ഭോപ്പാല്‍: 2016ല്‍ നടന്ന ഉറി, പത്താന്‍കോട്ട് ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ പാകിസ്ഥാന്‍ മധ്യപ്രദേശില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ചാരന്മാരുടെ സഹായം തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സമാന്തരമായി നടത്തിയ 30 ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംശയിക്കുന്നത്.
പാക് ചാരസംഘടന ഐ.എസ്.ഐയുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞദിവസം ബി.ജെ.പി ഐ.ടി സെല്‍ കോഡിനേറ്റര്‍ ധ്രുവ് സക്‌നേയുള്‍പ്പെടെ 11 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരില്‍ നിന്നും കണ്ടെടുത്ത ചൈനീസ് സിം ബോക്‌സ് പരിശോധിച്ചതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 60ലേറെ സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് ഇവര്‍ നടത്തിയിരുന്നത്. മധ്യപ്രദേശിലെ നാലു നഗരങ്ങളില്‍ മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡില്‍ 36എണ്ണം കണ്ടെത്തിയിരുന്നു.
ഹൈദരാബാദ്, ഒഡീഷ, ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ എക്‌സ്‌ചേഞ്ചുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങള്‍ മധ്യപ്രദേശ് പൊലീസ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഓരോ നിയമവിരുദ്ധ എക്‌സ്‌ചേഞ്ചുകളും വഴി മാസം 25,000 മുതല്‍ 30,000 വരെ വരുമാനം ഇവര്‍ നേടിയിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനത്തില്‍ ദുബൈയിലെ അഞ്ചോളം വെബ് പ്ലാറ്റ്‌ഫോമുകളും ഡിന്‍സ്റ്റര്‍ ഉള്‍പ്പെടെ ചൈനയിലെ പ്ലാറ്റ്‌ഫോമുകളും സഹായിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇന്റര്‍നാഷണല്‍ കോളുകള്‍ റൂട്ടു ചെയ്യാന്‍ സഹായിക്കുന്നത് ഈ സ്ഥാപനങ്ങളാണ്.
ഈ കോളുകള്‍ പിന്നീട് വ്യാജ രേഖകള്‍ ഉപയോഗിച്ച് നേടിയെടുത്ത നൂറു കണക്കിന് ജി.എസ്.എം സിം കാര്‍ഡുകള്‍ക്കൊപ്പം ഫിറ്റു ചെയ്തു ചൈനീസ് സിം ബോക്‌സ് വഴി ലോക്കല്‍ സെല്‍ഫോണ്‍ കോളുകളാക്കി മാറ്റും.
ഭോപ്പാല്‍, ജബല്‍പൂര്‍, സത്‌ന, ഗ്വാളിയോര്‍ മേഖലകളില്‍ നിന്നായി മധ്യപ്രദേശ് എ.ടി.എസ് മൂന്നു ഡസണ്‍ എക്‌സ്‌ചേഞ്ചുകളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് 11 പേരെ അറസ്റ്റു ചെയ്തത്.
ചൈനീസ് സിം ബോക്‌സ് ഉള്‍പ്പെടെയുള്ള ചൈനീസ് ഉപകരണങ്ങള്‍ ദല്‍ഹിക്കുസമീപം താമസിക്കുന്ന ഒരാള്‍ വഴിയാണ് ശേഖരിച്ചതെന്നാണ് അറസ്റ്റു ചെയ്തയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മനസിലായത്.
ഇവര്‍ ഉപയോഗിക്കുന്ന വെബ് പ്ലാറ്റ്‌ഫോണുകള്‍ക്ക് പ്രത്യേകം ഐ.ഡികളും പാസ് വേര്‍ഡും ഉണ്ട്. ഇതുവഴിയുണ്ടാക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങള്‍ അഞ്ച് വെബ് പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രത്യേകം അക്കൗണ്ടുകളില്‍ സൂക്ഷിക്കും. പാകിസ്ഥാനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പണം തട്ടിപ്പു സംഘങ്ങള്‍ വഴിയാണ് പെയ്‌മെന്റ് നടത്തുന്നത്. പെയ്‌മെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ സ്‌കൈപ്പ് വഴിയാണ് അത് പരിഹരിക്കുന്നത്.