കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ആറാമത് ദേശീയ സാഹിത്യോത്സവ് നവംബര്‍ 7 വെള്ളിയാഴ്ച അബ്ബാസിയ പാകിസ്ഥാന്‍ സ്‌കൂളില്‍ നടക്കും. കുവൈത്തിലെ അഞ്ച് സോണുകളില്‍ നിന്നുമായി 300 പ്രതിഭകള്‍ 45 കലാസാഹിത്യ ഇനങ്ങളില്‍ മത്സരിക്കുന്ന പ്രവാസ ലോകത്തെ വലിയ പൈതൃക കലാമേളയാണ് സാഹിത്യോത്സവ്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.
മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, സംഘഗാനം, കഥ പറയല്‍, ഭാഷാ പ്രസംഗങ്ങള്‍, ജലച്ഛായം, കഥ, കവിത രചനകള്‍, ലാംഗ്വേജ് ഗെയിം, ഗണിത കേളി, ദഫ്, മൌലിദ് പാരായണം, മാഗസിന്‍ നിര്‍മാണം, വിഷ്വല്‍ ഡോക്യുമെന്റ്‌റി തുടങ്ങിയ മത്സരങ്ങള്‍ പ്രൈമറി, ജുനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
നാലുവേദികളിലാണ് സാഹിത്യോത്സവ് കലാമത്സരങ്ങള്‍ അരങ്ങേറുക. ജലീബ്, ഫാര്വാഗനിയ, കുവൈത്ത് സിറ്റി, ഫഹാഹീല്‍, ജഹ്‌റ എന്നീ അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുക. തനതു മാപ്പിള കലകളുടെ പുനരാവിഷ്‌കാരങ്ങള്‍ ഉച്ച തിരിഞ്ഞ് രണ്ട് മുതല്‍ 1, 2 വേദികളില്‍ അരങ്ങേറും.
ഒക്ടോബര്‍ ആദ്യവാരം തുടക്കമായ സാഹിത്യോത്സവ് യൂണിറ്റ്, സോണ്‍ തലങ്ങളിലായി 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദേശീയ മത്സരം സംഘടിപ്പിക്കുന്നത്. പ്രവാസലോകത്തെ കലാ ആസ്വാദകര്‍ക്ക് പൈതൃക കലാരൂപങ്ങളെ നേരില്‍ ആസ്വദിക്കുന്നതിനായി പകല്‍ മുഴുവന്‍ അവസരങ്ങള്‍ സൃഷ്ടിച്ചാണ് പ്രാദേശിക തലത്തിലും ദേശീയ തലത്തിലും സാഹിത്യോത്സവുകള്‍ക്ക് വേദിയുണരുന്നത്.
അഞ്ചു വര്‍ഷമായി ഗള്‍ഫ്് നാടുകളില്‍ ആര്‍.എസ്.സി വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ബദല്‍ അരങ്ങായി സാഹിത്യോത്സവുകള്‍ മാറിയിട്ടുണ്ട്. ആര്‍.എസ്.സി ഗള്‍ഫില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സംഘടിപ്പിക്കുന്ന യുവ വികസന വര്‍ഷത്തിന്റെ ഭാഗമാണ് ഈ വര്‍ഷത്തെ നാഷണല്‍ സാഹിത്യോത്സവ്.
സാഹിത്യോത്സവിനുള്ള തയ്യാറെടുപ്പുകള്‍ സംഘാടക സമിതി ആഭിമുഖ്യത്തില്‍ പൂര്ത്തിയാക്കിയിട്ടുണ്ട്. സ്ത്രീകള്ക്കും കുട്ടികള്ക്കും സാഹിത്യോത്സവ് പരിപാടികള്‍ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമത്തില്‍ സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ ഐ.സി.എഫ് നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി, സെക്രട്ടറി അബൂ മുഹമ്മദ്, ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ അംഗം അബ്ദുല്ല വടകര, കുവൈത്ത് വൈസ് ചെയര്‍മാന്‍ മുഹമ്മദലി സഖാഫി പട്ടാമ്പി, ജന. കണ്‍വീനര്‍ മിസ്അബ് വില്ല്യാപ്പള്ളി, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷംനാദ് വള്ളക്കടവ് എന്നിവര്‍ പങ്കെടുത്തു.