അയ്യന്‍കാളിയെപ്പോലുള്ള ശക്തരായ പ്രക്ഷോഭകാരികളുടെ ശ്രമഫലമായി അധസ്ഥിതര്‍ ജീവിക്കാനുള്ള അവകാശം തിരിച്ച് പിടിച്ചു. ജന്മിത്വം അടിച്ചമര്‍ത്തിയത് കൊണ്ട് സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടു പോയ സമൂഹത്തിന് തുല്യാവകാശം നല്‍കാന്‍ വേണ്ടി പിന്നീട് പ്രത്യേക സംവരണം ഏര്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തില്‍ വിപ്ലവാത്മകമായ ഭൂപരിഷ്‌കരണം നടന്നുവെങ്കിലും മണ്ണില്‍ പണിയെടുക്കുന്ന ഈ വിഭാഗത്തിന് കൃഷിഭൂമി ലഭിച്ചില്ല. അവരെ ലക്ഷം വീട് കോളനിയിലേക്ക് സര്‍ക്കാറുകള്‍ ആട്ടിപ്പായിച്ചു. ഉണ്ണാനും ഉറങ്ങാനും ഇടമില്ലാത്ത അവര്‍ക്ക് വീടിന്റെ ഒരു ഭാഗം പൊളിച്ച് മൃതദേഹം സംസ്‌കരിക്കേണ്ടി വരുന്നു. ഭൂമിക്ക് വേണ്ടി ചെങ്ങറയില്‍ അവര്‍ കുടില്‍കെട്ടി സമരം നടത്തുന്നു. വിദ്യാലയങ്ങളിലും മറ്റും അവര്‍ പണ്ട് അനുഭവിച്ച വിവേചനങ്ങളുടെ ചെറിയ പതിപ്പുകള്‍ ഇന്നും തുടരുന്നുണ്ട്. സംവരണക്കുട്ടികളെന്ന് അവരെ അഭിസംബോധന ചെയ്യുന്ന സവര്‍ണമക്കള്‍ ഇപ്പോഴും കാമ്പസുകളിലുണ്ട്. ഒരു കാലത്ത് വിപ്ലവാത്മക നടപടികളിലൂടെ ഈ വിഭാഗത്തെ മുന്‍ ശ്രേണിയിലേക്ക് കൊണ്ട് വന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പോലും ഇന്ന് അവരെ തഴഞ്ഞ് തുടങ്ങിയിരിക്കുന്നു. ജാതി ഒരു അയോഗ്യതയായി വീണ്ടും വരുന്ന കാലത്താണ് മഹാനായ അയ്യന്‍കാളിയുടെ ജന്മദിനം വന്നെത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1863 ഓഗസ്റ്റ് 28നാണ് പെരുങ്കാട്ടുവിള അയ്യന്റെയും മാലയുടെയും മകനായി അയ്യന്‍കാളി ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യന്‍കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട് ജന്മിമാരുടെ കൃഷി സ്ഥലങ്ങളില്‍ അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യന്‍കാളി ജനിച്ചുവീണത്.
പാടത്തു പണിയെടുത്തു വൈകീട്ട് വരുമ്പോള്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഇവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധ:സ്ഥിതര്‍ രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ടുപരിശോധിക്കില്ല; ഗുളികകള്‍ എറിഞ്ഞുകൊടുക്കും. ജാതിയുടെ അടയാളമായ കല്ലുമാലകള്‍ കഴുത്തിലണിഞ്ഞ് നടക്കേണ്ടി വന്നു ഇവര്‍. സ്ത്രീകളെ ഉള്‍പ്പെടെ അരക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും ജന്മി മേലാളന്‍മാര്‍ അനുവദിച്ചില്ല.
തങ്ങള്‍ അനുഭവിക്കുന്ന മനുഷ്യത്വ രഹിതമായ വിവേചനത്തെക്കുറിച്ച അദ്ദേഹം തന്റെ സമുദായാംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തി. എന്നാല്‍ ഇത്‌കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജന്മിത്വ വിവേചനത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയില്‍ ചെന്നുപെടുന്ന കീഴാളര്‍ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ വിവേചനത്തിതിരായിരുന്നു അയ്യന്‍കാളിയുടെ ആദ്യ പോരാട്ടം. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി, ജന്മിമാരുടെതിന് സമാനമായ വില്ലു വണ്ടിയുണ്ടാക്കി. മുണ്ടും മേല്‍മുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.
1893 ല്‍ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം 1898 കാലത്ത് വളരെ സജീവമായി. ആ വര്‍ഷം ആറാലുമ്മൂട്, ബാലരാമപുരം , ചാലിയത്തെരുവ്, കഴകൂട്ടം , കണിയാപുരം , തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിതര്‍ പൊതുനിരത്തുകളിലൂടെ സഞ്ചരിച്ചു. സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം സവര്‍ണ്ണമേലാളന്‍മാര്‍ ഗുണ്ടകളെ വിട്ട് ആക്രമണം നടത്തി. അതു വമ്പിച്ച ലഹളകളിലേക്ക് നയിച്ചു. സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുണ്ടായിരുന്ന സവര്‍ണ്ണരില്‍നിന്നും ദളിതര്‍ക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടിവരികയും ദളിത് കുടിലുകളും മാടങ്ങളും തകര്‍ക്കപെടുകയും ചെയ്തു . സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന ഏറ്റവും പ്രധാനപെട്ട സമരങ്ങളിലൊന്നു 1912 നെടുമങ്ങാട് ചന്തയിലെത്. ശ്രീമൂലം പ്രജാസഭ അംഗം ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നല്‍കിയത് . അവകാശങ്ങള്‍ ആരും വിളിച്ചു തരികയില്ല . അവ നേടിയെടുക്കണം എന്ന് പ്രഖ്യാപനവുമായി സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ അവകാശമില്ലാതിരുന്ന അയിത്ത ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നെടുമങ്ങാട് ചന്തയിലേക്ക് കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങള്‍ വങ്ങാന്‍ശ്രമിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമായെങ്കിലും ദളിതര്‍ക്കു ചന്തയില്‍ പോയി സാധങ്ങള്‍ വാങ്ങാനുള്ള അവകാശം ലഭിച്ചു.
കര്‍ഷകത്തൊഴിലാളി സമരം
തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയായിരുന്നു. തൊഴില്‍ അവകാശങ്ങളും മാന്യമായ കൂലിയും ലഭിച്ചില്ലെങ്കില്‍ പണിക്കിറങ്ങില്ലെന്ന് അധസ്ഥിതരായ തൊഴിലാളികള്‍ പ്രഖ്യാപിച്ചു. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. കര്‍ഷകത്തൊഴിലാളി ഒരു ദിവസം കൊണ്ടെതുക്കുന്ന ജോലി ആറ് നായമന്‍മാര്‍ ചെയ്താലും കഴിയാതെ വന്നുവെന്ന് അയ്യങ്കാളി ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
പ്രതികാരബുദ്ധിയോടെ ജന്മിമാര്‍ പാടങ്ങള്‍ തരിശിട്ടു. പണിയില്ലാതെ പട്ടിണി കിടക്കേണ്ടി വന്നെങ്കിലും സമരത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല. ഒടുവില്‍ ജന്മിമാര്‍ കീഴടങ്ങി. തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നു.
കര്‍ഷക സമരത്തിന്റെ വിജയത്തില്‍ നിന്ന് ഊര്‍ജം ലഭിച്ച അയ്യ്ന്‍കാളി ദലിത് സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചു. ദലിത് സത്രീകളോട് മുലക്കച്ച ധരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അയ്യന്‍കാളിയെ അനുസരിച്ച സാധുജനങ്ങളെ സവര്‍ണ്ണര്‍ വേട്ടയാടി. അധ:സ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്. എന്നാല്‍ ക്രൂരത അധികകാലം നോക്കിനില്‍ക്കാന്‍ അവര്‍ക്കായില്ല. മര്‍ദ്ദിത ജനവിഭാഗങ്ങള്‍ ഉണര്‍ന്നു. അവര്‍ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി.
രക്തച്ചൊരിച്ചില്‍ ഭീകരമായതിനെത്തുടര്‍ന്ന് സമുദായത്തോട് കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യന്‍കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങള്‍ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്.
വിദ്യാലയങ്ങളില്‍ അധസ്ഥിതര്‍ നേരിട്ട വിവേചനത്തിനെതിരെ 1905ല്‍ വെങ്ങാനൂരില്‍ അധ:സ്ഥിതര്‍ക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം കെട്ടിയുണ്ടാക്കി. എന്നാല്‍ കേരളത്തിലെ അധ:സ്ഥിതരുടെ ആദ്യത്തെ ഈ വിദ്യാലയം അന്നു രാത്രി തന്നെ സവര്‍ണ്ണര്‍ തീവെച്ചു നശിപ്പിച്ചു. പക്ഷെ അയ്യങ്കാളീയുടെ നേതൃത്വത്തില്‍ അത് വീണ്ടും കെട്ടിപൊക്കി. സവര്‍ണ്ണരുടെ അതിശക്തമായ എതിര്‍പ്പിനിടയിലും 1910 മാര്‍ച്ച് ഒന്നിന് അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതര്‍ക്ക് സ്‌കൂള്‍പ്രവേശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞു. സവര്‍ണ്ണരുടെ കുട്ടികള്‍കൊപ്പം അവര്‍ണ്ണരുടെ കുട്ടികളും ഇരുന്നു പഠിക്കുന്നതിന് നിയമപരമായ പിന്‍ബലം നല്‍കിയ ഈ ഉത്തരവിനെ “കുതിരയേയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതിനോടാണ് അക്കാലത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വരെ വിശേഷിപ്പിച്ചത്.
സാധുജന പരിപാലനസംഘം
1907 ല്‍ വെങ്ങാനൂരില്‍ വെച്ച് അയ്യന്‍കാളി അധ:സഥിത ജനതയുടെ സംഘടനയെന്ന നിലയില്‍ സാധുജനപരിപാലന സംഘത്തിന് രൂപം നല്‍കി. അയ്യങ്കാളിയുടെയും സഘത്തിന്റെയും പ്രവര്‍ത്തനഫലമായി 10 വര്‍ഷം കൊണ്ട് 17000 ല്‍ പരം ദളിതര്‍ വിദ്യാഭ്യാസം നേടിയവരായി മാറി 1916 നും 1917 നും ഇടയില്‍ ദളിതരുടെ ഇടയില്‍ എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണത്തില്‍ 62.9 % വര്‍ദ്ധനവുണ്ടായി.
1913 ല്‍ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയില്‍ സാധുജനപരിപാലിനി എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തില്‍ പിന്നീടുണ്ടായ അധസ്ഥിത മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. 1941ലാണ് അദ്ദേഹം മരിച്ചത്.