Kerala
സമസ്ത പ്രസിഡന്റ് ഉള്ളാള്‍ തങ്ങള്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 01, 07:05 am
Saturday, 1st February 2014, 12:35 pm

[]കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ എന്ന ഉള്ളാള്‍ തങ്ങള്‍ അന്തരിച്ചു.

94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പയ്യന്നൂരിലെ എട്ടിക്കുളത്തുള്ള സ്വവസതിയിലായിരുന്നു അന്ത്യം.

1976 നവംബര്‍ 29 മുതല്‍ അവിഭക്ത സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം സമസ്ത പിളര്‍ന്നതിനെ തുടര്‍ന്ന് സമസ്ത എ.പി വിഭാഗം പ്രസിഡന്റായി.

സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ നിയന്ത്രണത്തിലുള്ള നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയാണ് ഉള്ളാള്‍ തങ്ങള്‍.

കോഴിക്കോട് സുന്നി മര്‍കസ്, മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍, കണ്ണൂര്‍ അല്‍ മഖറുസുന്നിയ്യ, കാസര്‍കോട് സഅദിയ്യ തുടങ്ങിയ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളുടെ വഴികാട്ടിയുമായിരുന്നു ഉള്ളാള്‍ തങ്ങള്‍.

1956 സെപ്തംബറിലായിരുന്നു അദ്ദേഹം സമസ്ത മുശാവറയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ദീര്‍ഘകാലം സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു.

വെല്ലൂര്‍ ബാഖിയാത് സ്വാലിഹതില്‍ നിന്ന ബിരുദം നേടിയ അദ്ദേഹം കഴിഞ്ഞ ആറു പതിറ്റാണ്ടായി ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സയ്യിദ് അബൂബക്കര്‍ ചെറു കുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരിയാണ് പിതാവ്. കുഞ്ഞിബീവിയാണ് മാതാവ്. ഫാത്വിമ കുഞ്ഞിബീവിയാണ് ഭാര്യ.

ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, ഫസമ്മല്‍ കോയമ്മ തങ്ങള്‍, ബീകുഞ്ഞി, മുത്തുബീവി, കുഞ്ഞാറ്റ ബീവി, ചെറിയ ബീവി, റംലബീവി എന്നിവര്‍ മക്കളാണ്.