Kerala
ഹെല്‍മറ്റ് വേട്ട: യൂവാവിന്റെ തല പോലീസ് അടിച്ചു പൊട്ടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jan 13, 06:55 pm
Saturday, 14th January 2012, 12:25 am

കോഴിക്കോട്: ഹെല്‍മറ്റ് വേട്ടക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ  വയര്‍ലസ് സെറ്റുകൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തല പൊട്ടി. വെള്ളയില്‍ സ്വദേശി നാലുകുടി പറമ്പില്‍ അബ്ദുറഹിമാന്റെ മകന്‍ എന്‍.പി ഷാനവാസിനാണ് (18) പരിക്കേറ്റത്. തലക്ക് മൂന്ന് തുന്നലുണ്ട്.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനു സമീപത്തു വെച്ചായിരുന്നു സംഭവം. ഹെല്‍മറ്റ് വെക്കാതെ വലിയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന യുവാവിനെ ട്രാഫിക് പോലീസ് പിടിക്കുകയായിരുന്നു.

“പോലീസ് കൈ കാണിച്ചപ്പോള്‍ റോഡിലെ കുഴി ഒഴിവാക്കി സ്വല്‍പം മാറ്റിയാണ് ബൈക്ക് നിര്‍ത്തിയത്. ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ പോലീസുകാരന്‍ ദേഷ്യപ്പെട്ടു കൊണ്ട് വയര്‍ലെസ് സെറ്റു കൊണ്ട് തലക്കടിക്കുകയായിരുന്നു. റോഡരികില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഇതുകണ്ട് നിലവിളിച്ചതോടെ എന്നെ ഓട്ടോറിക്ഷയില്‍ ട്രാഫിക് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ മൊഴിമാറ്റി പറയണമെന്ന് സ്‌റ്റേഷനില്‍ വെച്ച് ഭീഷണിപ്പെടുത്തി. മുക്കാല്‍ മണിക്കൂറിനു ശേഷം ബീച്ച് ആശുപത്രിയില്‍ കൊണ്ടു പോയി” എന്നാണ് യുവാവ് പറയുന്നത്.

ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി പോലീസ് യുവാവിനെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും ട്രാഫിക് സി.ഐയെ ഉപരോധിച്ചു. ഇതേതുടര്‍ന്ന് പോലീസ് എഫ്.ഐ.ആറില്‍ മാറ്റംവരുത്തി.

Malayalam News
Kerala News in English