Kerala
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: സമരങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 20, 12:36 pm
Wednesday, 20th November 2013, 6:06 pm

അടിമാലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സമരം നടത്തുന്നതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

പൊതു ജനങ്ങള്‍ സത്യം മനസ്സിലാക്കുന്നതോടെ ഈ സമരങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ []സമരത്തിന്റെ അതേ ഗതി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി.ടി തോമസ് പരാജയപ്പെട്ട എം.പിയാണെന്ന് ഇടുക്കി ബിഷപ്പിന്റെ അഭിപ്രായത്തെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ബിഷപ്പിന്റ അഭിപ്രായത്തെ പുച്ഛത്തോടെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി പി.ടി തോമസ് അനഭിമതനല്ല മറിച്ച് ഇടുക്കിക്ക് അഭിമാനമാണെന്നും പറഞ്ഞു.

അതേ സമയം വെള്ളാപ്പള്ളിയുടെ നിലപാടിനെ തള്ളി ഇടുക്കിയിലെ മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന അറിയില്ലെന്ന പ്രതികരിച്ച മലനാട് യൂണിയന്‍ സെക്രട്ടറി റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും വ്യക്തമാക്കി.