സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ് യുവന്റിസിലേക്ക് കൂടുമാറിയത് വന്‍ തിരിച്ചടി ആയിരിക്കുകയാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്. കാര്യം ക്രിസ്റ്റ്യാനോക്ക് പ്രായം ഏറെയായെങ്കിലും, താരം പോയ വിടവ് നികത്താന്‍ കഴിയുന്ന താരങ്ങളാരും ക്ലബിലില്ല.
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബിലെത്തുമെന്നാണ് കരുതപ്പെട്ടതെങ്കിലും പി.എസ്.ജി വിടണ്ട എന്ന തീരുമാനത്തിലാണ് നെയ്മര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബിന്റെ ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ എംബാപ്പെയെ ക്ലബിലെത്തിക്കാന്‍ ആണ് ആവശ്യം ഉയര്‍ന്നത്. ക്രിസ്റ്റ്യാനോയുടെ വിടവ് നികത്താന്‍ സാധിക്കുന്ന ഏഴ് താരങ്ങളെയാണ് താഴെ ലിസ്റ്റ് ചെയ്യുന്നത്.
7. റോബെര്‍ട്ട് ലെവാന്‍ഡോവിസ്‌കി
ഏറെക്കാലമായി റയലിന്റെ മുന്നേറ്റ നിരയിലേക്ക് വരുമെന്ന് കരുതപ്പെട്ട താരമാണ് ബയണ്‍ മ്യൂണിക്ക് സ്‌ട്രൈക്കറായ ലെവാന്‍ഡോവിസ്‌കി എന്ന ഗോള്‍ മഷിന്‍. എന്നാല്‍ സെന്റര്‍ ഫോര്‍വാര്‍ഡ് ആയി മാത്രം കളിക്കുന്ന ലെവാന്‍ഡോവിസ്‌കി വിങ്ങുകളില്‍ അത്ര വിജയമല്ല. ലോകകപ്പിലും മോശം പ്രകടനം ആയിരുന്നു. എന്നിരുന്നാലും ബെയ്ല്, ബെന്‍സേമ, അസെന്‍സിയോ എന്നിവരടങ്ങുന്ന ആക്രമണ നിരയ്ക്ക് കരുത്തായിരിക്കും ലെവാന്‍ഡോവിസ്‌കിയുടെ വരവ്
6. ഹാരി കെയ്ന്‍
ഭാഗ്യം കൊണ്ടാണ് ഗോളുകളിടിക്കുന്നത് എന്നൊക്കെ വിമര്‍ശകര്‍ പറയുന്നുണ്ടെങ്കിലും ഹാരി കെയ്ന്‍ ഗോളടിക്കുന്നു എന്നത് സത്യമാണ്. ലോകകപ്പില്‍ സുവര്‍ണ്ണ പാദുകവും ഈ ടോട്ടന്‍ഹാം താരം സ്വന്തമാക്കിയിട്ടുണ്ട്. റയലിന്റെ കരുത്തുറ്റ മധ്യനിരയ്ക്കും, വിങ്ങുകള്‍ക്കും കെയ്‌നിന്റെ കാലുകളില്‍ പന്തെത്തിയ്ക്കുക എന്ന ജോലി മാത്രം ചെയ്താല്‍ മതിയാവും. പന്ത് കൃത്യമായി ഈ ഇംഗ്ലീഷ് താരം വലയിലെത്തിക്കും
5. മൊഹമദ് സലാ
ലിവര്‍പൂളിനെ കഴിഞ്ഞ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് സലാ. ഫൈനലില്‍ റയലിന്റെ റാമോസ് ചെയ്ത ഫൗളില്‍ പരിക്കേറ്റ് താരം നേരത്തെ മൈതാനം വിട്ടു. ഈ അസ്വാരാസ്യങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ റയല്‍ മാഡ്രിഡിന്റെ ഫസ്റ്റ് ഒപ്ഷന്‍ തന്നെയാണ് സലാ. വിങ്ങിലും സ്‌ട്രൈക്കിലും തിളങ്ങാന്‍ സലാക്ക് സാധിക്കും. റയലിന്റെ വേഗതയ്ക്കും, കൗണ്ടര്‍ അറ്റാക്കുകള്‍ക്കും അനുയോജ്യനുമാണ്് താരം.
4. പൗലോ ഡൈബാല
അര്‍ജന്റീനക്കാരനായ ഈ യുവന്റസ് താരത്തിന് ലോകകപ്പില്‍ അധികം അവസരങ്ങള്‍ കിട്ടിയിട്ടില്ല. ക്രിസ്റ്റ്യാനോയുടെ വരവോടെ യുവന്റസിന്റെ വിങ്ങില്‍ നിന്നും ഒഴിവാക്കപ്പെടുന്ന താരം ആരാണെന്നും കണ്ടറിയേണ്ടതുണ്ട്. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ശേഷം ലോകതാരം എന്നൊക്കെ തുടക്കത്തില്‍ വിലയിരുത്തപ്പെട്ട ഡൈബാലക്ക് അത് തെളിയിക്കാന്‍ ഏറ്റവും നല്ല അവസരമാണ് റയലിന്റെ ക്യാംപ്
3. നെയ്മര്‍
റയല്‍ പാളയത്തിലെത്തിക്കാന്‍ ഏറ്റവുമധികം ശ്രമിക്കുന്നത് ഈ മുന്‍ ബാഴ്‌സിലോണ താരത്തെയാണ്. പ്രതിഭ കൊണ്ടും വേഗം കൊണ്ടും എതിരാളികളെ നിഷ്പ്രഭരാക്കാന്‍ കഴിയുന്ന നെയ്മറിനെ വാങ്ങാന്‍ പക്ഷേ നിസ്സാര തുക പോര. താരം പി.എസ്.ജിയില്‍ എത്തിയിട്ട് വര്‍ഷം ഒന്നാവുന്നതെ ഉള്ളൂ. ഈ കാരണങ്ങളാണ് താരം റയലില്‍ എത്തുന്നതിന് വിലങ്ങ് തടിയാവുന്നത്. ഇത്രയും വലിയ തുക നെയ്മറിന് വേണ്ടി മുടക്കിയാല്‍ സീസണില്‍ മറ്റ് താരങ്ങളെ ഒന്നും വാങ്ങാന്‍ റയലിന് സാധിക്കാതെ വരും
2. കൈലിന്‍ എംബാപ്പെ
19 വയസ്സേ ഉള്ളൂ എംബാപ്പെക്ക്. ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി. ഉജ്ജ്വല വേഗവും കൃത്യതയും. റയലിന്റെ ആരാധകര്‍ മുഴുവന്‍ ആവശ്യപ്പെടുന്നതും എംബാപ്പെയെ വാങ്ങുവാനാണ്്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ട്. വലിയ തുക തന്നെ മുടക്കേണ്ടി വരും എംബാപ്പെയെ പാളയത്തിലെത്തിക്കാനും. ക്രിസ്റ്റിയാനോയെ പോലെ വിങ്ങുകളിലും സ്‌ട്രൈക്കിലും കളിക്കാന്‍ സാധിക്കുന്ന എംബാപ്പെക്ക് വലിയൊരു ഭാവിയും മുന്നിലുണ്ട്.
1. ഏദന്‍ ഹസാര്‍ഡ്
ക്രിസ്റ്റ്യാനോയുടെ വിടവ് നികത്താന്‍ ഏറ്റവും പ്രാപ്തിയുള്ള താരമാണ് ചെല്‍സിയുടെ ബെല്‍ ജിയന്‍ വിങ്ങര്‍ ഏദന്‍ ഹസാര്‍ഡ്. റയല്‍ ഉന്നമിടുന്നതും ഈ താരത്തെ തന്നെ. എന്നാല്‍ ഹസാര്‍ഡിനെ വാങ്ങാന്‍ ബാഴ്‌സിലോണയും രംഗത്തുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ താരത്തെ വില്‍ക്കുന്നിലെന്ന് ചെല്‍ സിയുടെ പുതിയ കോച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു. മോഹവില കൊടുക്കേണ്ടി വരും ഹസാര്‍ഡിനെ റയലിലെത്തിക്കാന്‍.