സിറിയന്‍ പ്രസിഡന്റ് രാജിവെയ്ക്കണമെന്ന പ്രമേയം യു.എന്‍ പാസാക്കി
World
സിറിയന്‍ പ്രസിഡന്റ് രാജിവെയ്ക്കണമെന്ന പ്രമേയം യു.എന്‍ പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2012, 9:33 am

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയ പ്രമേയം യു.എന്‍ പൊതുസഭ പാസാക്കി. അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് സിറിയക്കെതിരെ യു.എന്‍ പുതിയ ഉപരോധം വോട്ടിനിട്ടത്. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 12നെതിരെ 137 വോട്ടുകള്‍ക്കാണ് ഉപരോധം പാസാക്കിയത്. 17 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

ഈമാസം 26ന് ഹിതപരിശോധന നടത്തുന്ന പുതിയ ഭരണഘടനയുടെ കരട് അംഗീകരിക്കപ്പെട്ടാല്‍ 90 ദിവസത്തിനുള്ളില്‍ സിറിയയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

സിറിയയിലെ സാധാരണക്കാര്‍ക്ക് നേര്‍ക്കുള്ള സൈനിക ആക്രമണം നിര്‍ത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, യുഎന്‍ പ്രമേയം തീവ്രവാദികളെ സഹായിക്കാനാണെന്നും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും സിറിയ ആരോപിച്ചു.

ഖത്തര്‍,കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് നല്‍കിയ അതേ പിന്തുണ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക ആക്രമണങ്ങളെ അപലപിക്കണമെന്നും സിറിയയെ ജനാധിപത്യ സംവിധാനത്തിലേക്ക് കൊണ്ടു വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഇതിനിടെ, ഇന്നലെ സിറിയയില്‍ നടന്ന അക്രമങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. എന്നാല്‍ യുഎന്‍ നടപടി രാജ്യത്തെ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് സിറിയ പ്രതികരിച്ചു.

സിറിയന്‍ ജനതയ്ക്കു നേരെ 11 മാസമായി സൈന്യം നടത്തുന്ന ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന അറബ് ലീഗ് പദ്ധതിക്ക് പിന്തുണയും പ്രമേയത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിന് യുഎന്‍ രക്ഷാസമിതിയില്‍ വന്ന ഇതേ രൂപത്തിലുള്ള പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്ത സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. സിറിയയില്‍ ബഹുകക്ഷി സമ്പ്രദായം കൊണ്ടുവരാന്‍ കരടു ഭരണഘടന നിര്‍ദേശിക്കുന്നതായും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സിറിയിയയിലെ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഭരണകൂടം തികഞ്ഞ പരാജയമാണെന്നും പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ മാത്രമാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും സൗദി അറേബ്യയിലെ യു.എന്‍ അംബാസിഡറായ അബ്ദുല്ല അല്‍ മൗലമി വ്യക്തമാക്കി.

Malayalam News

Kerala News In English