പാറശ്ശാലയില്‍ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ പുതിയ സമിതി
Kerala
പാറശ്ശാലയില്‍ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ പുതിയ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2012, 12:46 pm

പാറശാല:പാറശാലയില്‍ സി.പി.ഐ.എം വിട്ടുപോയവര്‍ ആര്‍.ശെല്‍വരാജിന്റെ നേതൃത്വത്തില്‍ പുതിയ ജനകീയ സമിതി രൂപീകരിച്ചു.  പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ജി.ബാലകൃഷ്ണപിള്ള ചെയര്‍മാനായും പാറശാല പഞ്ചായത്ത് മുന്‍ അംഗം വൈ.അംബ്രോസ് കണ്‍വീനറുമായാണ് സമിതി രൂപീകരിച്ചത്.

നെയ്യാറ്റിന്‍കര എംഎല്‍എ സ്ഥാനം രാജിവച്ച ശെല്‍വരാജിനോടൊപ്പം രാജി പ്രഖ്യാപിച്ച ആളാണ് ബാലകൃഷ്ണപിള്ള. പാറശാല മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വൈ. അംബ്രോസ് ഇന്നലെയാണ് രാജിവച്ചത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ കൂടുതല്‍ അംഗങ്ങള്‍ ഇന്നും നാളെയുമായി രാജിവയ്ക്കുമെന്നും ശെല്‍വരാജിന്റെ സമിതിയില്‍ ചേരുമെന്നും സൂചനയുണ്ട്.

സമിതിയെക്കുറിച്ചും ഭാവി നിലപാടിനെക്കുറിച്ചും സംസാരിക്കാന്‍ ശെല്‍വരാജ് നാളെ വൈകിട്ട് രാഷ്ട്രീയ വിശദീകരണയോഗം നടത്തും. ശെല്‍വരാജ്

സി.പി.ഐ.എമ്മില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിച്ചുവരികയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് എം.എല്‍.എയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാലാണ് രാജിയെന്നുമായിരുന്നു ശെല്‍വരാജിന്റെ വിശദീകരണം.

പാര്‍ലമെന്ററി വ്യാമോഹമാണ് സി.പി.ഐ.എമ്മിന്റെ വിഭാഗീയതയ്ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനവും പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളും രാജിവെക്കുന്നതായി ശെല്‍വരാജ് അറിയിക്കുകയായിരുന്നു.

Malayalam news

Kerala news in English