| Saturday, 15th March 2014, 12:30 am

ഇന്ത്യാവിഷനിലെ ജീവനക്കാരുടെ ശമ്പളവും ആനൂകൂല്യങ്ങളും യഥാസമയം നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: ഇന്ത്യാവിഷന്‍ ചാനലിലെ പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാര്‍ക്ക് അനിശ്ചിതത്വം അവസാനിപ്പിച്ച് യഥാസമയം ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രേമനാഥും ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭനും ആവശ്യപ്പെട്ടു.

മാസങ്ങളായി ഇന്ത്യാവിഷനിലെ ജീവനക്കാരുടെ ശമ്പളം ക്രമപ്രകാരമല്ലെന്നും ഇതുമൂലം ജീവനക്കാര്‍ ഏറെ കഷ്ടപ്പെടുകയാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരുടെ ആത്മസമര്‍പ്പണം കൊണ്ടുമാത്രം നിലനിന്നുപോകുന്ന സ്ഥാപനമാണ് ഇന്ത്യാവിഷന്‍. എന്നാല്‍ ഈ സമര്‍പ്പണത്തിന്റെ കേവല പ്രതിഫലം പോലും അവര്‍ക്ക് ലഭിക്കാത്തതില്‍ യൂനിയന്‍ ഉത്കണ്ഠയിലാണ്- ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വേതനം മുടങ്ങുന്നതിനിടെ ഇന്ത്യാവിഷന്‍ വാര്‍ത്താവിഭാഗത്തിന് നേതൃത്വം നല്‍കുന്ന എഡിറ്റര്‍മാരോട് ഓഫിസില്‍നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട മാനേജ്‌മെന്റ് നടപടിയെ യൂണിയന്‍ അപലപിച്ചു.

വ്യാഴാഴ്ച പണിമുടക്കിനെത്തുടര്‍ന്ന് ഇന്ത്യാവിഷന്റെ വാര്‍ത്താ സംപ്രേഷണം മണിക്കൂറുകളോളം മുടങ്ങിയിരുന്നു.

എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീറിനെയും കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും പുറത്താക്കുന്നതായി കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 73 മാധ്യമപ്രവര്‍ത്തകര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത സംപ്രേഷണം മുടങ്ങിയത്.

We use cookies to give you the best possible experience. Learn more