എം.ആര്‍ മുരളിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി
Kerala
എം.ആര്‍ മുരളിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2013, 5:06 pm

പാലക്കാട്:  ഷോര്‍ണൂര്‍ നഗരസഭാ ചെയര്‍മാനും ജനകീയ വികസനസമിതി നേതാവുമായ എം.ആര്‍ മുരളിയെ പിന്തുണച്ച് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി. മുരളി തിരിച്ചുവന്നാല്‍ രണ്ട് കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞു.[]

മുരളിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നും സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം മുരളി ഇതുവരെ പറഞ്ഞിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ഷൊര്‍ണൂര്‍ നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എം വിമത പക്ഷമായ ജനകീയ വികസന സമിതിയും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണ പൊളിഞ്ഞതോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന് ജനകീയ വികസന സമിതി തീരുമാനിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും വികസനസമിതിയും തമ്മില്‍ കൂടുതല്‍ ഇടയുകയും മുരളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു യു.ഡി.എഫും സി.പി.എം വിമതരായ ജനകീയ വികസന സമിതിയും തമ്മില്‍ ഷൊര്‍ണൂര്‍ നഗരസഭാ ഭരണം സംബന്ധിച്ച ധാരണയിലെത്തിയത്.

കോണ്‍ഗ്രസുമായി അകന്ന സാഹചര്യത്തില്‍ സി.പി.ഐ.എമ്മിലേക്ക് മടങ്ങിപ്പോവില്ലെന്നും മുരളി വ്യക്തമാക്കിയിരുന്നു.