മുന്നണിക്കെതിരെ സ്വന്തം മന്ത്രി; യു.ഡി.എഫിന് അഹങ്കാരമെന്ന് ഷിബു ബേബി ജോണ്‍
Kerala
മുന്നണിക്കെതിരെ സ്വന്തം മന്ത്രി; യു.ഡി.എഫിന് അഹങ്കാരമെന്ന് ഷിബു ബേബി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th April 2012, 5:03 pm

തിരുവനന്തപുരം: അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയെ തുടര്‍ന്ന് യു.ഡി.എഫിലും കോണ്‍ഗ്രസിലും ഉരുണ്ടുകൂടിയ പ്രതിസന്ധി ഒഴിയുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നും പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചും അഞ്ചാം മന്ത്രിക്കെതിരെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ കലാപക്കൊടിയുയര്‍ത്തിയതിന് പിന്നാലെ മുന്നണിക്ക് അഹങ്കാരമാണെന്ന ആരോപണവുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്.

പിറവം തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനും അതിലെ ചില നേതാക്കള്‍ക്കും അഹങ്കാരമുണ്ടായതായുള്ള ആരോപണവുമായാണ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്. കേന്ദ്രത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഷിബു ബേബി ജോണ്‍ ഇങ്ങിനെ പറഞ്ഞത്. ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ സര്‍ക്കാറിന് അത് ആപത്താണെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചാം മന്ത്രിയെ ന്യായീകരിച്ച് ഷിബു ബേബിജോണ്‍ സംസാരിച്ചെങ്കിലും മന്ത്രിയുടെ സത്യപ്രതിജ്ഞയിലും അനുബന്ധ രാഷ്ട്രീയ നാടങ്ങളിലുമുള്ള തന്റെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയാണ് ഷിബു ബേബി ജോണ്‍ ചെയ്തിരിക്കുന്നത്.

ഷിബുവിന്റെ പ്രസ്താവനക്ക് പുറമെ മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. എന്നാലിത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് കുറച്ചുകൂടി മികച്ച ഫോര്‍മുല കണ്ടെത്താനാകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ആരും തന്നെ മികച്ചതും എല്ലാവര്‍ക്കും സ്വീകാര്യമായതുമായ ഫോര്‍മുല മുന്നോട്ട് വച്ചില്ലെന്നും ബാബു ചൂണ്ടിക്കാട്ടി.

അതേസമയം മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ ഇന്നലത്തെ സത്യപ്രതിജ്ഞാ ചടങ്ങിലും മന്ത്രിസഭായോഗത്തിലും പങ്കെടുക്കാതെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് രാജി സന്നദ്ധത പ്രകടിപ്പിച്ചതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ എ.കെ.ആന്റണിയെ വിളിച്ചാണ് മന്ത്രിസ്ഥാനത്തുനിന്നുള്ള സ്ഥാനത്യാഗത്തിന് തയ്യാറാണെന്ന് അറിയിച്ചത്. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ വരവോടെ മന്ത്രിസഭയില്‍ മുസ്‌ലീം സമുദായത്തിന്റെ പ്രാതിനിധ്യം ആറെണ്ണമായി. ഈ അതിപ്രസരം കുറയ്ക്കാനും സാമുദായിക സന്തുലിതാവസ്ഥ നിലനിറുത്താനും താന്‍ സ്ഥാനത്യാഗം ചെയ്ത് മാതൃക കാട്ടാന്‍ തയ്യാറാണെന്ന നിലപാടിലാണ് ആര്യാടനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമെ വകുപ്പുകളിലെ അഴിച്ചുപണി അവനാസ നിമിഷം മാത്രം അറിഞ്ഞതില്‍ ചെന്നിത്തല ഏറെ അസ്വസ്ഥനാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ðപങ്കെടുക്കാന്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിð മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചത്.

ചെന്നിത്തലയെ ഒറ്റക്ക് സത്യപ്രതിജ്ഞാവേദിക്ക് അരികിലേക്ക് മാറ്റിനിര്‍ത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സത്യപ്രതിജ്ഞക്കായി 9.50ന് ആണ് ചെന്നിത്തല രാജ്ഭവന്‍ അങ്കണത്തിലെത്തിയത്. ചടങ്ങ് നടക്കുന്ന പന്തലില്‍ എത്തി രണ്ട മിനിറ്റ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തിനടുത്തെത്തുകയും വേദിക്കരികിലേക്ക് മാറ്റിനിര്‍ത്തി കാര്യം അറിയിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ തന്റെ പ്രതിഷേധം ചെന്നിത്തല എ.കെ ആന്റണിയെ വിളിച്ചറിചച്ചതായും റിപ്പോര്‍ട്ടുണ്ട്.

Malayalam News

Kerala News in English