മാധ്യമസൃഷ്ടിയല്ല, കത്തയച്ചെന്ന് വി.എസിന്റെ സ്ഥീരീകരണം
Kerala
മാധ്യമസൃഷ്ടിയല്ല, കത്തയച്ചെന്ന് വി.എസിന്റെ സ്ഥീരീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st May 2012, 2:06 pm

കായംകുളം: പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു. കായംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കത്തിന്റെ ഉള്ളടക്കം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് കത്തയച്ച കാര്യം മാധ്യമസൃഷ്ടിയാണെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. വി.എസ്സ് കേന്ദ്രനേതൃത്വത്തിന് അയച്ച എന്നു പറയുന്ന കത്തിനെക്കുറിച്ച് വി.എസ്സിനോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കത്തയച്ച കാര്യം വി.എസ് തന്നെ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വി.എസ് കത്തയച്ച കാര്യം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കള്ളപ്രചാരണമാണെന്നും പിണറായി ഇന്നലെ തൃക്കരിപ്പൂരില്‍ പറഞ്ഞിരുന്നു. വി.എസിന്റെ കത്തിനെക്കുറിച്ച് പിബി അംഗങ്ങളായ ബൃന്ദാ കാരാട്ടിനോടും സീതാറാം യെച്ചൂരിയോടും രാവിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. മാധ്യമങ്ങള്‍ മാത്രമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്നായിരുന്നു ബൃന്ദ കാരാട്ടിന്റെ മറുപടി.

വി.എസിന്റെ കത്ത് താന്‍ വായിച്ചിട്ടില്ലെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ കാര്യം അറിഞ്ഞതെന്നും യെച്ചൂരി വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് കേരളത്തിലെ പാര്‍ട്ടിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതായുള്ള വാര്‍ത്ത പുറത്തുവന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും, സീതാറാം യെച്ചൂരിക്കും വി.എസ് കത്തയച്ചത്.  ഈ രീതിയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്‌ടെന്നാണ് സൂചനയെന്ന് കത്തില്‍ വ്യക്തമാക്കുന്ന വി.എസ്, കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചാല്‍ പാര്‍ട്ടി തകരുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും തുറന്നു വ്യക്തമാക്കുന്നു. പിണറായി വിഭാഗത്തെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുന്നില്ലെങ്കിലും സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ അവസാനിച്ചെന്ന് പറഞ്ഞ സി.പി.ഐ.എം വിഭാഗീയത ചന്ദ്രശേഖരന്‍ വധത്തിനുശേഷമാണ് കുറേക്കൂടി ശക്തമായി പുറത്തുവന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍.പി.യെയും അദ്ദേഹത്തെയും കുലംകുത്തിയെന്ന് വീണ്ടും വിശേഷിപ്പിച്ച പിണറായി വിജയന് ശക്തമായ മറുപടിയുമായാണ് വി.എസ് എത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണക്കാരനായ എസ്.എ ഡാങ്കേയുമായി താരതമ്യം ചെയ്ത് പിണറായി വിജയനെ പരസ്യമായി ആക്ഷേപിച്ച പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കെയാണ് വി.എസ് നിലപാടുകള്‍ രേഖാമൂലം കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിച്ചത്.