കര്‍ണാടക: 52 വിമത എം എല്‍ എമാര്‍ രാജിക്കത്ത് നല്‍കി
India
കര്‍ണാടക: 52 വിമത എം എല്‍ എമാര്‍ രാജിക്കത്ത് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2009, 11:43 am

ബംഗലൂരു: കര്‍ണാടകയില്‍ ബി ജെ പിയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സൂചന നല്‍കി 52 വിമത എം എല്‍ എമാര്‍ രാജിക്കത്ത് നല്‍കി. വിമത നേതാവും മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡിക്കാണ് രാജിക്കത്ത് നല്‍കിയത്. യദിയൂരപ്പയെ മാറ്റാനാവില്ലെന്ന് ബി ജെ പി കേന്ദ്രനേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കിയപ്പോയാണ് വിമത പക്ഷത്തുനിന്ന് പുതിയ സമ്മര്‍ദ്ദ തന്ത്രം. രാജിക്കത്ത് ജനാര്‍ദ്ദന റെഡ്ഡി സുഷമ സ്വരാജിന് കൈമാറി.

വിമത എം എല്‍ എമാരെ റെഡ്ഡി സഹോദരന്മാര്‍ ഉത്തര്‍പ്രദേശിലേക്ക് കടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദീയൂരപ്പ പറഞ്ഞു. മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റംവരുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ട ആവശ്യമില്ലെന്നും ബി എസ് യെദീയൂരപ്പ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാറിയതുകൊണ്ട് തിരുന്നതല്ല പ്രശ്‌നങ്ങളെന്ന് റെഡ്ഡി പറഞ്ഞു. ജനാര്‍ദ്ദന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് വിമത എം എല്‍ എ ബി പി. ഹരീഷ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ മാറ്റുന്ന പ്രശ്‌നം ചര്‍ച്ചയ്ക്കില്ലെന്ന് നേരെത്തെ ബി ജെ പി ദേശീയ നേതാവ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.