ഭാര്യമാരുടെ വേതനം: സമ്മിശ്ര പ്രതികരണം
India
ഭാര്യമാരുടെ വേതനം: സമ്മിശ്ര പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2012, 11:00 am

ന്യൂദല്‍ഹി: വീട്ടുജോലി ചെയ്യുന്ന ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ പ്രതിഫലം നല്‍കണമെന്ന നിര്‍ദ്ദേശത്തിന് രാജ്യമൊട്ടാകെ സമ്മിശ്ര പ്രതികരണം. ഭാര്യമാര്‍ക്ക് വേതനം നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പാണ് മുന്നോട്ട് വെച്ചത്. []

നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് സുധാ സുന്ദര്‍രാമന്‍ നേരത്തേ അറിയിച്ചത്‌ . കൂടുതല്‍ ചിന്തിക്കാതെയെടുത്ത തീരുമാനമാണിതെന്നാണ് വിവിധ വനിതാ സംഘടനകളുടെ പ്രതികരണം. അതേസമയം, പുതിയ നിര്‍ദേശം സ്ത്രീകളെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് വികസന വകുപ്പ് പറയുന്നത്.

എന്നാല്‍ നിര്‍ദേശം എങ്ങനെ പ്രാവര്‍ത്തകിമാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കേന്ദ്ര ഗവണ്‍മെന്‍്. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ എത്ര മണിക്കൂര്‍ വീട്ടുജോലി ചെയ്യുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനോട് ആരാഞ്ഞിരിക്കുകയാണ് വനിതാ വികസന വകുപ്പ്.

നിര്‍ദേശത്തെ അനുകൂലിച്ച് കൊണ്ടും പലരും രംഗത്തെത്തിയിട്ടുണ്ട്. പൊതുവേ വീട്ടമ്മമാരാണ് നിര്‍ദേശത്തെ അനുകൂലിക്കുന്നവരില്‍ കൂടുതലും.

പുതിയ നിര്‍ദേശം പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഇത് കുടുംബത്തിലെ ഭാര്യ-ഭര്‍ത്താവ്-കുഞ്ഞ് എന്ന ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമൂഹ്യ ശാസ്ത്ര വകുപ്പ് ഡയറക്ടര്‍ രഞ്ജന കുമാരി പറയുന്നത്‌.