[]സൂറിച്ച്: ലോകത്താകമാനമുള്ള കോടിക്കണക്കിനുവരുന്ന ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണും ചെവിയും ഇന്ന് രാത്രി സൂറിച്ചിനെ ലക്ഷ്യമാക്കി കുതിച്ചുപായും.
മറ്റൊന്നുമല്ല, ലോകഫുട്‌ബോള്‍ പകരം വെക്കാനാളില്ലാത്ത താരത്തെ പ്രഖ്യാപിക്കുന്ന ആഘോഷം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് നഗരമായ സൂറിച്ചില്‍ നടക്കും.
ആരാധകര്‍ക്ക് എന്നത്തെയും പോലെ ഇന്നും ഹൃദയമിടിക്കും. കാരണം, നാലുതവണ ലോകഫുട്‌ബോളര്‍ ജേതാവായ ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കൊപ്പം റയല്‍ മാഡ്രിഡിന്റെ പോര്‍ചുഗല്‍ സിംഹം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബയേണ്‍ മ്യൂണിക്കിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഫ്രാങ്ക് റിബറിയുമാണ് നേര്‍ക്കുനേര്‍ ലിസ്റ്റലുള്ളത്.
സീസണിലെ കളികളിലെല്ലാം ആവേശം കൊള്ളുന്ന പ്രകടനം കാഴ്ച്ചവെച്ച ഈ മൂവര്‍സംഘത്തില്‍ ആര് പട്ടം നേടും എന്നത് ഫുട്ബോള്‍ നിരീക്ഷകര്‍ക്കും പ്രവചിക്കുക പ്രയാസം.
മികച്ച വനിതാ ഫുട്ബാളര്‍, മികച്ച കോച്ച്, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്, ഫിഫ ലോക ഇലവന്‍ എന്നിവയും ഇന്ന് പ്രഖ്യാപിക്കും.
സൂറിച്ചിനെ മഹാ ഉല്‍സവപറമ്പാക്കുന്ന താരരാവിന് മാറ്റ് കൂട്ടാനായി കാനറികളുടെ ഇതിഹാസ താരങ്ങളായ പെലെ, അമറില്‍ഡോ, കാര്‍ലോസ് ആല്‍ബര്‍ടോ, ബെബറ്റോ, കഫു, റൊണാള്‍ഡോ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ ടീം കോച്ച്, ക്യാപ്റ്റന്മാര്‍, തെരഞ്ഞെടുത്ത ഫുട്ബാള്‍ ലേഖകര്‍ എന്നിവരങ്ങിയ തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് 23 പേരുടെ സാധ്യതാ പട്ടികയില്‍ നിന്ന് മൂന്നു പേരെ തിരഞ്ഞെടുത്തത്.
2013 കലണ്ടര്‍ വര്‍ഷത്തില്‍ ക്രിസ്റ്റ്യാനോ 60 കളികളില്‍ 69 ഗോളുകളും ലയണല്‍ മെസ്സി 46 കളികളില്‍ 45 ഗോളുകളും റിബറി 47 കളികളില്‍ 22 ഗോളുകളും തങ്ങളുടെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.