ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 572 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി224 റണ്‍സെടുത്തു. ഭൂവനേശ്വര്‍ കുമാര്‍ 38 റണ്‍സെടുത്തു. ഇതോടെ ഇന്ത്യ 192 റണ്‍സിന്റെ ലീഡ് നേടി.
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി പുന:രാരംഭിച്ച ഇന്ത്യ 57 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ജയിംസ് പാറ്റിന്‍സണ്‍ അഞ്ചും നതാന്‍ ലിയോണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ ശേഷമായിരുന്നു ധോണിയുടെ മടക്കം. സച്ചിന്‍ തെന്‍ഡുക്കര്‍ സ്ഥാപിച്ച 217 റണ്‍സ് എന്ന റെക്കോര്‍ഡാണ് ധോണി മറികടന്നത്.
ഒന്‍പതാം വിക്കറ്റില്‍ ധോണിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 31 ഓവറില്‍ 4.49 ശരാശരിയില്‍ 140 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന വിക്കറ്റില്‍ ഭുവനേശ്വറും ഇശാന്ത് ശര്‍മയും ചേര്‍ന്ന് 26 റണ്‍സെടുത്തു.
38 റണ്‍സെടുത്ത് ഭുവനേശ്വറാണ് അവസാനം പുറത്താകുന്നത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 380 റണ്‍സാണ് എടുത്തത്.