കോഴിക്കോട്: ആണ്‍കുട്ടികള്‍ക്ക് മാത്രമിരിക്കാവുന്ന ഇരിപ്പിടങ്ങളുമായി ഫാറൂഖ് കോളേജിലെ ലിംഗവിവേചന നടപടികള്‍ വിവാദമാവുന്നു. കോളേജിലുണ്ടായിരുന്ന ഇരിപ്പിടങ്ങളെല്ലാം ഒഴിവാക്കി കോളേജില്‍ പുതിയതായി നിര്‍മ്മിച്ച ഇരിപ്പിടങ്ങളില്‍ “ആണ്‍കുട്ടികള്‍ മാത്രമേ ഇരിക്കാവൂ” എന്ന ബോര്‍ഡ് സ്ഥാപിച്ചതാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോള്‍ ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുന്നത്. യാഥാസ്ഥിതികമായ നിയന്ത്രണങ്ങളില്‍ നേരത്തെ തന്നെ ഫറൂഖ് കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും വിലകല്‍പ്പിക്കാതെ തീര്‍ത്തും യാഥാസ്ഥിതികമായ വിധമുള്ള വിലക്കുകളാണ് കോളേജില്‍ നിലനില്‍ക്കുന്നതെന്ന് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍തന്നെ പറയുന്നു. കോളേജില്‍ ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതും കാന്റീനില്‍ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ലൈബ്രറിയില്‍ ഒന്നിച്ചിരുന്ന് പുസ്തകം വായിക്കുന്നതും ഇവിടെ അനുവദനീയമല്ല.
വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ അടുത്തിടപഴകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കോളേജിലെ ജീവനക്കാര്‍ക്കിടയില്‍ തന്നെ ഒരു വിഭാഗത്തെ കോളേജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇത്തരം “സദാചാര പോലീസുകാര്‍” വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണറിയാന്‍ കഴിയുന്നത്.
ഇത്തരം ജീവനക്കാരെ കൂടാതെ സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ സി.സി.ടി.വി ക്യാമറകളും കോളേജില്‍ സ്ഥാപിച്ചിട്ടുണ്ട്.
കോളേജ് ക്യാമ്പസ്സിലും ഹോസ്റ്റലിലും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തുന്നതെന്നും അനാവശ്യവും യുക്തിരഹിതവുമായ നിയന്ത്രണങ്ങളാണ് അവയെന്നും ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ പരാതി പറയുന്നുണ്ട്.
കോളേജ് അധികൃതരുടെ കടുത്ത നടപടികള്‍ ഭയന്ന് വിദ്യാര്‍ത്ഥികള്‍ ഈ നടപടിക്കെതിരെ പ്രതികരിക്കാന്‍ പരസ്യമായി രംഗത്തെത്തുന്നതില്‍ വൈമുഖ്യം കാണിക്കുന്നുണ്ട് എന്ന് കേളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു.
കോളേജ് മാനേജ്‌മെന്റിന്റെ യാഥാസ്ഥിതികമായ നിലപാടുകളെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് നിയമങ്ങള്‍ അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ കോളേജില്‍ നിന്നും പോവാനാണ് പ്രിന്‍സിപ്പാളില്‍ നിന്നുള്ള മറുപടിയെന്ന് കോളേജിന്റെ നിലപാടുകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ . ഫാറൂഖ് കോളേജിലെനടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയിലും പ്രതിഷേധം ശക്തമാണ്.