താന്‍ കാന്‍സര്‍ ബാധിതയെന്ന് ബോളിവുഡ് താരം സൊനാലി ബെന്ദ്രെ
Bollywood
താന്‍ കാന്‍സര്‍ ബാധിതയെന്ന് ബോളിവുഡ് താരം സൊനാലി ബെന്ദ്രെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 4:01 pm

ന്യൂദല്‍ഹി: താന്‍ അര്‍ബുദ രോഗത്തിന്റെ പിടിയിലാണെന്ന് ബോളിവുഡ് നടി സൊനാലി ബെന്ദ്രെ. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്ന് സൊനാലി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.

ജീവിതം ചിലപ്പോള്‍ ഒരു പന്ത് പോലെ നിങ്ങളെ തട്ടിത്തെറിപ്പിക്കും, ഈയിടെയാണ് ക്യാന്‍സര്‍ എന്റെ ശരീരത്തെ വിഴുങ്ങുന്നതായി വിദഗ്ദ പരിശോധനയിലൂടെ മനസിലായത്.

എന്നാല്‍ താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും താന്‍ നന്ദിയറിയിക്കുന്നു”- എന്നായിരുന്നു സൊനാലിയുടെ കുറിപ്പ്.


Also Read ചെറിയ പ്രായത്തില്‍ തന്നെ ജാതിവിവേചനത്തിന് ഇരയായിട്ടുണ്ട്; ജാതി ഇല്ലെന്ന് പറയുന്നവര്‍ക്ക് ജാതിയെ കുറിച്ച് അറിയില്ലെന്നും പാ രഞ്ജിത്


ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഓരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു.

രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എനിക്ക് കഴിയും- സൊനാലി കുറിച്ചു.

സൊനാലിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി ബോളിവുഡ് താരങ്ങളും രംഗത്ത് വന്നു. സമൂഹമാധ്യമങ്ങളിലെ സൊണാലിയുടെ കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് ബോളിവുഡ് താരങ്ങള്‍ നടിയ്ക്ക് പിന്തുണ അറിയിച്ചത്. നടന്‍ ഇര്‍ഫാന്‍ ഖാന് കാന്‍സറാണെന്ന സ്ഥിരീകരണം അടുത്തിടെ ബോളിവുഡിനെ ഞെട്ടിച്ചിരുന്നു.

ഹം സാത് സാത് ഹൈന്‍, സര്‍ഫറോഷ്, കല്‍ ഹോ ന ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് സൊനാലി.