ബ്രാഹ്മണ്യവും നായന്‍മാരുടെ ക്ഷേത്ര പൂജാധികാരവും
Discourse
ബ്രാഹ്മണ്യവും നായന്‍മാരുടെ ക്ഷേത്ര പൂജാധികാരവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th January 2013, 4:44 pm

ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ആര്‍.എസ്.എസ്സ് ഹിതചിന്തകനായ അഡ്വ.ഗോവിന്ദ് ഭരതും വിശാല ഹിന്ദു ഐക്യത്തിന്റെ വക്താവായ രാഹൂല്‍ ഈശ്വരും ഒക്കെ മുന്നോട്ട് വെച്ചത് ഒറ്റ നോട്ടത്തില്‍ നവോത്ഥാനപരമെന്നും വിപ്ലവാത്മകമെന്നും ഒക്കെ തോന്നാവുന്ന അഭിപ്രായങ്ങളാണ്. “”ജന്മനാ ജായതേ ശൂദ്ര””/കര്‍മ്മണാ ജായതേ ദ്വിജ “” എന്ന പാടിപതിഞ്ഞ ഒരു സംസ്‌കൃത ശ്ലോകശകലം പ്രമാണമാക്കിയാണ് രാഹുല്‍ ഈശ്വര്‍ ചാനലില്‍ ഉത്സാഹിച്ചത്.

 സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി എഴുതുന്നു..


എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

 

ഭാരതത്തിന്റെ സാംസ്‌ക്കാരിക ചരിത്രം ഉപനിഷത്തുകളിലൂടേയും ശ്രീബുദ്ധനിലൂടേയും ഒക്കെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ള ഒരു വിഷയമാണ് ആരാണ് ബ്രാഹ്മണന്‍ എന്നത്. ആരാണ് ബ്രാഹ്മണന്‍ എന്ന ചോദ്യത്തിന് ഉത്തരം പറയുവാനാണ് വജ്രസൂചികോനിപനിഷത്ത് നിശിതമായ യുക്തി വിചാരത്തിലൂടെ ശ്രമിക്കുന്നത്. “വേദാധികാര നിരൂപണം” എന്ന കൃതിയിലൂടെ ചട്ടമ്പിസ്വാമികളും ഉത്തരം തേടിയത് ആരാണ് ബ്രാഹ്മണന്‍ എന്താണ് ബ്രാഹ്മണ്യം തുടങ്ങിയ വിഷയങ്ങള്‍ക്ക് തന്നെയാണ്.

ഇത്രയേറെ പഴക്കമുള്ള ഈ വിഷയം കേരളീയ പൊതു മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു”” ആദ്ധ്യാത്മിക രംഗത്തെ ബ്രാഹ്മണ ചൂഷണം അവസാനിപ്പിക്കാന്‍ നായന്‍മാരെ ക്ഷേത്ര പൂജാരിമാരായി നിയോഗിക്കും “”എന്ന എന്‍.എസ്.എസ്സ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയാണ് ബ്രാഹ്മണ്യം എന്ത് ആരാണ് ബ്രാഹ്മണന്‍ എന്നീ പ്രശ്‌നങ്ങളെ വീണ്ടും ചര്‍ച്ചാ പ്രാധാന്യമുള്ളതാക്കിയിരിക്കുന്നത്.[]

ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ആര്‍.എസ്.എസ്സ് ഹിതചിന്തകനായ അഡ്വ.ഗോവിന്ദ് ഭരതും വിശാല ഹിന്ദു ഐക്യത്തിന്റെ വക്താവായ രാഹൂല്‍ ഈശ്വരും ഒക്കെ മുന്നോട്ട് വെച്ചത് ഒറ്റ നോട്ടത്തില്‍ നവോത്ഥാനപരമെന്നും വിപ്ലവാത്മകമെന്നും ഒക്കെ തോന്നാവുന്ന അഭിപ്രായങ്ങളാണ്. “”ജന്മനാ ജായതേ ശൂദ്ര””/കര്‍മ്മണാ ജായതേ ദ്വിജ “” എന്ന പാടിപതിഞ്ഞ ഒരു സംസ്‌കൃത ശ്ലോകശകലം പ്രമാണമാക്കിയാണ് രാഹുല്‍ ഈശ്വര്‍ ചാനലില്‍ ഉത്സാഹിച്ചത്.

“”ജന്മം കൊണ്ട് എല്ലാവരും ശൂദ്രരാണ് കര്‍മ്മം കൊണ്ടാണേ്രത ദ്വിജത്വം അഥവാ ബ്രാഹ്മണത്വം കൈവരുന്നത്”” എന്നര്‍ത്ഥമുള്ള പ്രസ്തുത ശ്ലോക പ്രകാരം നായന്‍മാര്‍ ഉള്‍പ്പെടെയുള്ള അബ്രാഹ്മണര്‍ ബ്രാഹ്മണരെ പോലെ മന്ത്ര തന്ത്രങ്ങളും പൂജാവിധികളും ഒക്കെ അഭ്യസിച്ചാല്‍ ദ്വിജന്മാരാകുമെന്നും അങ്ങനെ ദ്വിജത്വം നേടിയവര്‍ക്ക് ഏത് ക്ഷേത്രത്തിലേയും പൂജാരിമാരാകാം എന്നുമാണ് രാഹുല്‍ ഈശ്വറിന്റേയും മറ്റും വാദം. മന്ത്ര മാതാവായ ഗായത്രിയുടെ ദ്രഷ്ടാവ് ജന്മം കൊണ്ട് ക്ഷത്രിയനും കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടിയവനുമായ വിശ്വാമിത്രമഹര്‍ഷിയാണെന്നും രാഹുല്‍ പറയുന്നു.

ഇതല്ലാതെ മറ്റെന്തായിരുന്നു ബ്രാഹ്മണ്യം നേടാന്‍ അവര്‍ ചെയ്ത കര്‍മ്മം?  അത് തപസ്സും സ്വാദ്ധ്വായവുമാണ്

വാല്‍മീകിയേയും വ്യാസനേയും ഒക്കെ കൊണ്ട് ബ്രാഹ്മണ്യം നേടിയവരായി ചിത്രീകരിക്കുവാനും രാഹുല്‍ ഈശ്വര്‍ വല്ലാത്ത ഉത്സാഹം കാണിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ വളരെ ശരിയെന്ന് തോന്നാവുന്ന ഈ വാദം തറഞ്ഞൊന്നു നോക്കിയാല്‍ തീര്‍ത്തും തെറ്റെന്ന് ബോധ്യമാകും.

മനുഷ്യനെ ബ്രാഹ്മണനാക്കി മാറ്റുന്ന കര്‍മ്മം ഏതാണ്? പൂണൂലും കുടുമയും ഭസ്മവും ധരിച്ച് തന്ത്ര മന്ത്രങ്ങള്‍ അഭ്യസിച്ച് ക്ഷേത്ര പൂജകള്‍ ചെയ്യലാണോ? ആണെങ്കില്‍ വിശ്വാമിത്രനോ വാല്‍മീകിയോ വ്യാസനോ ബ്രാഹ്മണരായിട്ടില്ല. എന്തെന്നാല്‍ അവരാരും ക്ഷേത്രങ്ങളോ പൂജകളോ നിലനിന്നിരുന്ന കാലത്ത് ജീവിച്ചിരുന്നവരല്ല. അതിനാല്‍ ക്ഷേത്ര പൂജകള്‍ ചെയ്യാന്‍ പരിചയിച്ചിട്ടല്ല വിശ്വാമിത്രനും വാല്‍മീകിയും വ്യാസനും ബ്രാഹ്മണ്യം നേടിയതെന്ന് തീര്‍ത്തും പറയാം.

ഇതല്ലാതെ മറ്റെന്തായിരുന്നു ബ്രാഹ്മണ്യം നേടാന്‍ അവര്‍ ചെയ്ത കര്‍മ്മം?  അത് തപസ്സും സ്വാദ്ധ്വായവുമാണ്. ഇതും രണ്ടും ചെയ്യാന്‍ അക്കീരിമണ്‍ കാളിദാസഭട്ടതിരിയോ എല്‍.ഗിരീഷ് കുമാറോ രാഹുല്‍ ഈശ്വറോ, കുടമാളൂര്‍ ശര്‍മയോ, പറവൂര്‍ ശ്രീധരന്‍ തന്ത്രിയോ, കാരുമാത്ര വിജയന്‍ തന്ത്രിയോ കൈകാലുകള്‍ കൊണ്ട് കാട്ടിക്കൂട്ടുന്ന വിദ്യകളൊന്നും ആവശ്യമില്ല. ചുരുക്കത്തില്‍ വിശ്വാമിത്രനും വ്യാസനും വാല്‍മീകിയുമൊക്കെ അവരുടെ ഐതിഹാസിക ജീവിതങ്ങളിലൂടെ തെളിയിച്ചുകാണിക്കുന്നത് തപസ്സു ചെയ്താല്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം നേടാം എന്നാണ്. അല്ലാതെ പൂജാവിധികളും അംഗന്യാസ്യാദി ഗോഷ്ടികളും പഠിച്ചു കാണിച്ചാല്‍ ബ്രാഹ്മണ്യം നേടാം എന്നല്ല.
അടുത്ത പേജില്‍ തുടരുന്നു

ഇനി തപസ്സെന്ന കര്‍മം ചെയ്താല്‍ തന്നെയും സകലരും ബ്രാഹ്മണരാകുമെന്ന് പറയുവാന്‍ രാവണന്‍, ഭസ്മാസുരന്‍, ഹിരണ്യന്‍, നരകാസുരന്‍, അര്‍ജ്ജുനന്‍ എന്നിവരുടെ ജീവിതമൊന്നും തെളിവ് നല്‍കുന്നില്ല. മേല്‍പ്പറഞ്ഞവരൊക്കെ ഉഗ്രതപസ്വികളായിരുന്നു. പക്ഷേ അവരെയൊന്നും ആരും ബ്രാഹ്മണരായി ഗണിച്ചിരുന്നു എന്ന കേട്ടുകേള്‍വി പോലും ഇല്ല.[]

മാത്രമല്ല ശംബൂകന്‍ എന്ന ശൂദ്രന്റെ തപസ് തടയുന്ന ശ്രീരാമന്‍ ശൂദ്രന്‍ തപസ്സിലൂടെ ഉയര്‍ന്ന് ബ്രാഹ്മണനാകുന്നത് തടയുകയാണ് ചെയ്തതെന്ന വാദം കൂടി പരിഗണിക്കുമ്പോള്‍ എല്ലാവരേയും തപസ്സിലൂടെ ബ്രാഹ്മണ്യം നേടുവാന്‍ അനുവദിക്കാത്ത വ്യവസ്ഥയും ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നും തപസ്സ് ചെയ്തവരെല്ലാം ബ്രാഹ്മണരായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതിനും ഒക്കെ മതിയായ സാക്ഷ്യങ്ങള്‍ ഉണ്ടാവുന്നുമുണ്ട്.

അതിനാല്‍ കര്‍മ്മം കൊണ്ട് ഒരാള്‍ ബ്രാഹ്മണരായി തീരുമെന്ന് വീറോടെ വാദിക്കുന്ന രാഹുല്‍ ഈശ്വര്‍ എന്തുകര്‍മ്മം ചെയ്താലാണ് ഒരാള്‍ ബ്രാഹ്മണനാവുക എന്നുകൂടി വേദോപനിഷത്തുക്കളുടേയും ഇതിഹാസ പുരാണങ്ങളുടേയും പിന്‍ബലത്തോടെ പൊതുജനസമക്ഷം വിശദീകരിക്കുവാന്‍ തയ്യാറാകണം. തുടക്കത്തില്‍ പരാമര്‍ശിച്ച വജ്രസൂചികോപനിഷത്തില്‍ പറയുന്നത് “”ബ്രഹ്മജ്ഞാനം ഉള്ളങ്കയ്യിലെ നെല്ലിക്കപോലെ വ്യക്തമായി തീര്‍ന്നവനാരോ അയാളാണ് ബ്രാഹ്മണന്‍”” എന്നാണ്.

ഇതുപ്രകാരം ശ്രീബുദ്ധനോളം ബ്രാഹ്മണനെന്നു വിളിക്കപ്പെടുവാന്‍ യോഗ്യതയുള്ളൊരാള്‍ ഇന്ത്യാ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. എന്നിട്ടും എന്തുകൊണ്ടാണ് ശ്രീബുദ്ധനെ ബ്രാഹ്മണനായി അംഗീകരിക്കുന്നതിനോ ബുദ്ധ വിഹാരങ്ങള്‍ ഇന്ത്യയില്‍ നിലനിര്‍ത്തുന്നതിനോ ആധുനിക കാലത്ത് ബുദ്ധമതം സ്വീകരിച്ച ഡോ. അംബേദ്ക്കറേയും അനുയായികളേയും ബ്രാഹ്മണ്യത്തിന്റെ വഴിയേ പോകുന്നവരായി കണക്കാക്കി ബ്രാഹ്മണ സ്ത്രീകളെ അവര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിനോ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ “ബ്രാഹ്മണ ജാതി”കള്‍ തയ്യാറാകാതിരുന്നത്?

പൂണൂല്‍ ധാരിയും ക്ഷേത്ര പൂജാവിധികള്‍ അത്യാവശ്യത്തിന് പഠിച്ചിരുന്ന ആളുമായ ശ്രീരാമകൃഷ്ണ പരമഹംസന്‍ ജ്ഞാനം നേടിയപ്പോള്‍ പൂജാരി പണി തുടങ്ങുകയല്ല നിര്‍ത്തുകയാണ് ചെയ്തത്

വിശ്വാമിത്രന്‍ എന്ന ക്ഷത്രിയന് കര്‍മ്മം കൊണ്ട് ബ്രാഹ്മണനായി മാറാന്‍ കഴിഞ്ഞതിനെ പ്രകീര്‍ത്തിക്കുന്ന യുക്തി സിദ്ധാര്‍ത്ഥന്‍ എന്ന ക്ഷത്രിയന്‍ ശ്രീ ബുദ്ധനായി മാറിയതിനെ അംഗീകരിക്കുന്നതിന് വിസ്സമ്മതിച്ചത് എന്തുകൊണ്ടാണ്? ബുദ്ധന് ബ്രഹ്മജ്ഞാനം ഇല്ലാതിരുന്നതിനാലാണോ? അതോ ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണന്‍ എന്ന വജ്രസൂചികോപനിഷത്തിന്റെ നിലപാട് ശരിയല്ലാത്തതുകൊണ്ടാ? രാഹുല്‍ ഈശ്വര്‍ ഇതിനൊക്കെ സമാധാനം പറയണം.

ഇത്തരത്തില്‍ പ്രസക്തമായൊരു ചരിത്ര വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ. പൂണൂല്‍ ധാരിയും ക്ഷേത്ര പൂജാവിധികള്‍ അത്യാവശ്യത്തിന് പഠിച്ചിരുന്ന ആളുമായ ശ്രീരാമകൃഷ്ണ പരമഹംസന്‍ ജ്ഞാനം നേടിയപ്പോള്‍ പൂജാരി പണി തുടങ്ങുകയല്ല നിര്‍ത്തുകയാണ് ചെയ്തത്. എന്തുകൊണ്ടെന്നാല്‍ സര്‍വത്ര സമബുദ്ധിയില്‍ എത്തലാണ് ബ്രഹ്മജ്ഞാനം. അത്തരം ബ്രാഹ്മണ്യം ക്ഷേത്ര പൂജയില്‍ ചടഞ്ഞിരിക്കലാണ് ബ്രാഹ്മണ്യം എന്ന് കരുതുകയില്ല. രാമകൃഷ്ണ ചരിത്രം അതേ്രത തെളിയിച്ചത്.

കാര്‍ ഡ്രൈവിങ് എന്നതുപോലെ ഏതാണ്ട് എല്ലാവര്‍ക്കും പഠിക്കാവുന്ന ചില ശാരീരിക ക്രിയകളാണ് പൂജാ കര്‍മങ്ങള്‍. അത് പഠിച്ചാല്‍ മനുഷ്യന്‍ പൂജാരിയാകുമെന്നല്ലാതെ ഉപനിഷത്തുക്കളും ശ്രീബുദ്ധനും ഒക്കെ അംഗീകരിക്കുന്ന ബ്രാഹ്മണ്യം ഉള്ളവരാവുകയില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഔപനിഷദികമായ ബ്രാഹ്മണ്യത്തിന് വ്യക്തി ബ്രാഹ്മജ്ഞാനം നേടണം.
അടുത്ത പേജില്‍ തുടരുന്നു

ബ്രാഹ്മജ്ഞാനമാകട്ട ശ്രീബുദ്ധന്‍, ശ്രീരാമകൃഷ്ണന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, ശ്രീ രമണ മഹര്‍ഷി എന്നിങ്ങനെ ലക്ഷത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന സാധ്യതയാണ്. ഈ നിലയില്‍ ബ്രാഹ്മണ്യം എന്നത് ഭൂമിയില്‍ ഹിമവാന്‍ എന്നത് പോലെ മനുഷ്യരില്‍ കാണുന്ന അപൂര്‍വ്വ പ്രതിഭാസമാണ്. അത്തരം മനുഷ്യരിലൊരിക്കലും ഒരു സഭയോ സമുദായമോ ആകാവുന്ന വിധം ആള്‍ക്കൂട്ട സാധ്യതയാവുകയില്ല.[]

അതിനാല്‍ അഡ്വ. ഗോവിന്ദ് ഭരതും, രാഹുല്‍ ഈശ്വറും ഒക്കെ വാദിച്ചു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന കര്‍മ്മസിദ്ധമായ ബ്രാഹ്മണ്യം ഔപനിഷദികമായ ബ്രാഹ്മണ്യമല്ല മറിച്ച് പൂജ എന്ന തൊഴിലില്‍ ഊന്നി ഹൈന്ദവ ഫാസിസ്റ്റുകള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന പൗരോഹിത്യ ബ്രാഹ്മണ്യമാണ്. പൂജ പഠിച്ച ഏതൊരാള്‍ക്കും പൂജാരിയാകാം. ബ്രാഹ്മണ്യവും നേടാം എന്ന വാദത്തിലൂടെ രാഹുല്‍ ഈശ്വറും മറ്റും മുന്നോട്ട് വയ്ക്കുന്നത്. ബ്രാഹ്മണേതര സമുദായാംഗങ്ങളെ പോലും പൂണൂലും കുടുമയും ധരിപ്പിച്ച് പതിയെ പതിയെ ബ്രാഹ്മണവത്ക്കരിക്കുക എന്നതും അതുവഴി ഹൈന്ദവ ഫാസിസവത്ക്കരണത്തിന് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായുടേതുപോലുള്ള ഇത്തരം വാദഗതികളെ മുളയിലേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാത്ത പക്ഷം മതേതര ജനാധിപത്യത്തിനും ഇന്ത്യയുടെ വൈവിധ്യ സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യത്തിനും കനത്ത തിരിച്ചടി നേരിടേണ്ടി വരും. അബ്രാഹ്മണരെ ഹൈന്ദവവത്ക്കരിച്ച് മുസ്‌ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പരമതസ്ഥരെ തച്ചൊതുക്കുവാനുളള കായിക ശക്തിയാക്കി ഉപയോഗിക്കുവാന്‍ ഗുജറാത്തില്‍ സ്വാമി അസീമാനന്ദ നടത്തിയ ശ്രമങ്ങള്‍ക്ക് സമാനമാണ് രാഹുല്‍ ഈശ്വറിന്റെ വാദങ്ങള്‍.

“മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നു പറഞ്ഞ നാരായണ ഗുരുവിനെ പോലും ഹൈന്ദവനും ഈഴവനുമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതുകൂടി കണക്കിലെടുക്കുമ്പോള്‍ ബ്രാഹ്മണവത്ക്കരിച്ച് ഹൈന്ദവ ഫാസിസം നടപ്പാക്കുക എന്ന ഒളി അജണ്ട ഏതൊക്കെ വിധത്തില്‍ ഇവിടെ ഉയര്‍ത്തപ്പെടുന്നുണ്ടെന്ന് ഏകദേശം ബോധ്യമാകും.

ബ്രാഹ്മണര്‍ ചെയ്യുന്നതൊക്കെ അതേ പടി ചെയ്യുന്ന ഒരു പൂജാ സംവിധാനത്തില്‍ നായന്‍മാര്‍ ബ്രാഹ്മണ ദാസന്‍മാരാവുക എന്നതേ സംഭവിക്കൂ

മാത്രമല്ല ഭഗവത്ഗീതാനുശാസന പ്രകാരം പരിശോധിച്ചാലും ബ്രാഹ്മണ്യം എന്നത് കര്‍മ്മസിദ്ധം മാത്രമല്ലെന്നും ഗുണാധിഷ്ഠിതം കൂടിയാണെന്നും പറയേണ്ടി വരും.”” ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മ വിഭാശ””: എന്നതില്‍ ഗുണത്തിനാണ് കര്‍മ്മത്തിനല്ല ഭഗവാന്‍ പ്രഥമസ്ഥാനം കല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാണല്ലോ. കാക്കയെ എന്തൊക്കെ ചെയ്ത് പരിശീലിപ്പിച്ചാലും കുയിലിനെ പോലെ ശബ്ദിപ്പിക്കാനാവില്ല. ഇതുപോലെ ഘോരമായ ശബ്ദമുള്ള ഒരു മനുഷ്യനേയും എത്ര തന്നെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ചാലും യേശുദാസിനെ പോലെ പാടുന്നവനാക്കുക സാധ്യമല്ല. ഒരു മുടന്തിയെ കര്‍മ്മങ്ങളിലൂടെ പി.ടി ഉഷയെപോലെ ഓട്ടക്കാരിയാക്കാനോ ശോഭനയെപോലെ നര്‍ത്തകിയാക്കാനോ സാധ്യമാവില്ല. ഏത് പെരുന്തച്ചന്‍ വിചാരിച്ചാലും മുരിങ്ങമരത്തില്‍ വിഗ്രഹം കൊത്തിയെടുക്കാനില്ല. പക്ഷേ ദ്രോണാചാര്യര്‍ പഠിപ്പിക്കാവാന്‍ തയ്യാറാവാതിരുന്നാലും ദ്രോണര്‍ പഠിപ്പിച്ച അര്‍ജ്ജുനനേക്കാള്‍ സമര്‍ത്തനായ അസ്ത്രാഭ്യാസിയാകുവാന്‍ ഏകലവ്യന്റെ ഗുണമുള്ള മനുഷ്യന് കഴിയും. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്താണ് കര്‍മ്മംകൊണ്ടുമാത്രം ആരും ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആവുകയില്ലെന്നും ഗുണംപരമ പ്രധാനമാണെന്നും ഗീതാകാരന്‍ പറയുന്നത്.
അടുത്ത പേജില്‍ തുടരുന്നു

ഏക് ഗുണവും പ്രകൃതിയുടെ ആ പൂരണം (mutation) കൊണ്ടേ സൃഷ്ടികളില്‍ സന്നിവേശിക്കപ്പെടൂ “” ജാത്യാന്തര പരിണാമ:പ്രകൃത്യാ ആ പൂരാത്”” എന്ന് പാതാജ്ജല യോഗ സൂത്രം പറയുന്നു. ഈഴവ ജാതിയുടെ മേല്‍ഗതിക്ക് ഈഴവരില്‍ നിന്ന് തന്നെ നാരായണ ഗുരു സംഭവിച്ചത് കാലത്തിന്റെ ആവശ്യത്താലും ആ പൂരണത്താലുമാണ്. അതിന് വേണ്ടുന്ന ഗുണങ്ങള്‍ എവിടെ നിന്ന് ചെമ്പഴന്തിയില്‍ പിറന്ന നാണുവിലേക്ക് കടന്നു കൂടി എന്ന ചോദ്യത്തിന് ചരിത്രത്തില്‍ നിന്ന് കാലത്തില്‍ നിന്ന് എന്നൊക്കെ ഉത്തരം പറയുന്നത് പോലെ യുക്തിഭദ്രമാണ് പ്രകൃതിയില്‍ നിന്നെന്ന് പറയുന്നതും.

ഇതൊക്കെ കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ വെറും കര്‍മ്മമല്ല ബ്രാഹ്മണ്യത്തിന് കാരണമെന്നും ഗുണം കൂടിയാണെന്നും പറയേണ്ടി വരും. അതിനാല്‍ കര്‍മ്മത്തിലൂടെ പ്രാപ്യമാകുന്നതാണ് ബ്രാഹ്മണ്യം എന്നത് കര്‍മ്മഠന്‍മാരുടെ അഥവാ പൗരോഹിത്യ ബ്രാഹ്മണന്‍മാരുടെ ജാധിപത്യ വ്യവസ്ഥയിലെ ഒരു കൗശലന്യായം എന്നതിനപ്പുറം ഭഗവത് ഗീതയ്‌ക്കോ യോഗ സൂത്രത്തിനോ നിരക്കുന്ന അഭിപ്രായമല്ല. പിന്നെങ്ങിനെയാണത് ഭാരതീയ സാംസ്‌ക്കാരിക പാരമ്പര്യത്തിന് നിരക്കുന്ന വാദമാകുന്നത്?[]

കര്‍മ്മം കൊണ്ട് ഏതൊരാള്‍ക്കും ബ്രാഹ്മണ്യം നേടാവാനാകുമെങ്കില്‍ ആര്യ സമാജവും തന്ത്ര വിദ്യാപീഠവും ഒക്കെ ടാറ്റ കമ്പനി നാനോ കാറുകള്‍ പടച്ചിറക്കിയ പോലെ അനേകം ബ്രാഹ്മണരെ കേരളത്തില്‍ ഉണ്ടാക്കി കഴിഞ്ഞെന്ന് പറയേണ്ടി വരും. കാരണം അത്രയേറെ പേര്‍ പൂജാഹോമാദികള്‍ പഠിച്ച് പൂണൂലിട്ട് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. അത്തരക്കാരാണ് അതിരൂദ്രയജ്ഞ വേദിയില്‍ അണിനിരന്ന് പൂജ ചെയ്ത് പണം പറ്റിയ പുരോഹിതരില്‍ ഭൂരിഭാഗം പേരും.

ഇവരില്‍ പൂന്താനത്തിന്റേയോ ശ്രീരാമകൃഷ്ണന്റേയോ, ചട്ടമ്പിസ്വാമികളുടേയോ, ശ്രീനാരായണഗുരുവിന്റോയോ ഗുണനിലവാരമുള്ള എത്ര പേര്‍ ഉണ്ട്? ആരുമില്ലെന്ന് ഉറപ്പ്. പിന്നെങ്ങനെ ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന് പറയും? അങ്ങനെ പറയണമെങ്കില്‍ പൂണൂലിട്ട് പൂജ പഠിച്ച് വരുന്ന പുരോഹിതന്‍മാരോടോ ബ്രഹ്മജ്ഞാനമോ ബ്രാഹ്മണ്യമോ പൂന്താനത്തിനോ ശ്രീരാമകൃഷ്ണനോ ചട്ടമ്പിസ്വാമികള്‍ക്കോ നാരായണ ഗുരുവിനോ ഉണ്ടായിട്ടില്ലെന്ന് തെളിയിക്കേണ്ടി വരും. അതിനുള്ള ധൈര്യം രാഹുല്‍ ഈശ്വറിനെ പോലുള്ള ചാനലില്‍ ചിലക്കുന്ന പൗരോഹിത്യ കര്‍മ്മഠന്‍മാര്‍ക്കുണ്ടോ?

മലയാളം പറഞ്ഞാല്‍ മനസിലാകുന്ന ദൈവങ്ങള്‍ മതി മലയാളിക്ക് എന്ന് തീരുമാനിക്കാന്‍ കഴിയാത്തിടത്തോളം ആധ്യാത്മിക രംഗത്തെ ബ്രാഹ്മണ ചൂഷണം അവസാനിപ്പിക്കുവാനാകില്ല

അവസാനമായി സുകുമാരന്‍ നായരോടും ചിലത് സൂചിപ്പിക്കട്ടെ, താങ്കളുടെ പ്രസ്താവന ബ്രാഹ്മണദാസ്യത്തില്‍ നിന്ന് നായന്‍മാരെ വിമോചിപ്പിക്കുവാന്‍ അകമഴിഞ്ഞ് ആഗ്രഹിച്ച് അഹോരാത്രം പണിയെടുത്ത മന്നത്ത് പത്മനാഭന്റെ മനോഗതിയോട് നീതി പുലര്‍ത്തുന്നത് തന്നെയാണ്. പക്ഷേ, ആയതു കര്‍മ്മ പഥത്തില്‍ വരുത്തുവാന്‍ നായന്‍മാരെ പൂജാരിമാരാക്കിയാല്‍ മാത്രം സാധിക്കുമോ? നായന്‍മാര്‍ എങ്ങനെയുള്ള പൂജാരിമാരായിരിക്കണം എന്നത് സംബന്ധിച്ച നിലപാടുകള്‍ കൂടി ഉണ്ടായിരിക്കേണ്ടതില്ലേ?

ബ്രാഹ്മണര്‍ ചെയ്യുന്നതൊക്കെ അതേ പടി ചെയ്യുന്ന ഒരു പൂജാ സംവിധാനത്തില്‍ നായന്‍മാര്‍ ബ്രാഹ്മണ ദാസന്‍മാരാവുക എന്നതേ സംഭവിക്കൂ. കാരണം നാം സായിപ്പിനെ ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും അനുകരിച്ച് ഒടുവില്‍ സായിപ്പിന് കീഴ്‌പ്പെട്ടു. ഇതുപോലെ ഈശ്വരാരാധനയില്‍ ബ്രാഹ്മണ പൗരോഹിത്യത്തെ അനുകരിച്ചാല്‍ അനുകരിക്കുന്നവന്‍ പുരോഹിത ബ്രാഹ്മണന് കീഴ്‌പ്പെടും.

കീഴ്‌പ്പെട്ടവനെ കീഴടക്കിയവന്‍ അടിമയെ യജമാനന്‍ എന്ന പോലെയും കുടിയാനെ ജന്മി എന്ന പോലെയും തൊഴിലാളിയെ മുതലാളി എന്ന പോലെയും ലോകരാഷ്ട്രങ്ങളെ അമേരിക്ക എന്ന പോലെയും ചൂഷണം ചെയ്യും. ചുരുക്കത്തില്‍ പൂജാരിമാരാകുന്ന നായന്‍മാര്‍ ബ്രാഹ്മണ ദാസ്യത്തില്‍ പണ്ടുകാലത്തെന്ന പോലെ ഇക്കാലത്തും സ്വയംമറന്ന് അകപ്പെടുവാന്‍ ഇടവരും.
അടുത്ത പേജില്‍ തുടരുന്നു

അതിനാല്‍ ആധ്യാത്മികരംഗത്തെ ബ്രാഹ്മണ ചൂഷണം അവസാനിപ്പിക്കുവാനുള്ള സുകുമാരന്‍ നായരുടെ ആഗ്രഹം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ബ്രാഹ്മണര്‍ കയ്യേറി മണ്‍മറച്ചു കളഞ്ഞ നായന്‍മാരുടേയും മറ്റും തനത് ഈശ്വരാരാധനാ രൂപങ്ങളെ അരുവിപുറം പ്രതിഷ്ഠയില്‍ ശ്രീനാരായണ ഗുരു ചെയ്തതിനെ മാതൃകയാക്കി ഉയര്‍ത്തിക്കൊണ്ടുവരണം. നായന്‍മാരുടെ ഈശ്വരാരാധനാ കേന്ദ്രങ്ങളേയും പൂജാ രീതികളേയും സംബന്ധിച്ച് ഡോ. ചേലനാട്ട് അച്യുതമേനോന്‍ എഴുതിയ” കേരളത്തിലെ കാളീസേവ” എന്ന ഗ്രന്ഥം സഹായകരമാവും.[]

ഇത്തരം തനത് ശ്രമങ്ങള്‍ നടത്താത്ത പക്ഷം നായന്‍മാര്‍ പൂജാരികളായാല്‍ അവര്‍ പ്രച്ഛന്നപുരോഹിത ബ്രാഹ്മണരാവുക എന്നതേ സംഭവിക്കൂ. അവരും ആധ്യാത്മിക ചൂഷണം ബ്രാഹ്മണരെപ്പോലെ ചെയ്യും. ഇതൊഴിവാക്കാന്‍ ബ്രാഹ്മണ പൗരോഹിത്യ വത്ക്കരണത്തില്‍ നിന്ന് അബ്രാഹ്മണരുടെ ഈശ്വരാരാധനാ സമ്പ്രദായങ്ങളെ വിമോചിപ്പിക്കേണ്ടതുണ്ട്.

മുത്തപ്പന്‍ മടപ്പുരകളിലും വിവിധ തെയ്യങ്ങളുടെ ആരാധനകളിലും അയ്യപ്പന്‍ പൂജയിലുമൊക്കെ അത്തരം ബ്രാഹ്മണേതര പൂജാശൈലികള്‍ നിലവിലുണ്ട്. കളമെഴുത്ത് പാട്ടില്‍ കുറുപ്പന്‍മാര്‍ നടത്തുന്ന ആരാധനാ രീതികള്‍ക്കും ദ്രാവിഡ പൊലിമയും കേരളത്തനിമയും ഉണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ഒരു പുത്തന്‍ പൂജാവിധാനം തന്നെ ഉണ്ടാക്കിയെടുക്കുവാന്‍ എന്‍.എസ്.എസ് നേതൃത്വം നല്‍കണം.

അധ്യാത്മ രാമായണം ചൊല്ലിവിളിച്ചാല്‍ വിളികേള്‍ക്കുന്ന ശ്രീരാമ ദേവനേയും ജ്ഞാനപ്പാന ചൊല്ലി പൂജിച്ചാല്‍ സ്വീകരിക്കുന്ന ശ്രീകൃഷ്ണനേയും ” അമ്മേ നാരായണ” ചൊല്ലി അര്‍ച്ചിച്ചാല്‍ കേള്‍ക്കുന്ന മഹാദേവിയേയും ശരണമയ്യപ്പ എന്നതിനപ്പുറം മൂലമന്ത്രമേതുമില്ലാത്ത അയ്യപ്പനേയും ഒക്കെ ആരാധിക്കുവാന്‍ മലയാളിക്ക് പ്രാപ്തി ഉണ്ടാകുമ്പോഴേ സംസ്‌കൃത മന്ത്രങ്ങളുടെ ശബ്ദഘോഷങ്ങളാല്‍ ആളുകളെ അമ്പരപ്പിച്ച് ആധ്യാത്മിക ചൂഷണത്തിനുള്ള ക്രിയാ കലാപവിരുതുകള്‍ എവിടേയും ഒരുക്കിവെച്ചിരിക്കുന്ന ബ്രാഹ്മണ പൗരോഹിത്യത്തിന്റെ തേര്‍വാഴ്ചയ്ക്ക് തടയിടാനാകൂ.

മലയാളം പറഞ്ഞാല്‍ മനസിലാകുന്ന ദൈവങ്ങള്‍ മതി മലയാളിക്ക് എന്ന് തീരുമാനിക്കാന്‍ കഴിയാത്തിടത്തോളം ആധ്യാത്മിക രംഗത്തെ ബ്രാഹ്മണ ചൂഷണം അവസാനിപ്പിക്കുവാനാകില്ല. ആ വഴിക്ക് എന്തെങ്കിലും ചെയ്യാന്‍ എന്‍.എസ്.എസിന് ഉള്‍ക്കരുത്തും ഉള്ളുണര്‍വ്വും ഉണ്ടോ? ഉണ്ടെങ്കിലേ ബ്രാഹ്മണ ദാസ്യത്തില്‍ നിന്ന് നായന്‍മാരേയും അവരുടെ ക്ഷേത്രങ്ങളേയും വിമോചിപ്പിക്കുവാനാകൂ.


ലേഖകന്റെ വിലാസം
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധിധര്‍മ്മാചാര്യന്‍

ഗീതാവിജ്ഞാനമാനവ വേദി

എം.എം ബില്‍ഡിങ്‌സ്

മാവിച്ചേരി-പയ്യന്നൂര്‍ പി.ഒ

കണ്ണൂര്‍

email. shakthibodhiviswa@gmail.com