ഒടുക്കം അവര്‍ നമ്മെ തേടിയെത്തിയിരിക്കുന്നു
Opinion
ഒടുക്കം അവര്‍ നമ്മെ തേടിയെത്തിയിരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th August 2010, 8:47 am

ടി.സി.രാജേഷ്

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയതുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ചോദ്യപ്പേപ്പറില്‍ മതവിശ്വാസികളെ പ്രകോപിപ്പിക്കും വിധത്തില്‍ പരാമര്‍ശം ഉള്‍ക്കൊള്ളിച്ചതു ശരിയോ തെറ്റോ എന്നും അധ്യാപകന്റെ കൈ വെട്ടിയത് പ്രവാചകതാല്‍പര്യമോ എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞു. കേരളത്തില്‍ ശക്തമായ വേരോട്ടം നേടിയ ഇസ്ളാം മതതീവ്രവാദ പ്രസ്ഥാനത്തെപ്പറ്റി മാത്രമാണ് ഇപ്പോള്‍ ആശങ്കകളും ചര്‍ച്ചകളും കൊടുമ്പിരിക്കൊള്ളുന്നത്. ഈ സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ വിവാദത്തിനും അനന്തര സംഭവങ്ങള്‍ക്കും പിന്നില്‍ ഒളിച്ചിരിക്കുന്ന ചില അജണ്ടകള്‍ നാം കാണാതെ പോകരുത്.

ചെറിയതുറയും തൊടുപുഴയും

സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളുടെ കാലമാണിത്. പക്ഷെ, അത്തരം സൃഷ്ടികര്‍മങ്ങള്‍ക്ക് സംഹാരത്തിന്റെ സ്വഭാവം കൈവന്നാല്‍ അത് അപകടകരമാണ്. ചോദ്യപേപ്പര്‍ വിവാദത്തിനു പിന്നിലും അത്തരമൊരു സംഹാരമായിരുന്നു.

2009 മെയ് 16ന് തിരുവനന്തപുരത്തിന് സമീപം ചെറിയതുറയില്‍ ഇരു വിഭാഗം ആളുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പിലും ആറുപേരാണ് കൊല്ലപ്പെട്ടത്. കൊമ്പു ഷിബുവെന്ന ഗുണ്ട തുടങ്ങിവച്ച ചെറിയൊരു അക്രമത്തില്‍ നിന്നായിരുന്നു കലാപത്തിന്റെ ബീജാവാപം. പിന്നീടതിന് വര്‍ഗീയകലാപത്തിന്റെ രൂപം കൈവന്നു.

സ്ത്രീകളടക്കം പത്തുമുപ്പതാളുകള്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ ദേവാലയത്തിനു നേര്‍ക്ക് മാരകായുധങ്ങളുമായി ഒരു സംഘം പാഞ്ഞടുത്തപ്പോള്‍ തങ്ങള്‍ക്ക് നിവൃത്തികേടുകൊണ്ട് നിറയൊഴിക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അതെന്തായാലും അന്നവിടെ നഗ്നമായ മനുഷ്യാവകാശലംഘനം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി എന്നത് വസ്തുതയാണ്.

പക്ഷെ, തലസ്ഥാനത്തെ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൃത്യമായ ആത്മസംയമനം പാലിച്ചു. ചെറിയതുറയില്‍ നടന്നത് വര്‍ഗീയസംഘര്‍ഷമാണെന്ന് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു മാധ്യമവും അങ്ങിനെ റിപ്പോര്‍ട്ടു ചെയ്തില്ല. ഏതെങ്കിലും ചാനല്‍ അത്തരത്തിലൊരു ഫ്ളാഷ് ന്യൂസ് പുറത്തുവിട്ടുന്നെങ്കില്‍ ഒരു പക്ഷേ, കേരളത്തിലുടനീളം അതിന്റെ മറവില്‍ അന്ന് വര്‍ഗീയത കത്തിപ്പടരുമായിരുന്നു. അതിനൊരു കാരണം തേടിയിരിക്കുന്ന അക്രമികളാണ് കേരളത്തിലുള്ളതെന്ന് മുവാറ്റുപുഴ സംഭവം തെളിയിച്ചു. അന്നത്തെ മാധ്യമ നിശ്ശബ്ദത എത്രമാത്രം അര്‍ഥവത്തായിരുന്നുവെന്ന് വ്യക്തമാകുന്നത് ഇപ്പോഴാണ്.

ചെറിയതുറയിലെ അക്രമ സംഭവത്തിനു പിന്നില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ശക്തികളുടെ പിന്‍ബലമുണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ട് തന്നെയായിരുന്നു അന്നും സംശയത്തിന്റെ നിഴലില്‍. പക്ഷെ, ചെറിയതുറയില്‍ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം അതു മറച്ചു പിടിക്കുകയാണെന്നും പ്രചരിപ്പിച്ച് അവര്‍ തങ്ങള്‍ക്കെതിരെയുള്ള പ്രചരണങ്ങളെ ചില ബുദ്ധിജീവികളെ ഉപയോഗിച്ച് വിജയകരമായി തടഞ്ഞു. തൊടുപുഴയിലെ ചോദ്യപേപ്പര്‍ വിവാദം ഇതിന്റെ നേര്‍വിപരീതമായൊരു പതിപ്പാണ്.

കാരണം, കേവലം 32 കുട്ടികള്‍ മാത്രം കണ്ട ചോദ്യപ്പേപ്പറില്‍ നിന്ന് മതനിന്ദ കണ്ടെടുത്തത് സാമുദായിക നേതാക്കളായിരുന്നില്ല, ചില മാധ്യമങ്ങളായിരുന്നു. ഈയൊരു ചോദ്യപ്പേപ്പര്‍ കൊണ്ട് സമൂഹത്തിനു യാതൊരു ദോഷവും വരാനില്ലെന്നിരിക്കെ, പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം മലയാളത്തിലെ ഒരു ചാനല്‍ ചോദ്യപ്പേപ്പറിലെ മതനിന്ദയെപ്പറ്റി ഫ്ളാഷടിച്ചു. പിന്നെ ഓരോരോ മാധ്യമങ്ങളായി അതേറ്റുപിടിച്ചു.

അവസാനം മുസ്ളീം സംഘടനകള്‍ക്ക് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാതിരിക്കാനാകില്ല എന്ന സ്ഥിതി വന്നു. മാധ്യമങ്ങള്‍ പ്രസ്തുത ചോദ്യപ്പേപ്പറിനെ അവഗണിച്ചിരുന്നുവെങ്കില്‍ ജോസഫ് എന്ന അധ്യാപകന് തന്റെ വലംകൈ നഷ്ടപ്പെടില്ലായിരുന്നു.

മാധ്യമങ്ങളുടെ നിലപാടല്ല മിറച്ച് മാധ്യമപ്രവര്‍ത്തകരുടെ നിലപാടാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കൈക്കൊള്ളുന്ന നിലപാടു തന്നെയാണ് മാധ്യമങ്ങള്‍ക്ക്. വാര്‍ത്ത നല്‍കിയില്ലെങ്കിലും പ്രശ്നമില്ലെന്നായിരുന്നു ചെറിയതുറയിലെ നിലപാടെങ്കില്‍ ചോദ്യപ്പേപ്പര്‍ പ്രശ്നത്തിലെത്തിയപ്പോള്‍ നല്‍കുന്നതെന്തായാലും അതു കൊടുക്കുമെന്നതായി. തൊടുപുഴയില്‍ വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുകയാണ്.

രക്തത്തിലുണ്ട് മതം
ചോദ്യപ്പേപ്പര്‍ വിവാദമുണ്ടായി മൂന്നു മാസത്തിനു ശേഷം പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി മതതീവ്രവാദികള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കു നടന്നടുത്തപ്പോള്‍ അതിനെ മറ്റൊരു വിധത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു വേറൊരു വിഭാഗം ചെയ്തത്. വെട്ടേറ്റ് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചശേഷം ജോസഫിന് പെട്ടെന്ന് ആവശ്യമായി വന്നത് 15 കുപ്പി രക്തമാണ്. ഇതില്‍ 12 കുപ്പി രക്തത്തിനും കൃത്യമായ മതവും ആ മതത്തിന് നിയതമായ വിശ്വാസവുമുണ്ടായിരുന്നു.

പ്രവാചകനെ നിന്ദിച്ചവര്‍ക്ക് പ്രവാചകന്‍ മാപ്പു നല്‍കിയെന്ന കഥയെ പിന്തുടര്‍ന്ന് ജോസഫിനും മാപ്പു നല്‍കി തങ്ങളാണ് യഥാര്‍ഥ പ്രവാചകാനുയായികള്‍ എന്നു രക്തദാതാക്കള്‍ പ്രചരിപ്പിച്ചപ്പോള്‍ രക്തം മനുഷ്യന്റേതല്ല മതത്തിന്റേതായി മാറി. പ്രതിഫലേച്ഛയില്ലാതെ ഒന്നും നല്‍കരുതെന്ന് ഏതൊക്കെ ദൈവങ്ങളാണു പറഞ്ഞിട്ടുള്ളതെന്നറിയില്ല.

വൃക്കരോഗം ബാധിച്ച മുസ്ളീമിന് മാറ്റിവയ്ക്കാന്‍ മുസ്ളീം കിഡ്നി തന്നെ വേണം എന്ന് ഉളുപ്പില്ലാതെ പറയാന്‍ മാധ്യമമായി നിന്ന ജമാ അത്തെ ഇസ്ളാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയുടേതായിരുന്നു ഈ പ്രചരണം. ജോസഫിന്റെ സഹോദരി, വെട്ടേറ്റു ചോര വാര്‍ന്ന സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍ രക്തത്തിനായി കേണപ്പോള്‍ മതം നോക്കിയില്ല.

പക്ഷെ, രക്തം നല്‍കിയവര്‍ ജോസഫിലോടുന്നത് തങ്ങളുടെ രക്തമാണെന്നു വിളിച്ചു പറയാന്‍ തുടങ്ങിയത് മണിക്കൂറുകള്‍ക്കകമാണ്. അങ്ങിനെ അവര്‍ മാന്യതയുടെ മറ്റൊരു മുഖംമൂടി ധരിച്ചു. അതിനവര്‍ക്കു ലഭിച്ച അസുലഭാവസരമായിരുന്നു ജോസഫിന്റെ ദാരുണത. ജോസഫില്‍ കുത്തിവച്ച ബാക്കി നാലഞ്ചുകുപ്പി രക്തം ഇവരുടെ മതത്തില്‍ ലയിച്ചുപോയിരിക്കണം.

ജോസഫിനു രക്തം നല്‍കി മണിക്കൂറുകള്‍ക്കകം ഓര്‍ക്കുട്ടിലും ബ്ളോഗിലും ഫേസ്ബുക്കിലും ഗൂഗിള്‍ ബസിലുമെല്ലാം പരാമര്‍ശങ്ങളായി ഇതു പ്രചരിച്ചു. എന്തുകൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു സദ്കര്‍മത്തില്‍ ഭാഗഭാക്കായതെന്നു സമൂഹത്തെ ബോധവല്‍ക്കരിക്കാനായി പ്രവാചകവചനങ്ങളും കഥകളും ഇതില്‍ അവര്‍ ചേര്‍ത്തു വച്ചു. അതിനു നേതൃത്വം കൊടുത്തത് അവരുടെ സംസ്ഥാന നേതാവു തന്നെയായിരുന്നു. കൃത്യമായി രൂപപ്പെടുത്തിയ ആശയപ്രചരണം. മാത്രമല്ല, പ്രവാചക നിന്ദ നടത്തിയ വ്യക്തിക്ക് രക്തം നല്‍കിയതിന്റെ പേരില്‍ തങ്ങളെ ചിലര്‍ നിരന്തരം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുന്നതായും അവര്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു.

കേരള ഫ്ളാഷ് ന്യൂസില്‍ സോളിഡാരിറ്റിയുടെ രക്തദാനത്തെപ്പറ്റി വന്ന വാര്‍ത്ത യുടെ കീഴില്‍ വന്ന കമന്റുകള്‍തന്നെ അപകടകരമായ ആശയപ്രചരണത്തിന്റെയും മതാധിഷ്ഠിതമായ വാദഗതികളുടേയും ഭീകരരൂപം കാട്ടിത്തരുന്നതായിരുന്നു.

ആശയ പ്രചരണത്തിന് ഇന്റര്‍നെറ്റുതന്നെയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് കണ്ടെത്തിയ സോളിഡാരിറ്റിയുടെ ബുദ്ധി മറ്റൊരു സൂചനയാണ് നല്‍കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ മാധ്യമങ്ങളിലൂടെ യുവതലമുറയിലെ വിദ്യാസമ്പന്നരായ കുറേപ്പേരെയെങ്കിലും സ്വാധീനിക്കുക. അവരിലൂടെ തങ്ങളുടെ മതേതരത്വവും സാമൂഹ്യപ്രതിബദ്ധതയും പ്രചരിപ്പിച്ച് പുതിയൊരു ബൌദ്ധികപ്രക്ഷാളനം തന്നെ സംഭവിപ്പിക്കുക.

ആധുനിക വിവരവിപ്ളവത്തിന്റെ സകല സാധ്യതകളുമുപയോഗിച്ച് തങ്ങളുടെ മതത്തെ വിപണനം ചെയ്യുകയാണവര്‍. അതിലവര്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്തു. രക്തം കൊടുത്തതിനെ മഹത്വവല്‍ക്കരിച്ചു പ്രചരണം നടത്തുമ്പോഴാണ് അതിനു പിന്നില്‍ മനസ്സാക്ഷിയും മനുഷ്യത്വവുമല്ല, മറിച്ച് മതപരമായ അജണ്ടയാണുള്ളതെന്നു വ്യക്തമാകുന്നത്. വലതുകരം ഛേദിക്കപ്പെട്ടതിനേക്കാള്‍ വലിയ ശിക്ഷയാണ് ഇതിലൂടെ ജോസഫ് എന്ന അധ്യാപകനു ലഭിച്ചത്.

കൈവെട്ടലിന്റെ പേരില്‍ ഇസ്ളാം മത വിഭാഗത്തെ ഭരണകൂട ഭീകരത വേട്ടയാടുകയാണെന്ന മനുഷ്യാവകാശ പ്രശ്നമുയര്‍ത്തി അറസ്റിനേയും അന്വേഷണത്തേയും പ്രതിരോധിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ചോദ്യപ്പേപ്പര്‍ വിവാദമുണ്ടായ സമയത്ത് പ്രൊഫ. ജോസഫിന്റെ മകന്‍ മിഥുനിനെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചപ്പോള്‍ മനുഷ്യാവകാശ പ്രശ്നമുയര്‍ത്താത്തവരാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പേരില്‍ പൊലീസ് ഇസ്ളാം സമുദായത്തെ പീഢിപ്പിക്കുകയാണെന്ന് ആരോപിക്കുന്നത്. അത്തരത്തിലൊരു പ്രചരണം നടത്തുന്നതിനു പിന്നിലെ കൃത്യമായ അജണ്ടയും നാം കാണാതിരുന്നുകൂടാ.


കൈവെട്ടലിന്റെ പ്രത്യയശാസ്ത്രം

ഒരു ദൈവത്തേയും അധിക്ഷേപിക്കാന്‍ ഇനി ആ കൈ ഉയരാന്‍ പാടില്ലെന്ന മുന്നറിയിപ്പാണ് കൈവെട്ടലിന്റെ പ്രത്യയശാസ്ത്രത്തിലുള്ളത്. മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ പ്രചാരകര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ നിലപാടുതറയില്‍ ഉറച്ചു നിന്ന് ആകാശത്തേക്കുയര്‍ത്തുന്ന മുഷ്ടിയാണ് വെട്ടി മാറ്റി അയലത്തെ പുരയിടത്തിലേക്കു വലിച്ചെറിഞ്ഞത്.
എതിര്‍ക്കുന്നവന്റെ കൈവെട്ടുന്ന പ്രത്യശാസ്ത്രം കേരളം ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതല്ല.

കണ്ണൂരില്‍ മാതാപിതാക്കളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടിക്കൊന്ന് രക്തസാക്ഷിയാക്കിയതും അതിനു പ്രതികാരമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്ററെ വെട്ടിനുറുക്കി ബലിദാനിയാക്കിയതും കേരളം മറന്നിട്ടില്ല. മുവാറ്റുപുഴയില്‍ ജോസഫ് എന്ന അധ്യാപകന്റെ വലതുകരം ഛേദിക്കപ്പെട്ടപ്പോള്‍ പ്രതിഷേധക്കുറിപ്പുമായി രംഗത്തിറങ്ങിയവരോട് ചിലര്‍ ചോദിച്ചതും അതും ഇതും തമ്മിലുള്ള വ്യത്യാസമെന്തെന്നായിരുന്നു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ രാഷ്ട്രീയദൈവങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ മുവാറ്റുപുഴയില്‍ സംഭവിച്ചത് മതദൈവങ്ങളുടെ പേരിലാണ്. സുധീഷും ജയകൃഷ്ണനും പ്രത്യയശാസ്ത്രങ്ങളുടെ പ്രതിനിധികള്‍ മാത്രമായിരുന്നു. അതുകൊണ്ട് അവര്‍ വാഴ്ത്തപ്പെട്ടവരായി. ക്രൂരതയുടെ സ്വഭാവത്തിനു മാറ്റമില്ലെങ്കിലും അതിന്റെ അടിസ്ഥാനത്തിന് മുവാറ്റുപുഴയില്‍ മാറ്റമുണ്ട്. കാരണം കേരളത്തില്‍ പരസ്യമായി ഏറ്റുമുട്ടുന്ന ഏതെങ്കിലും സമുദായത്തിലൊന്നിന്റെ പ്രതിനിധിയായിരുന്നില്ല ജോസഫ്. മറിച്ച് ജോസഫ് ഒരു വ്യക്തി മാത്രമാണ്.

താന്‍ വിശ്വസിക്കുന്ന സമുദായത്തിനോ സഭയ്ക്കോ വേണ്ടിയല്ല ജോസഫ് ചോദ്യത്തില്‍ മുഹമ്മദിനെ ചിത്രീകരിച്ചത്. അത് പ്രവാചകനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരു മതസമൂഹത്തിന്റെ പ്രതിനിധികളായി സ്വയം അവരോധിക്കുന്ന ചിലര്‍ മറ്റൊരു മതത്തിലെ ഒറ്റപ്പെട്ട വ്യക്തിയെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കുന്നതാണ് മുവാറ്റുപുഴയില്‍ കണ്ടത്. ജോസഫിനുവേണ്ടി ഇടയലേഖനമിറക്കാന്‍ സഭ തയ്യാറാകാത്തിടത്തോളം ജോസഫ് ഈ യുദ്ധത്തില്‍ അവരുടെ പ്രതിനിധിയല്ല. പറ്റിപ്പോയ കൈത്തെറ്റിന് മാപ്പുപറഞ്ഞ ജോസഫ് ഒരിക്കലും ഒരിരയുടെ സ്ഥാനത്തു പോലും വരരുതാത്തതാണ്.

എം.എഫ് ഹുസൈന്‍ സ്ത്രീയുടെ നഗ്നചിത്രം വരച്ച് അതിനടിയില്‍ സരസ്വതിയെന്നും സീതയെന്നും എഴുതിവയ്ക്കുമ്പോള്‍ ഹുസൈന്‍ വരച്ചത് ഞങ്ങളുടെ ദൈവത്തെയാണെന്നു തോന്നുന്നതാണ് വിശ്വാസം. സീതയെ അയല്‍പക്കത്തെ സീതയായി കാണാന്‍ കഴിയാത്തത് ഹുസൈന്‍ നമ്മുടെ അയല്‍വാസിയല്ലാത്തിനാലാണ്. വീടിനടുത്തുള്ള ചിത്രകാരനായ ഹുസൈന്‍ തന്റെ സുഹൃദ് സദസ്സില്‍ സീതയുടെ നഗ്നചിത്രം വരച്ചാല്‍ കാണുന്നവന്‍ എത്ര വലിയ വിശ്വാസിയായാലും അത് അയല്‍പക്കത്തെ സീതപ്പെണ്‍കൊടി മാത്രമായിരിക്കും.

പക്ഷെ, സീത ഹനുമാന്റെ വാലില്‍ നഗ്നശരീരം ചേര്‍ത്തു വയ്ക്കുമ്പോള്‍ പേരും രൂപവും വിശ്വാസത്തെ അലോസരപ്പെടുത്തും. കയ്യില്‍ വീണയേന്തിയ സരസ്വതി നഗ്നയാക്കപ്പെടുമ്പോള്‍ അയല്‍പക്കത്തെ സരസ്വതിയല്ലെന്നു വിശ്വാസി തിരിച്ചറിയും,  ആ സരസ്വതിക്ക് ദിവസവും സീരിയലില്‍ കാണുന്ന നടിയുടെ മുഖച്ഛായ നല്‍കിയാല്‍ പോലും! അതാണ് വിശ്വാസം. അതുകൊണ്ട് ആ മുന്നറിയിപ്പ് നാം കേള്‍ക്കാതെ പോകരുത്- വിശ്വാസം അതല്ലേ എല്ലാം.

( ലേഖകന്‍റെ ഇ മെയില്‍ വിലാസം  < tcrajeshin@gmail.com>   ഫോണ്‍:  +91 9656109657 )