ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചുപൂട്ടി
Middle East
ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചുപൂട്ടി
എഡിറ്റര്‍
Wednesday, 20th December 2017, 1:20 pm

ജിദ്ദ: ഖത്തറുമായുള്ള കാരമാര്‍ഗമുള്ള ഏക അതിര്‍ത്തിയായ സല്‍വ ബോര്‍ഡര്‍ സൗദി അറേബ്യ അടച്ചുപൂട്ടി. ആഗസ്റ്റില്‍ സല്‍വ ബോര്‍ഡര്‍ സൗദി തുറന്നിരുന്നു. പക്ഷെ ഇത്തവണ സ്ഥിരമായി അടച്ചിടാനാണ് സൗദി കസ്റ്റംസ് ഡയറക്ടറേറ്റ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

എട്ടുമാസക്കാലമായി തുടരുന്ന നയതന്ത്ര പ്രശ്‌നം തുടരുന്നതിനിടെയാണ് അതിര്‍ത്തി അടച്ചിടാനുള്ള സൗദി തീരുമാനം.

ജൂണ്‍ അഞ്ചിന് നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേക്ക് അതിര്‍ത്തി അടച്ചിട്ടിരുന്നു. പിന്നീട് ഹജ്ജ് വേളയിലാണ് അതിര്‍ത്തി വീണ്ടും തുറന്നിരുന്നത്. ഇതിനെ ഖത്തര്‍ സ്വാഗതം ചെയ്തിരുന്നു. നേരത്തെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഉപരോധത്തിന്റെ ഭാഗമായി ഖത്തര്‍ പൗരന്മാരോട് രാജ്യം വിടാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഖത്തര്‍ തിരിച്ച് വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ 13ഓളം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ആവശ്യം. ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തണമെന്നും അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നതടക്കമായിരുന്നു നിര്‍ദേശങ്ങള്‍. ഖത്തര്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹിസ്ബുല്ലയെയും പിന്തുണയ്ക്കുന്നുണ്ടെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സൗദി ആരോപണമുന്നയിച്ചിരുന്നു.