Kerala
നഴ്‌സുമാരുടെ സമരം: പുറം ലോകം അറിയാത്ത സത്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jan 18, 05:47 am
Wednesday, 18th January 2012, 11:17 am

നഴ്‌സുമാരുടെ സമരങ്ങള്‍ വിവിധ ആശുപത്രിയില്‍ മുറയ്ക്കു നടക്കുന്നുമ്പോള്‍ അതിന്റെ വാര്‍ത്തകള്‍ പലതും പുറം ലോകം അറിയുന്നില്ല. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പോലും ഇവിടുത്തെ പല മാധ്യമങ്ങളും തയ്യാറാകുന്നില്ല.  ഇവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ കഴിയുന്നില്ല. തുച്ഛമായ വേതനത്തില്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് പിന്തുണയുമായി ഒരു സംഘടനയും വരുന്നില്ല.  നഴ്‌സുമാരുടെ സമരത്തെ കുറിച്ച് പുറം ലോകം അറിയാത്ത പല കാര്യങ്ങളും ഇവിടെ വെളിപ്പെടുത്തുകയാണ് അംഗമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലെ നഴ്‌സും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ജാസ്മിന്‍ ഷാ..

അംഗമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം ജനുവരി 2ാംതിയ്യതിയാണ് തുടങ്ങിയത്. സമരം 9ാം ദിവസം പിന്നിടുമ്പോഴും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുകളൊന്നും  ഉണ്ടാകുന്നില്ല. മിനിമം കൂലി നല്‍കുക,സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, ജോലി സമയം എട്ടുമണിക്കൂറായി കുറയ്ക്കുക തുടങ്ങി  ലളിതമായ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഏതുവിധത്തിലും അത് അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

അംഗമാലി ആശുപത്രിയിലെ നേഴ്‌സുമാരെല്ലാം ട്രേയിനി ആയാണ് സേവനം അനുഷ്ടിക്കുന്നത്. ശബളമായി ആകെ അവര്‍ തന്നിരുന്നത് 3500 രൂപയായിരുന്നു. അതില്‍ തന്നെ ഭകഷണത്തിനും താമസത്തിനുമായി 1100 രൂപ അവര്‍ പിടിച്ചുവെയ്ക്കുമായിരുന്നു. 2009 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിയമപ്രകാരം മിനിമം വേതനമായി 8500 രൂപയെങ്കിലും നല്‍കണമെന്നുള്ളതാണ് എന്നാല്‍ അവര്‍ പുറത്ത് പറഞ്ഞു കൊണ്ടു നടക്കുന്നത് 10000 രൂപവരെ ശബളം കൊടുക്കുന്നുണ്ടെന്നാണ്. രജിസ്റ്ററില്‍ ഒപ്പ് വെച്ചതിനുശേഷം മാത്രമേ അവര്‍ ശബളം തന്നിരുന്നുള്ളൂ അതും ഒരു കവറിലിട്ട് ഒട്ടിച്ചാണ് തരാറ്.

സമരത്തിനുനേരെ ഒരു ചര്‍ച്ചയ്ക്കും അവര്‍ തയ്യാറായിരുന്നില്ല. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുനേരെ കത്തിയും മാരകായുധങ്ങളുമായി ചിലര്‍ വന്നു. എങ്ങനെയെങ്കിലും ഭയപ്പെടുത്തി ഞങ്ങളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.

സമരം നടക്കുന്ന ഒരു ദിവസം വനിതാ ഹോസ്റ്റലില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നവര്‍ വസ്ത്രം മാറാനായി പോയി. മുറിയില്‍ കയറി ഡ്രസ് മാറാന്‍ തുടങ്ങിയപ്പോള്‍ ക്യാമറയുടെ ഫല്‍ഷ് മുറിയില്‍ നിന്നും മിന്നുന്നത് കണ്ടു. മുറിക്കുള്ളില്‍ ക്യമറയുമായി ഒളിച്ചു നിന്ന ഒരാളെ കണ്ടപ്പോള്‍ അവര്‍ ഉറക്കെ കരഞ്ഞു. ഉടന്‍ തന്നെ ഞങ്ങള്‍ ഓടിയെത്തി അയാളെ കയ്യോടെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇതെല്ലാം മാനേജ്‌മെന്റ് നടത്തുന്ന കളികളാണ്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ഫോണ്‍ ചെയ്ത് അവര്‍ക്ക് അസുഖമാണെന്നും മറ്റും പറഞ്ഞ് രക്ഷിതാക്കളെ മാനസികമായി വിഷമിപ്പിക്കാനും അവര്‍ ശ്രമിക്കാറുണ്ട്.മാനസികമായും ശാരീരികമായും ഞങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഞങ്ങളുടെ സമരത്തെ എങ്ങനെയൊക്കെ അട്ടിമറിയ്ക്കാമോ അതൊക്കെ അവര്‍ ചെയ്യും. ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റല്‍ അവര്‍ അടച്ചുപൂട്ടി.

ജനുവരി 2 നാണ് ഞങ്ങള്‍ സമരം തുടങ്ങിയത്. ഇതുവരെ രണ്ടു തവണ മാത്രമേ മാനേജ്‌മെന്റ് ഞങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നിട്ടുള്ളൂ. ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയും പരാജയമായിരുന്നു. പിരിച്ചു വിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ഞങ്ങളുടെ ആവശ്യം അവര്‍ പരിഗണിച്ചില്ല.

സമരം തുടങ്ങിയതുമുതല്‍ അവര്‍ പുതിയ ചില പദ്ധതികളും കൊണ്ടുവന്നു. മുഴുവന്‍ നഴ്‌സുമാര്‍ക്കും യോഗ്യതാ പരീക്ഷ കൊണ്ടു വരണമെന്നാണ് അവര്‍ പറയുന്നത്. ആ പരീക്ഷയില്‍ ജയിക്കുന്നവരെ മാത്രമേ സ്ഥിരപ്പെടുത്തുകയുള്ളൂ. രണ്ടു വര്‍ഷം മുതല്‍ ഏതാണ്ട് പത്തുവര്‍ഷം വരെ എക്‌സ്പീരിയന്‍സുള്ള നഴ്‌സുമാര്‍ക്ക് യോഗ്യതാ പരീക്ഷ വേണമെന്നു പറയുന്നതിനു പിന്നിലുള്ള വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ക്ക് ഞങ്ങളെ എങ്ങനെയെങ്കിലും പുറത്താക്കണം. അതിനുള്ള മാര്‍ഗമാണ് ഇതെല്ലാം.

മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ ഞങ്ങളുടെ ഈ പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍ ദു:ഖമുണ്ട്. കേരളത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു മേഖലയാണ് നേഴ്‌സിംഗ്. എന്നാലും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇവിടെയാരുമില്ല. കേരളത്തിലെ പല ആശുപത്രികളും നടത്തുന്നത് റിലയന്‍സ് പോലുള്ള വലിയ കോര്‍പ്പറേറ്റ്‌സുകളും മത സ്ഥാപനങ്ങളുമാണ്. ഇവരില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരിലും ഗവണ്‍മെന്റിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരാണ് പലരും. കേരളത്തിലെ പല എം.പി മാര്‍ക്കും എം.എല്‍.എ മാര്‍ക്കും ഷെയറുകളുള്ള ഹോസ്പിറ്റലുകളാണ് പലതും. ഇവരുടെ നിയന്ത്രണത്തിലാണ് രാഷ്ടീയക്കാരെല്ലാം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കാത്തത് മറ്റൊന്നും കൊണ്ടല്ല. മാധ്യമസ്ഥാപനങ്ങളും ഇവരും തമ്മിലുള്ള ബന്ധത്തിനിടയില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മുങ്ങിപ്പോവുന്നു.

അതിന് ഉത്തമ ഉദാഹരണമാണ് മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഈയിടെ നടന്ന സമരം. അത് ഒരു പക്ഷേ ആരും അറിഞ്ഞു കാണില്ല. ഒരു വാര്‍ത്തയെ കൊല്ലുക എന്നു പറയുന്നത് അത്ര വലിയ കാര്യമല്ലല്ലോ. മുത്തൂറ്റ് ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ സമരം നടത്തിയ ഉടന്‍ തന്നെ അവിടുത്തെ സ്ഥാപന മേധാവികള്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക്് വിളിച്ചിട്ട് നിങ്ങള്‍ക്ക് വാര്‍ത്തവേണോ പരസ്യം വേണോ എന്നു ചോദിച്ചുകാണും. കോടിക്കണക്കിന് രൂപയുടെ പരസ്യം തരുന്ന സ്ഥാപനത്തിനെതിരെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച് അതില്ലാതാക്കാന്‍ ആരും ശ്രമിക്കില്ലല്ലോ.. അതിന്റെ തെളിവാണ് ആ വാര്‍ത്തയൊന്നും ഒരു കുഞ്ഞുപോലും അറിയാതെ പോയത്.