നയം മാറ്റം ആലോചിച്ച് മാത്രം; മാണിയുടെ അടിക്ക് തിരുവഞ്ചൂരിന്റെ തട
Kerala
നയം മാറ്റം ആലോചിച്ച് മാത്രം; മാണിയുടെ അടിക്ക് തിരുവഞ്ചൂരിന്റെ തട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2011, 6:48 pm

തിരുവനന്തപുരം: കശുവണ്ടി കൃഷിയെ തോട്ടം പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും തോട്ടം ഭൂമിയിലെ അഞ്ച് ശതമാനം സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നുമുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ രംഗത്ത് വന്നു. നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ബില്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനും വി.ഡി സതീശനും എതിര്‍പ്പുന്നയിച്ചത്.

ഇക്കാര്യം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് മറുപടി പറഞ്ഞ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 2005ല്‍ യു.ഡി.എഫ് സര്‍ക്കാറാണ് ഈ ബില്‍ കൊണ്ട് വന്നത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ബില്ലിനോട് അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കിലും നിയമം അസ്ഥിരപ്പെടുത്തിക്കൊണ്ട് ബില്‍ അവതരിപ്പിച്ചില്ല. ബില്ലിലെ ചില വ്യവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സമവായത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കശുവണ്ടി മേഖലയെ തോട്ടഭൂമിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടും തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്തുകൊണ്ടാണ് ബജറ്റ് പ്രഖ്യാപനമുണ്ടായത്. ഇത് ഭൂപരിഷ്‌കണ നിയമത്തെ അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. കശുവണ്ടി മേഖലയെ തോട്ടഭൂമിയില്‍ ഉള്‍പ്പെടുത്തുന്നതോടെ അതിന് ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയും.

തോട്ട മേഖല നഷ്ടത്തിലാണെന്നും അതിനാല്‍ നഷ്ടം നികത്താന്‍ അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് മാണി വ്യക്തമാക്കിയത്. എന്നാല്‍ നഷ്ടത്തിലുള്ള തോട്ടം മേഖലയിലേക്ക് കശുവണ്ടിയെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് തൊട്ടടുത്ത വരിയില്‍ മന്ത്രി തന്നെ വ്യക്തമാക്കുന്നത്. ഇതു തമ്മിലുള്ള വൈരുദ്ധ്യവും അന്ന് തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.