Kerala
എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Apr 22, 06:35 pm
Tuesday, 23rd April 2013, 12:05 am

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഡി മുരളി അറിയിച്ചു. ഇതാദ്യമായാണ് ഇത്ര നേരത്തേ എസ്.എസ്.എല്‍.സി ഫലം പുറത്തുവരുന്നത്.

11.30ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. പ്‌ളസ് ടു പരീക്ഷാഫലം മേയ് മൂന്നിന് പ്രസിദ്ധീകരിക്കും. []

ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷല്‍ സ്‌കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടാവും.

ഇത്തവണ ഏപ്രില്‍ ആദ്യ വാരത്തോടെ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ പതിവിലും നേരത്തെ തന്നെയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 ന് ആയിരുന്നു ഫലപ്രഖ്യാപനം.

ഇത്തവണ 4,79,650 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 9550 പേര്‍ കൂടുതല്‍. െ്രെപവറ്റായി പരീക്ഷ എഴുതിയത് 5470 പേര്‍.

56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു.

പതിനായിരത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിന് നിയോഗിച്ചിരുന്നത്. നാളെ പരീക്ഷാ ബോര്‍ഡ് യോഗം, ഫലം വിലയിരുത്തും.

ഫലമറിയുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റിന് പുറമെ മാധ്യമങ്ങളിലൂടേയും ഫലമറിയുന്നതിന് സൗകര്യങ്ങള്‍ ഉണ്ടാകും.