ.സി നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.
ചാല ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ഐ.ഒ.സിയുടെ മറുപടി.[]
അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത് ഐ.ഒ.സി പ്ലാന്റില്‍ നിന്നുള്ള പാചകവാതകമാണെന്ന്ത് ഒഴിച്ചാല്‍ മറ്റു ബാധ്യതകളൊന്നും ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ തയാറല്ല.
2005 മുതല്‍ നടന്ന ടാങ്കര്‍ ദുരന്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വിശദാംശങ്ങള്‍ ലഭ്യമല്ല എന്നാണ് ഐ.ഒ.സിയുടെ മറുപടി. ഇതില്‍ നിന്നു തന്നെ ഐ.ഒ.സിയുടെ അനാസ്ഥ വ്യക്തമാണ്.
അപകടത്തില്‍ മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലും കോര്‍പറേഷന്‍ ശേഖരിച്ചിട്ടില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പൊലീസുള്‍പ്പെടെ മറ്റ് ഏതെങ്കിലും ഏജന്‍സികള്‍ ദുരന്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തെ കുറിച്ചും കോര്‍പറേഷനു വിവരങ്ങളില്ല. ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നും കോര്‍പറേഷന്‍ പരിശോധിച്ചിട്ടില്ല.
ദുരന്തത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഐ.ഒ.സി വ്യക്തമാക്കുന്നു. തിരുവോണ തലേന്ന് ഉണ്ടായ ദുരന്തത്തില്‍ 20 പേരായിരുന്നു മരിച്ചത്.
കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ 19 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.
കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച ആഗസ്റ്റ് 27ന് രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.