| Tuesday, 21st June 2016, 10:47 am

കേളി ഇടപെടല്‍ :യു.പി സ്വദേശിക്ക് ആടുജീവിതത്തില്‍ നിന്ന് മോചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: നാലു വര്‍ഷത്തിലേറെയായി മരുഭൂമിയില്‍ ആടിനെ മേയ്ച്ച് തികച്ചും ആടുജീവിതം നയിക്കേണ്ടിവന്ന യു.പി സ്വദേശി റിസ്‌വാന്‍ അഹമ്മദിന് കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ വഴിയൊരുങ്ങുന്നു.

നാലു വര്‍ഷം മുന്‍പാണ് യു.പി ലക്‌നൗ അസംഗഡ് സ്വദേശി റിസ്‌വാന്‍ അഹമ്മദ് ജോലിക്കായി കുവൈറ്റ് വിസയില്‍ കുവൈറ്റില്‍ എത്തിയത്.  എന്നാല്‍ ഏറെ താമസിയാതെ അവിടെനിന്നും സ്‌പോണ്‍സര്‍ റിസ്‌വാനെ അനധികൃതമായി സൗദിയിലെ ഹാഫര്‍ അല്‍ ബാതേനില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ഹാഫര്‍ അല്‍ ബാതേനിന് അടുത്തുള്ള  മരുഭൂമിയില്‍ ആടിനെ മേയ്ക്കുന്ന ജോലി ചെയ്തുവരികയായിരുന്നു റിസ്‌വാന്‍.  ഈ കാലയളവിലൊന്നും റിസ്‌വാന് ശമ്പളം ലഭിച്ചിരുന്നില്ല. മാത്രമല്ല സ്‌പോണ്‍സറുമായോ പുറം ലോകവുമായോ നാട്ടിലുള്ള കുടുംബവുമായോ പോലും ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും ആടുകള്‍ക്കായുള്ള പുല്ലും വെള്ളവും എത്തിക്കുന്ന കൂട്ടത്തില്‍ ലഭിക്കുന്ന കുബ്ബൂസും വെള്ളവും മാത്രമായിരുന്നു ആഹാരം.

യു.പി സ്വദേശി അംജദ് എന്നൊരാള്‍ അറിയിച്ചതിനെതുടര്‍ന്ന് റിയാദില്‍ നസ്സീമിലുള്ള ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് റിസ്‌വാന്‍ അഹമ്മദനെക്കുറിച്ചുള്ള വിവരം കേളി ജീവകാരുണ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍ എംബസിയുമായി ബന്ധപ്പെടുകയും നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍  എംബസ്സി മുഖേന കുവൈറ്റ്  ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് റിസ്‌വാന്‍ അഹമ്മദിന്റെ വിവരങ്ങള്‍ ശേഖരിച്ചു.  നിലവില്‍ കുവൈറ്റില്‍ നിന്ന് റിസ്‌വാന്‍ അഹമ്മദ് എക്‌സിറ്റില്‍  പോയിരിക്കുന്നതായാണ് എംബസ്സിയിലെ രേഖകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ഹാഫര്‍ ബതേനില്‍ നിന്ന് വളരെ അകലെയുള്ള ഒരു മരുഭൂമിയില്‍ റിസ്‌വാന്‍ അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ശാരീരികവും മാനസികമായി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു റിസ്‌വാന്‍ അഹമ്മദ്. തുടര്‍ന്ന് റിയാദിലെത്തിച്ച് എംബസ്സിയില്‍ നിന്ന് താല്‍കാലിക രേഖകള്‍ ശരിയാക്കി ഒരു സ്വകാര്യ ക്ലിനിക്കില്‍ ആവശ്യമായ ചികിത്സ നല്‍കി. ആഹാരവും ചികിത്സയും ലഭിച്ചതിനെ തുടര്‍ന്ന് റിസ്‌വാന് ക്രമേണ ആരോഗ്യം വീണ്ടെടുക്കാനായിട്ടുണ്ട്. നാലു വര്‍ഷത്തിലേറെയായി അക്ഷരാര്‍ത്ഥത്തില്‍ ആടുജീവിതം നയിക്കേണ്ടിവന്ന റിസ്‌വാന്‍ അഹമ്മദിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എംബസ്സിയുടെ സഹായത്തോടെ  നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more