കൊച്ചിയിലെ ഐ.ടി സ്ഥാപനത്തില്‍ രാത്രി ജോലിക്കായി പോവുകയായിരുന്ന തെസ്‌നി ബാനുവെന്ന യുവതി ആക്രമിക്കപ്പെട്ടിരിക്കയാണ്. കേരളത്തെ ബാംഗ്ലൂരാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഓട്ടോയിലെത്തിയ സംഘം ആക്രമണം നടത്തിയത്.
പൊതുയിടങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. പൊതുസ്ഥലങ്ങളില്‍ മാന്യമായ ഇടപെടലിന് പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്. “സദാചാര” ത്തിന്റെ പേരില്‍ ഇത്തരം അവകാശങ്ങളെ നിഷേധിക്കാനുള്ള ശ്രമം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.
കര്‍ണ്ണാടകയില്‍ ശ്രീരാമസേനയും മറ്റ് സംഘടനകളും ഇത്തരത്തില്‍ സദാചാര പോലീസിങ്ങിന് ശ്രമം നടത്തിയത് വിവാദമായിരുന്നു. ഞായറാഴ്ച രാത്രിയാണ് തസ്‌നി ബാനുവിനെതിരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് അവര്‍ ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.
എന്താണ് സംഭവിച്ചത്? ആരായിരുന്നു ആക്രമണത്തിന് പിന്നില്‍?
“കാക്കനാട് സെസില്‍ ജോലിചെയ്യുകയാണ് ഞാന്‍. ഞായറാഴ്ച രാത്രി ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സാധാരണ നൈറ്റ് ഡ്യൂട്ടി ഉണ്ടാവുന്ന സമയത്ത് ഓഫീസില്‍ നിന്നും വണ്ടി അയക്കുകയാണ് പതിവ്. എന്നാല്‍ അന്ന് മീറ്റിംങ് ഉണ്ടായിരുന്നതിനാല്‍ വണ്ടി അയച്ചിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് അന്ന് കാക്കനാട്ടേക്ക് പോയത്.
മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഒരുകടയുടെ സമീപം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. ചായ കുടിച്ചു മടങ്ങുന്നതിനിടെ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയ്ക്കരികില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് പോടോ എന്ന് എന്റെ സുഹൃത്തിനോട് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് ജോലിയുണ്ടെന്നും അവിടേക്ക് കൊണ്ട് വിടുകയാണെന്നും സുഹൃത്ത് അവരോട് പറഞ്ഞു.
ആ സമയത്ത് എന്താ കാര്യം എന്ന് ചോദിച്ച് ആ ഓട്ടോയുടെ െ്രെഡവര്‍ അടുത്ത് വന്നു. അവരോട് എന്റെ സുഹൃത്ത് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. എന്നാല്‍ എന്റെ നേര്‍ക്ക് വന്ന് നിന്റെ പേരെന്താ, വീടെവിടെയാ തുടങ്ങിയ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചു. നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് ബാഗ്ലൂരല്ല കേരളമാണ് എന്നാണ് അവരെന്നോട് പറഞ്ഞത്.
എട്ടിനും പതിനഞ്ചിനും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു അവിടെ. അവരെല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ കയറി തിരിച്ചുപൊകാനൊരുങ്ങി. അപ്പോള്‍ അയാള്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു. അപ്പോള്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി നിങ്ങളെന്താ വിളിച്ചത് എന്ന് ചോദിച്ചു. ആ സമയത്ത് ഓട്ടോക്കാരന്‍ എന്റെ നേര്‍ക്ക് വന്ന് കരണത്തടിക്കുകയായിരുന്നു. അടികൊണ്ട് ഞാന്‍ തെറിച്ചുവീണു. അപ്പോള്‍ അയാളെന്റെ കൈ വിളിച്ച് തിരിക്കുകയാണ് ചെയ്തത്.
ഇതിനിടയില്‍ ഇവരെന്നെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. പോലീസ് വരട്ടെയെന്ന് ആരോ പറഞ്ഞു. ആ പോലീസ് വന്നിട്ടേ പോകുന്നുള്ളൂവെന്ന് ഞാനും പറഞ്ഞു. അങ്ങനെ പോലീസിനെ വിളിച്ചു. ഇതിനിടയില്‍ എന്നെ അടിച്ചയാള്‍ മുങ്ങി. പോലീസെത്തിയപ്പോള്‍ എന്നെ ചീത്തവിളിച്ചയാളെ ഞാന്‍ കാട്ടിക്കൊടുത്തു. ഇയാളുടെ സുഹൃത്താണ് കരണത്തടിച്ചതെന്നും പറഞ്ഞു. ഞങ്ങളെല്ലാവരും തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കേസാക്കണമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. പരാതി എഴുതി തരാന്‍ പോലീസ് ആവശ്യപ്പെട്ടു. പരാതി എഴുതാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍. അതിനാല്‍ നാളെ കാലത്ത് വന്ന് വാക്കാല്‍ പരാതി നല്‍കുകയും നാളെ കാലത്ത് വന്ന് പരാതി എഴുതിനല്‍കാമെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. ഞാനെന്റെ പേരും അഡ്രസും ഫോണ്‍ നമ്പറും നല്‍കി അവിടെ നിന്നും തിരിച്ചുപോന്നു.”
രാവിലെ പോലീസിന് പരാതി നല്‍കിയോ?
മുഖത്ത് അടിയേറ്റപ്പോള്‍ ആദ്യം വേദനയുണ്ടായിരുന്നെങ്കിലും അത് പ്രശ്‌നമാക്കിയിരുന്നില്ല. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ കഴുത്തിനും ശരീരത്തിനും വേദനതോന്നിയതിനാല്‍ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഏറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. അതുകൊണ്ട് പരാതി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് പിന്നീട് എന്തെങ്കിലും ഇടപെടലുണ്ടായോ?
ഇല്ല. പരാതി നല്‍കാനായി സ്‌റ്റേഷനിലേക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ 10 മണിക്ക് വന്ന് മൊഴിയെടുക്കാമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ആശുപത്രിയിലേക്ക് വന്നില്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ഇത്രയും നേരമായിട്ടും അവര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകപോലും ചെയ്തിട്ടില്ല. ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ച പലരോടും അവര്‍ പറഞ്ഞതെന്നാണ് അറിയുന്നത്.
എന്തായിരിക്കും ഈ ആക്രമണത്തിനു പിന്നിലെ ഉദ്ദേശം?
എനിക്ക് നേരെയുള്ള ആക്രമണം കര്‍ണാടയില്‍ ശ്രീരാമസേന നടത്തിയതുപോലുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ജാതീയമപരമായോ മതപരമായോ ഉള്ള വാക്കുകളോ കുറ്റപ്പെടുത്തലുകളോ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവരെല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പേരും അഡ്രസും പറയാന്‍ ഞാന്‍ തയ്യാറാവാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു. പെണ്‍കുട്ടികള്‍ പുരുഷന്‍മാരോട് ഇങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്.
പിന്നെ ഞങ്ങള്‍ പുറത്തുനിന്നുള്ളവരാണ് എന്നാണ് അവര്‍ കരുതിയത്. ചീത്തവിളിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്താല്‍ മിണ്ടാതങ്ങ് പോകുമെന്ന് കരുതി ചെയ്തതാണെന്നാണ് തോന്നുന്നത്.
നിയമപരമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് പിന്നില് മറ്റെന്തെങ്കിലും കാരണമുണ്ടോ?
എന്റെ വ്യക്തിപരമായ അനുഭവമായല്ല ഞാനിതിനെ കരുതുന്നത്. ഇന്ന് കേരളത്തിലെ മിക്ക സ്ത്രീകളും ജോലിയുള്ളവരാണ്. ജോലിയുടെ ഭാഗമായോ അല്ലാതെയോ രാത്രി യാത്ര ചെയ്യുന്നവരാണ്. അവര്‍ പല പീഠനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. സൗമ്യ തന്നെയാണ് നമ്മുടെ മുന്നിലുള്ള വലിയ ഉദാഹരണം. എന്നെപ്പോലെ പല സ്ത്രീകള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. പേടികൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അവര്‍ തുറന്ന് പറയാന്‍ തയ്യാറായില്ല. ഇതുപോലുള്ള അതിക്രമങ്ങള്‍ ഇനിയും സ്ത്രീകള്‍ക്കുനേരെ ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഡോക്ടറോട് ചോദിച്ച് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഐജി ശ്രീലേഖയെ കണ്ട് നേരിട്ട് പരാതി അറിയിക്കാനാണ് തീരുമാനം